Follow KVARTHA on Google news Follow Us!
ad

ഖത്തര്‍ ലോകകപ്പ് 2022: ഫുട്‌ബോള്‍ ലഹരിക്ക് ഞായറാഴ്ച കിക്കോഫ്

FIFA World Cup Qatar Begins on Sunday, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-അബു കാസര്‍കോട്

(www.kvartha.com) ഫുട്‌ബോള്‍ സുനാമി ആഞ്ഞടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കണ്ണും കാതും ഖത്തറിലേക്ക് കൂര്‍പ്പിച്ച് വെച്ച് വിസിലിന് കാതോര്‍ത്തിരിക്കുകയാണ് ലോകം. പാതിരായാമമെന്നോ തണുത്ത് വിറയ്ക്കുന്ന പുലര്‍ച്ചയെന്നോയില്ലാതെ ലോകം ഒന്നടങ്കം കാല്‍പന്ത് കളിയുടെ ചൂടിലമരുന്നു. ആരാണ് പോന്ന ലോകകപ്പ് വിജയി, ഫ്രാന്‍സോ അര്‍ജന്റീനയോ ബ്രസീലോ ജര്‍മ്മനിയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി വരുന്ന പോര്‍ച്ചുഗലോ സ്‌പെയിനോ പുതിയ ഫുട്‌ബോള്‍ ശക്തിയും ഇന്ന് ഫിഫ റാങ്കിങ്ങില്‍ ഒന്നാമതുള്ള ബെല്‍ജിയം അല്ലെങ്കില്‍ മറ്റേതെങ്കിലും പുതുക്കക്കാരോ?.
          
#FIFA-World-Cup-2022, Article, Top-Headlines, Sports, Football Player, Football, FIFA-World-Cup-2022, Fifa, World, World Cup, Qatar, Abu Kasaragod, Cristiano Ronaldo, Leonal Messi, Gulf, Players, FIFA World Cup Qatar 2022, FIFA World Cup Qatar Begins on Sunday.

ഇപ്പോള്‍ ലോകം ഒരേ സ്വരത്തിലുന്നയിക്കുന്ന ചോദ്യമിതാണ്. ഖത്തറിലെ സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും തടിച്ച് കൂടുന്ന ഫുട്‌ബോള്‍ പ്രേമികള്‍ വെറും നിസ്സഹായര്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ടെലിവിഷനുകള്‍ക്ക് മുന്നില്‍ ഉറക്കമിളിച്ചും ആര്‍പ്പുവിളികളോടെ ഫുട്‌ബോള്‍ കളിയുടെ മാസ്മരികത കാണാന്‍ കാത്തിരിക്കുന്നത് കോടിക്കണക്കിന് ജനങ്ങളാണ്. വിസിലൂത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ആതിഥേയരായ ഖത്തറും തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.

നാലുവര്‍ഷക്കാലം നാട്ടുനനച്ചു വളര്‍ത്തിയ പ്രതീക്ഷകളുടെ കൊയ്ത്തുത്സവമാണ് ഖത്തറിലിപ്പോള്‍. ഖത്തറിലെ ഈ ആവേശക്കാഴ്ചയില്‍ ലോകം ഒത്തൊരുമയുടെ കുപ്പായമണിയുന്നു. ഇവിടെ നാം ഒന്നും ചിന്തിക്കുന്നില്ല. ചെറു രാജ്യങ്ങളെ കൊന്നൊടുക്കിയ യുദ്ധ ഭ്രാന്തന്മാരുടെ നാടെന്നോ ഇന്ത്യയെ വെറുക്കന്നവരുടെ രാഷ്ട്രമെന്നോ നോക്കാതെയാണ് കാല്‍പന്ത് കളിയുടെ മികവിനെ മാത്രം നോക്കിക്കണ്ട് രാഷ്ട്രങ്ങള്‍ക്ക് ഒന്നടങ്കം പിന്തുണ പ്രഖ്യാപിക്കുന്നത്.
              
#FIFA-World-Cup-2022, Article, Top-Headlines, Sports, Football Player, Football, FIFA-World-Cup-2022, Fifa, World, World Cup, Qatar, Abu Kasaragod, Cristiano Ronaldo, Leonal Messi, Gulf, Players, FIFA World Cup Qatar 2022, FIFA World Cup Qatar Begins on Sunday.

