ന്യൂഡെല്‍ഹി: (www.kvartha.com) ബീഹാറില്‍ മഹാസഖ്യത്തിന്റെ പുതിയ സര്‍കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പ്രതികരണവുമായി രംഗത്തെത്തി. 'ഐക്യവും ശക്തവുമായ പ്രതിപക്ഷം' എന്ന ആഹ്വാനം അവര്‍ ആവര്‍ത്തിച്ചു. പ്രാദേശിക പാര്‍ടികളെ അസ്ഥിരപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ബിജെപിയുടെ അത്യാര്‍ത്തിയുടെ ഫലമാണ് ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിയെന്നും അവര്‍ ആരോപിച്ചു.
'ആദ്യം അസ്ഥിരപ്പെടുത്താനും പിന്നീട് പ്രാദേശിക പാര്‍ടികളെ ഇല്ലാതാക്കാനും അവരുടെ ഇടം പിടിച്ചെടുക്കാനുമുള്ള ബിജെപിയുടെ അഭിനിവേശത്തിന്റെ ഫലമാണ് ബിഹാറിലെ രാഷ്ട്രീയ പുനഃക്രമീകരണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇതേ കളിയാണ് ബിജെപി കളിക്കുന്നത്. ഒറ്റക്കെട്ടായ പ്രതിപക്ഷത്തിന് മാത്രമേ ഇതിനെ തടയാന്‍ കഴിയൂ,' ആല്‍വ ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍ഖറിനോട് പരാജയപ്പെട്ടതിന് ശേഷം, തെരഞ്ഞെടുപ്പില്‍ ബിജെപിയെ 'നേരിട്ടോ പരോക്ഷമായോ' പിന്തുണച്ച പ്രതിപക്ഷ പാര്‍ടികളെ മാര്‍ഗരറ്റ് ആല്‍വ ആക്ഷേപിക്കുകയും ഇത് ഒരു സംയുക്ത പ്രതിപക്ഷമെന്ന ആശയം തെറ്റിക്കാനുള്ള ശ്രമമാണെന്ന് പറയുകയും ചെയ്തു.
'ഈ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഭൂതകാലത്തെ ഉപേക്ഷിച്ച് പരസ്പരം വിശ്വാസം വളര്‍ത്താനുമുള്ള അവസരമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ചില പ്രതിപക്ഷ പാര്‍ടികള്‍ നേരിട്ടോ അല്ലാതെയോ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു, ഒരു സംയുക്ത പ്രതിപക്ഷമെന്ന ആശയം അട്ടിമറിക്കാനുള്ള ശ്രമമാണത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ പാര്‍ടികളും അവരുടെ നേതാക്കളും അവരുടെ സ്വന്തം വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നാണ് എന്റെ വിശ്വാസം', അവര്‍ ട്വീറ്റിലൂടെ ആരോപിച്ചു.
അതേസമയം, ബിഹാറിലെ തകർച ഉറപ്പായിരുന്നുവെന്ന് രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. അധികാരത്തിനുവേണ്ടി മാത്രമാണ് ജെഡിയുവും ബിജെപിയും സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഗോവയിലായാലും മധ്യപ്രദേശിലായാലും മഹാരാഷ്ട്രയിലായാലും ബിജെപിക്ക് സ്വേച്ഛാധിപത്യ സ്വഭാവമാണ് ഉണ്ടായിരുന്നതെന്നും ഗെലോട് പറഞ്ഞു.
ബിഹാറിലെ എന്‍ഡിഎ സഖ്യം തകര്‍ന്നത് നല്ല തുടക്കമാണെന്ന് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു, 'ഉടന്‍ തന്നെ രാഷ്ട്രീയ പാര്‍ടികളും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളും ബിജെപിക്കെതിരെ തിരിയുമെന്ന് ഞാന്‍ കരുതുന്നു.', അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
Keywords: New Delhi, India, News, Top-Headlines, BJP, Bihar, Politics, Political party, Twitter, NDA, Chief Minister, Margaret Alva reacts after Nitish Kumar dumps BJP in Bihar.
Margaret Alva reacts | പ്രാദേശിക പാര്‍ടികളെ അസ്ഥിരപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ബിജെപിയുടെ അത്യാര്‍ത്തിയുടെ ഫലമാണ് ബീഹാറിലേതെന്ന് മാര്‍ഗരറ്റ് ആല്‍വ; 'ഒറ്റക്കെട്ടായ പ്രതിപക്ഷത്തിന് മാത്രമേ ബിജെപിയുടെ കളികളെ തടയാന്‍ കഴിയൂ'
Margaret Alva reacts after Nitish Kumar dumps BJP in Bihar#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