ന്യൂഡെൽഹി: (www.kvartha.com) ഭീമൻ കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. നിങ്ങൾ ഗൂഗിൾ പോലൊരു ഭീമൻ കമ്പനിയിൽ ജോലിക്കായി അഭിമുഖം നടത്തുന്നതിനിടെ, കോൾ പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടുവെന്ന് കരുതുക. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ല, കാരണം നിങ്ങളുമായി ഇന്റർവ്യൂ നടത്തുന്ന ആൾ തന്നെ കമ്പനിയുടെ പിരിച്ചുവിടലിന് ഇരയായിയെന്നതാണ് രസകരമായ കാര്യം. അത്തരത്തിലുള്ള ഒരു സംഭവമാണ് മാധ്യമ റിപ്പോർട്ടുകളിൽ ഇപ്പോൾ പുറത്തുവരുന്നത്.
ടെക് ഭീമൻ ഗൂഗിൾ തങ്ങളുടെ 12,000 ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്. കമ്പനിയിലെ പല വകുപ്പുകളിലും ഈ പിരിച്ചുവിടൽ നടക്കുന്നുണ്ട്. ലോഗിൻ പ്രവർത്തിക്കാത്തതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിഞ്ഞതെന്ന് ഒരു ജീവനക്കാരൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തിൽ ഗൂഗിൾ അതീവ രഹസ്യ സ്വഭാവം പുലർത്തുന്നു. കമ്പനിയുടെ ഈ ഞെട്ടിക്കുന്ന നീക്കത്തെക്കുറിച്ച് അതിന്റെ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പോലും അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
ഗൂഗിളിൽ റിക്രൂട്ടറായി ജോലി ചെയ്തിരുന്ന ഡാൻ ലാനിഗൻ-റയാൻ ഒരു ഉദ്യോഗാർഥിയുമായി കോളിലായിരിക്കുമ്പോൾ, പെട്ടെന്ന് കോൾ വിച്ഛേദിക്കപ്പെട്ടു. കമ്പനി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിഞ്ഞതായും റയാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വെബ്‌സൈറ്റിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടയുടൻ തന്റെ ഇമെയിലും ബ്ലോക്ക് ചെയ്‌തതായും റയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ടീമിലെ മറ്റ് ചിലരും തങ്ങളുടെ സിസ്റ്റത്തിൽ നിന്ന് ലോഗ് ഔട്ട് ആയതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്.
Keywords: News,New Delhi,google,Job,Job,Labours,Latest-News,Top-Headlines, Media,Report, Google HR loses job while interviewing candidate, says call was abruptly disconnected