കളി ഇപ്പോള്‍ പണ്ടത്തെ പോലെയല്ല, ഭംഗിയോടെ കളിക്കാനും ശരീര ചേഷ്ടയിലൂടെ കളത്തില്‍ നിറയാനുമുള്ളതും മാറി. ഭംഗിയോടെ കളിച്ച് തോല്‍ക്കുന്നതിനേക്കാള്‍ നല്ലത് ഭംഗി ഇല്ലാതെ കളിച്ച് ജയിക്കുന്നതാണ് എന്നാണ് ഇപ്പോള്‍ എല്ലാ പരിശീലകരുടെയും പക്ഷം.

ദീര്‍ഘനാളത്തെ തയ്യാറെടുപ്പും അധ്വാനവും നാട്ടുകാരുടെ പ്രതീക്ഷയും വെറുതെ അങ്ങ് കളഞ്ഞു കുളിക്കാന്‍ ആരും വിശേഷിച്ച് പരിശീലകര്‍ തയ്യാറാവില്ല. ഈ കണക്ക് കൂട്ടലുകളെ അതിജീവിക്കുന്ന കളിക്കാരുണ്ടാവുമ്പോഴാണ് ലോകകപ്പ് പോലുള്ള ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം കെങ്കേമമാകുന്നത്. സമനിലകളുടെ ശൂന്യഭാവം എടുത്തണിയുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഉണ്ടായിട്ടുണ്ട്. അത്യുക്തികള്‍ക്കിടയിലും ഈ വിരസഭാവം നമുക്ക് കാണാനാവും. ഖത്തര്‍ 2022 അങ്ങനെയാവില്ലെന്ന് തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോറിങ് മികവുള്ള കളിക്കാര്‍ അണിനിരക്കുന്ന ലോകകപ്പാണിത്. രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഒഴികെ യൂറോപ്പില്‍ നിന്നും കോപ്പ അമേരിക്കയില്‍ നിന്നും ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് മികച്ച സ്‌കോറിങ് മികവുള്ള കളിക്കാര്‍ അണിനിരക്കുന്ന ടീമുകള്‍ തന്നെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ജര്‍മ്മന്‍ ബുണ്ടസ്ലിഗ ലീഗിലും ലാ ലീഗയിലും സീരി എ യിലും മറ്റ് പ്രമുഖ യൂറോപ്പ്യന്‍ ലീഗിലും കളിക്കുന്ന ഒട്ടുമിക്ക കളിക്കാരും ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാനുള്ള അവസരത്തിനായി സന്നാഹങ്ങളോടെ കാത്തിരിക്കുകയാണ്.

ഫുട്‌ബോള്‍ തന്നെ ആഘോഷമാണ്, ലോകകപ്പാണെങ്കില്‍ ആവേശം കൊടുമുടി കയറും. അപ്പോള്‍ പിന്നെ ഗോളടിക്കുന്നവന്റെ കാര്യം പറയണോ?. ആ പൂരമാണ് വരാനിരിക്കുന്നത്. ചിറക് വിടര്‍ത്തി പറന്ന് ഇറങ്ങുന്ന ലയണല്‍ മെസ്സിയും മൃഗചേഷ്ടകള്‍ അനുകരിക്കുന്ന റൊണാള്‍ഡോയുമെല്ലാം ഇക്കുറി അവരുടെ പുതിയ ശൈലികള്‍ സമ്മാനിച്ചേക്കാം. ഗോളിനേക്കാള്‍ ആവേശം പരത്തുന്ന പുതിയ നമ്പറുകള്‍ അണിയറയില്‍ ഇനിയും ഒരുങ്ങി ഇരിപ്പുണ്ടാവും.

മറ്റെല്ലാ പറച്ചിലുകളും മാറ്റി വെക്കുക, ഇക്കുറിയും ബ്രസീലും അര്‍ജന്റീനയും തന്നെയാണ് കാണികളുടെയും വാതുവെപ്പുകാരുടെയും പ്രിയപ്പെട്ട ടീം. പോന്ന പ്രാവശ്യത്തെ ജേതാക്കളായ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, ഡെന്മാര്‍ക്ക് മുതലായവയ്ക്കും സാധ്യത കല്‍പിക്കുന്നു. ഫിഫ റാങ്കിങ്ങില്‍ മുന്‍ നിരയിലുണ്ടായിരുന്ന ബെല്‍ജിയവും സാധ്യത ടീമാണ്. കപ്പ് നേടിയില്ലെങ്കിലും പിന്‍ നിരക്കാരുടെ കൂട്ടത്തില്‍ നിന്ന് കാമറൂണിനെപ്പോലെ പഴയ വടക്കന്‍ കൊറിയയെപ്പോലെ സെനഗലിനെപ്പോലെ ആരെയും അത്ഭുതപ്പടുത്തിക്കൊണ്ട് ചെറിയ ടീം മുന്നിലെത്തിയേക്കാം?.

