സുക്രേ: (www.kvartha.com) മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതുകൊണ്ട് മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി 30 കാരനായ വിക്ടര്‍ ഹ്യൂഗോ മിക ആല്‍വരസ്. ബൊളീവിയയിലെ എല്‍ ആല്‍ടോ എന്ന സ്ഥലത്താണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. ഒരു ആചാരത്തിന്റെ ഭാഗമായി ഇയാളെ ഭൂമിക്ക് ബലി നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉറങ്ങിയ ഇയാളെ ശവപ്പെട്ടിയില്‍ അടച്ചിരുന്നെങ്കിലും മൂത്രമൊഴിക്കാനായി എഴുന്നേറ്റ വിക്ടര്‍ രക്ഷപ്പെടുകയായിരുന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
സംഭവം നടക്കുന്നതിന് തലേ ദിവസം വിക്ടര്‍ കാര്യമായി മദ്യപിച്ചിരുന്നുവെന്നും അന്ന് 'മദര്‍ എര്‍ത് ഫെസ്റ്റിവലി'ന്റെ ആരംഭ ദിനവുമായിരുന്നുമാണ് വിവരം. അന്നേ ദിവസം തദ്ദേശീയവര്‍ ദേവിയ്ക്ക് കാണിക്കയര്‍പ്പിക്കാറുണ്ട്. ജീവനുള്ള മൃഗങ്ങളും മധുരവുമടക്കം പലതും ദേവിയ്ക്ക് സമര്‍പിക്കാറുണ്ട്. താന്‍ ദേവിയ്ക്കുള്ള നരബലിയായിരുന്നു എന്നാണ് വിക്ടര്‍ പറയുന്നത്.
'കഴിഞ്ഞ രാത്രി ഞാന്‍ ഉത്സവര്‍ത്തിന് പോയി കുടിച്ച് നൃത്തം ചെയ്തു. പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല. ഓര്‍മ വന്നപ്പോള്‍ കിടക്കയിലാണെന്ന് കരുതി മൂത്രമൊഴിക്കാനായി എഴുന്നേറ്റു. പക്ഷേ, എനിക്ക് ചലിക്കാനായില്ല. അപ്പോഴാണ് കിടക്കുന്നത് വേറെവിടെയോ ആണെന്ന് മനസ്സിലായത്. ആഞ്ഞുതള്ളി ശവപ്പെട്ടിയുടെ ഗ്ലാസ് തകര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് പുറത്തുകടന്നത്. ഗ്ലാസ് തകര്‍ന്നപ്പോള്‍ ഉള്ളിലേക്ക് ചളി വീണു. താന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല.'- വിക്ടര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.