നൈനിറ്റാൾ: (www.kvartha.com) ഒരു ബില്യൺ പ്രകാശവർഷം അകലെയുള്ള ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന വലിയ ഊർജ പ്രകാശമായ ഗാമാ റേ ബർസ്റ്റുകൾ (GRBs) അപ്രതീക്ഷിതമായി കണ്ടെത്തി ഗവേഷകർ. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) ലെയും റോമിലെയും ശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്.
ഇതാദ്യമായാണ് ക്ഷീരപഥത്തിന്റെ വിദൂരഭാഗത്തുള്ള ഈ സംഭവം കണ്ടെത്തിയത്. സ്വർണം, പ്ലാറ്റിനം തുടങ്ങിയ ഘനലോഹങ്ങളെ മനസിലാക്കാൻ ഇത് സഹായിക്കും. ഗാമാ റേ പൊട്ടിത്തെറിയുടെ ഉത്ഭവവും എളുപ്പത്തിൽ അറിയാൻ കഴിയും. ഇത് പ്രപഞ്ചത്തിന്റെ അത്ഭുതകരമായ പ്രതിഭാസമാണെന്ന് ആര്യഭട്ട ഒബ്സർവേഷണൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ച ഡോ. ശശിഭൂഷൺ പാണ്ഡെ പറഞ്ഞു.
GRB 211211A എന്നാണ് ശാസ്ത്രജ്ഞർ ഇതിന് പേരിട്ടിരിക്കുന്നത്. ARIES-ന്റെ 3.6 മീറ്റർ (DOT) ഒപ്റ്റിക്കൽ ടെലിസ്‌കോപ്പ് ഇത് കണ്ടെത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബഹിരാകാശത്ത് സ്ഥാപിച്ച ഹബിൾ ടെലിസ്‌കോപ്പും ഈ സംഭവം നിരീക്ഷിച്ചു. 'പ്രപഞ്ചത്തിൽ ഭയാനകമായ സ്ഫോടനാത്മക സംഭവങ്ങൾ നടക്കുന്നു. അതിനെ കുറിച്ച് ഇന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് ഗാമാ റേ ബേസ്റ്റ്. ഇതിൽ, വലിയ നക്ഷത്രങ്ങൾ പരസ്പരം കൂടിച്ചേരുന്നു', ഡോ. പാണ്ഡെ വ്യക്തമാക്കി.
അവ പരസ്പരം കൂട്ടിയിടിക്കുമ്പോൾ, ഒരു വലിയ സ്ഫോടനം ഉണ്ടാകുകയും ഉയർന്ന ഊർജത്തിൽ പ്രകാശമാനമായ പ്രകാശം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അത്തരം സ്ഫോടനങ്ങളിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറത്തുവിടുന്ന ഊർജം സൂര്യന്റെ ആജീവനാന്ത ഊർജത്തേക്കാൾ കൂടുതലാണ്. ഈ കണ്ടെത്തലിൽ ഊർജ സ്ഫോടനം ഒരു മിനിറ്റോളം നീണ്ടുനിന്നു. സാധാരണയായി സ്ഫോടനങ്ങൾ ഏകദേശം രണ്ട് സെക്കൻഡ് മാത്രമാണ് സംഭവിക്കാറുള്ളത്. സ്വർണം, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങൾ രൂപപ്പെടുന്നത് കൂറ്റൻ നക്ഷത്രങ്ങളുടെ സ്ഫോടനത്തിലൂടെ മാത്രമാണ്. ഈ ലോഹങ്ങളുടെ രൂപീകരണ പ്രക്രിയ മനസിലാക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
Keywords: Discovery of ARIES and Rome scientists in milky way universe; big secrets revealed, international,News,Top-Headlines,Latest-News,Science,Researchers, Scientist.