ജയ്പൂർ: (www.kvartha.com) സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കന്നുകാലികളിൽ പടരുന്ന ചർമമുഴ (Lumpy Skin Disease) രോഗത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെലോട്. രോഗം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർകാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലികളെ രക്ഷിക്കാൻ കേന്ദ്രസർകാർ സാമ്പത്തികവും ആവശ്യമായ സഹായവും നൽകണമെന്നും രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനത്തെ കന്നുകാലി ഉടമകൾ ക്ഷമയോടെയിരിക്കണമെന്നും രോഗ നിയന്ത്രണത്തിലും പ്രതിരോധത്തിലും സംസ്ഥാന സർകാരുമായി സഹകരിക്കാൻ ഗോശാല നടത്തിപ്പുകാരോടും ജനപ്രതിനിധികളോടും സന്നദ്ധ സംഘടനകളോടും ഗെലോട്ട് അഭ്യർഥിച്ചു. നേരത്തെ ഗുജറാതിലും വലിയതോതിൽ ഈ രോഗം കണ്ടെത്തിയിരുന്നു.
രാജസ്താനിലെ കർഷകരുടെ ജീവനാഡിയാണ് കന്നുകാലികളെന്ന് ഗെലോട്ട് പറഞ്ഞു. നൂറ്റാണ്ടുകളായി ഇടയന്മാർ കന്നുകാലികളുടെ ശക്തിയിൽ പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പോരാടുന്നു. സംസ്ഥാനത്തിന്റെ വിലയേറിയ കന്നുകാലി സമ്പത്തിന്റെ പ്രാധാന്യം നിലനിർത്താനും അവരുടെ വികസനത്തിനും കന്നുകാലി ഉൽപാദന വളർച്ചയ്ക്കും ഒപ്പം അവർക്ക് തൊഴിൽ മാർഗങ്ങൾ നൽകി സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും സംസ്ഥാന സർകാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്താൻ, ഗുജറാത്, തമിഴ്‌നാട്, ഒഡീഷ, കർണാടക, കേരളം, അസം, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ പല സംസ്ഥാനങ്ങളിലും കന്നുകാലികളിൽ ചർമമുഴ രോഗം പടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജയ്സാൽമീർ, ജലോർ, ബാർമർ, പാലി, സിരോഹി, നാഗൗർ, ശ്രീ ഗംഗാനഗർ, ഹനുമാൻഗഡ്, ജോധ്പൂർ, ചുരു, ജയ്പൂർ, സിക്കാർ, ജുൻജുനു, ഉദയ്പൂർ, അജ്മീർ, ബികാനീർ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1.21 ലക്ഷം മൃഗങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 94,000 മൃഗങ്ങളുടെ ചികിത്സയ്ക്ക് ശേഷം 42,000 എണ്ണം സുഖം പ്രാപിച്ചു. 4000ത്തിലധികം എണ്ണം ചത്തു.
എന്താണ് ചർമമുഴ?
കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന വൈറൽ രോഗമാണ് ചര്‍മമുഴ. പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പനി, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം, വായിൽ നിന്നും ഉമിനീർ, ശരീരമാസകലം മുഴകൾ, പാലുത്പാദനം കുറയാൽ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Lumpy skin disease | രാജസ്താനിലും കന്നുകാലികളിൽ ചർമമുഴ രോഗം പടരുന്നു; 4000ത്തിലധികം എണ്ണം ചത്തു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്
Lumpy skin disease spreads to 16 Rajasthan districts, kills 4,000 cattle#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