Controversy | സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്, അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ്
Dec 31, 2022, 13:45 IST
തിരുവനന്തപുരം: (www.kvartha.com) സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍. തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണെന്നും ആരോപിച്ചു.
ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെയുള്ള തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
പൊലീസിന്റെ അന്വേഷണ റിപോര്‍ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സതീശന്‍ പറഞ്ഞു. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സിപിഎമിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍കറിന്റെ ബഞ്ച് ഓഫ് തോട്സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്കെതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.
ആര്‍ എസ് എസ് ആശയങ്ങളുമായി ചേര്‍ന്നുനിന്ന് ഇന്‍ഡ്യന്‍ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സിപിഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും, ഇതില്‍ എന്ത് ധാര്‍മികതയാണുള്ളതെന്നും സതീശന്‍ ചോദിച്ചു.
Keywords: Opposition against CPM's decision to make Saji Cherian minister again, Thiruvananthapuram, News, Politics, Congress, CPM, Criticism, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.