ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ രണ്ടാമത്തെ 'വിഭജന ഭീതി അനുസ്മരണ ദിനം' രാജ്യമെങ്ങും ആചരിക്കുമ്പോൾ ഇതിനോടനുബന്ധിച്ച് 1947ലെ വിഭജനത്തെക്കുറിച്ചുള്ള വീഡിയോ പുറത്തിറക്കി മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെതിരെ ബിജെപി രംഗത്തെത്തി. പാകിസ്താൻ സൃഷ്ടിക്കാനുള്ള മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യങ്ങൾക്ക് ജവഹർലാൽ നെഹ്‌റു വഴങ്ങിയെന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കുറ്റപ്പെടുത്തുന്നു. ഇൻഡ്യയുടെ സാംസ്കാരിക പൈതൃകം, നാഗരികത, മൂല്യങ്ങൾ എന്നിവയെക്കുറിച്ചൊന്നും അറിവില്ലാത്ത ഒരാളെ (റാഡ്ക്ലിഫ്) എങ്ങനെയാണ് ആഴ്ചകൾക്കകം ഇൻഡ്യയെ വിഭജിക്കാൻ അനുവദിച്ചതെന്നും ബിജെപി വിഡിയോയിൽ ചോദിക്കുന്നുണ്ട്.

അതേസമയം ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഓഗസ്റ്റ് 14ന് വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിച്ചതിന് പിന്നിലെ പ്രധാനമന്ത്രിയുടെ യഥാർഥ ഉദ്ദേശം വെളിപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രടറി ജയറാം രമേശ് പറഞ്ഞു. വേദനാജനകമായ ചരിത്ര സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ആധുനിക സവർകർമാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗാന്ധി, നെഹ്‌റു, പട്ടേൽ തുടങ്ങിയവരുടെയും രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിൽ അക്ഷീണരായ പലരുടെയും പാരമ്പര്യം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർകർ ആണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവ്. ജിന്ന അത് പൂർണമാക്കി. വിഭജനത്തിന് നാം തയാറായില്ലെങ്കിൽ ഇൻഡ്യ അനേകം ഭാഗങ്ങളായി ചിതറിപ്പോകുമെന്നും സമ്പൂർണമായി നശിച്ചുപോകുമെന്നും സർദാർ പട്ടേൽ എഴുതിയിട്ടുണ്ട്. ശരത് ചന്ദ്ര ബോസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബംഗാൾ വിഭജനത്തിനായി നിലകൊള്ളുകയും പിന്നീട് പ്രഥമ സർകാരിന്റെ ഭാഗമാവുകയും ചെയ്ത ജന സംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയെ പ്രധാനമന്ത്രി ഓർക്കുന്നുണ്ടോയെന്നും ജയറാം രമേശ് ചോദിച്ചു.
ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഓഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 1947-ൽ ബ്രിടീഷുകാർ ഇൻഡ്യയെ വിഭജിച്ചതിന് ശേഷം പാകിസ്താൻ പ്രത്യേക രാജ്യമായി മാറി. തുടർന്നുണ്ടായ വർഗീയ കലാപത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.