കോവിഡ് മഹാമാരിയില്‍ നിശ്ചലമായ ലോകം, പതിവ് ജീവിതത്തിലേക്ക് പതിയെ എത്തുമ്പോള്‍ ഇന്ന് അറേബ്യന്‍ മണ്ണ് ഉത്സവ ലഹരിയില്‍ അമര്‍ന്നിരിക്കുകയാണ്. 91 വര്‍ഷം പാരമ്പര്യമുള്ള ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ വേറിട്ട ലോകകപ്പിനാണ് വേദിയാവുന്നത്. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി തയ്യാറെടുപ്പുകളെല്ലാം നൂറ് ശതമാനവും പൂര്‍ത്തിയായിട്ട് ആറ് മാസത്തിലധികമായി. ഇതിന് മുമ്പ് നടന്ന പല ലോകകപ്പിലും പണി മുഴുമിക്കാനായി ഫിഫക്ക് സംഘാടകരുടെ നേരെ കണ്ണുരുട്ടേണ്ടി വന്നിട്ടുണ്ട്.

മധ്യ പൗരസ്ത്യ ദേശത്തിന് ഫുട്‌ബോള്‍ ലോകകപ്പ് എന്ന മനോഹര സ്വപ്നം എന്നാകും സാക്ഷാത്കരിക്കാന്‍ കഴിയുക? ഞങ്ങളുടെ നാടിനും സംസ്‌കാരത്തിനും ഈ ലോക മാമാങ്കം എത്രത്തോളം വലുതും പ്രിയപ്പെട്ടതുമാണെന്ന് നിങ്ങള്‍ക്ക് എപ്പോഴാകും ബോധ്യപ്പെടുക? ഫിഫയുടെ മുമ്പാകെ ലോകകപ്പിനുള്ള ഫൈനല്‍ അപേക്ഷ സമര്‍പ്പിച്ച് കൊണ്ട് ഖത്തറിന്റെ പ്രഥമ വനിത ഷെയ്ഖ മൂസ ബിന്‍ത് നാസര്‍ നടത്തിയ വൈകാരിക പ്രസംഗം ഫിഫ സംഘടനയും ലോകവും ഇന്നും മറന്നിട്ടുണ്ടാവില്ല.

2021 ഡിസംബറില്‍ ഖത്തറില്‍ ലോകകപ്പിനായി തയ്യാറാക്കിയ ആറ് സ്റ്റേഡിയങ്ങളില്‍ അരങ്ങേറിയ അറബ് കപ്പ് പോരാട്ടത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഡ്രസ് റിഹേഴ്‌സലായാണ് ലോകം കണ്ടത്. ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കോടി ഡോളര്‍ ചിലവിട്ട് നിര്‍മിച്ച ലുസൈല്‍ സ്റ്റേഡിയവും ഉദ്ഘാടന വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയവും ലോക കായിക രംഗത്തെ വിസ്മയമായി മാറിയിരിക്കുന്നു.

യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും വിജയം കോവിഡിന് ശേഷം ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് പൂര്‍ണ സൗകര്യമൊരുക്കി 22-ാമത് ലോകകപ്പ് വര്‍ണാഭവമാക്കനുള്ള ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്നതാണ്. കളിക്കളത്തില്‍ രണ ഭേരി മുഴങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം. ആവേശത്തിന്റെ ആ തിരമാലകളില്‍ നമുക്കും നീന്തിത്തുടിക്കാം.

Keywords: #FIFA-World-Cup-2022, Article, Top-Headlines, Sports, Football Player, Football, FIFA-World-Cup-2022, Fifa, World, World Cup, Qatar, Abu Kasaragod, Cristiano Ronaldo, Leonal Messi, Gulf, Players, FIFA World Cup Qatar 2022, FIFA World Cup Qatar Begins on Sunday.
< !- START disable copy paste -->

Post a Comment