Follow KVARTHA on Google news Follow Us!
ad

Flag hoisting rules | ഹര്‍ ഘര്‍ തിരംഗ ക്യാംപയിൻ: ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Indian Flag hoisting rules#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യമെമ്പാടും 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിന്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍, അർധസർകാർ സ്ഥാപനങ്ങളിലും മറ്റും ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്.
  
Thiruvananthapuram, India, News, Top-Headlines, National Flag, Flag, Freedom, Government, Prime Minister, President, Students, Indian Flag hoisting rules.


പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദേശീയപതാകയോടുള്ള ആദരവു പുലർത്തുന്ന രീതിയില്‍ വേണം പതാക ഉയര്‍ത്തൽ. 2002ലെ ഇൻഡ്യൻ പതാക നിയമം അനുസരിച്ച് കോടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകളാണ് ഉയര്‍ത്തേണ്ടത്. ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം രാപ്പകല്‍ ഭേദമന്യേ പതാക ഉയര്‍ത്തിയിടത്തു തന്നെ നിലനിർത്താം. കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം ഉയര്‍ത്തേണ്ടത്. ദേശീയപതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല.

കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്. ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങി പ്രത്യേകമായി നിയമം മൂലം അനുവദിക്കപ്പെട്ടവര്‍ക്കല്ലാതെ വാഹനത്തില്‍ പതാക സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും നിയമം അനുശാസിക്കുന്നു.


ഹര്‍ ഘര്‍ തിരംഗ

ആഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്റെ ഭാഗമായി വീടുകളിലും കെട്ടിടങ്ങളിലും ദേശീയപതാക ഉയര്‍ത്താനാണ് കേന്ദ്ര -സംസ്ഥാന സര്‍കാരുകളുടെ നിര്‍ദ്ദേശം.

ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ ജില്ലയിലും വിപുലമായി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി തൃശൂർ ജില്ലാ കലക്ടര്‍ ഹരിത വി കുമാർ അറിയിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടര ലക്ഷത്തോളം പതാകകള്‍ നിര്‍മിച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്‌കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സംഘടനകളും വ്യത്യസ്തമായ പരിപാടികളാണ് നടത്തിവരുന്നത്.

Post a Comment