Follow KVARTHA on Google news Follow Us!
ad

Electricity Amendment Bill | വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിർത്ത്‌ പ്രതിപക്ഷം; ഫെഡറൽ ഘടനയ്‌ക്കെതിരാണെന്ന് ആരോപണം; സബ്‌സിഡി പിൻവലിക്കില്ലെന്ന് ഊർജ മന്ത്രി

Electricity Amendment Bill introduced in Lok Sabha amid protests; Oppn slams Centre#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) വൈദ്യുതി വിതരണ മേഖലയിൽ മാറ്റങ്ങൾ വരുത്താനും നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്താനും സംവിധാനം യോജിപ്പിക്കാനും നിർദേശിച്ചിട്ടുള്ള വൈദ്യുതി ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഊർജ മന്ത്രി ആർകെ സിങ് ആണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപെടെ പ്രതിപക്ഷ പാർടികൾ ബിലിനെ എതിർക്കുകയും ഫെഡറൽ ഘടനയ്‌ക്കെതിരാണെന്ന് ആരോപിക്കുകയും ചെയ്തു.
  
New Delhi, India, News, Top-Headlines, Electricity, Lok Sabha, Minister,Congress, Latest-News, Electricity Amendment Bill introduced in Lok Sabha amid protests; Oppn slams Centre.

ഫെഡറൽ ഘടനയെ ലംഘിക്കുന്ന ബിൽ അവതരിപ്പിക്കുന്നതിനെ എതിർക്കുന്നുവെന്ന് ആർഎസ്പിയുടെ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. വൈദ്യുതി വിഷയം കൺകറന്റ് ലിസ്റ്റിലാണ് വരുന്നതെന്നും അതിനാൽ എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട കക്ഷികളുമായും ഈ വിഷയം ചർച ചെയ്യേണ്ടതുണ്ടെന്നും എന്നാൽ അത് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിലിലെ വ്യവസ്ഥകൾ ഉപഭോക്താക്കളുടെയും കർഷകരുടെയും താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതു അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്വകാര്യ കംപനികൾക്ക് വഴിയൊരുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ബിലിലൂടെ യഥാർഥ നിയമത്തിന്റെ ലക്ഷ്യങ്ങളെ ബാധിച്ചേക്കാമെന്ന് കോൺഗ്രസിന്റെ മനീഷ് തിവാരി പറഞ്ഞു. ഇത് സ്വകാര്യവൽക്കരണത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ബിൽ സഹകരണ ഫെഡറലിസത്തെ വ്യക്തമായി ലംഘിക്കുന്നതും സംസ്ഥാന സർകാരുകളുടെ അധികാരങ്ങളെ തുരങ്കം വയ്ക്കുന്നതുമാണെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഡിഎംകെയുടെ ടിആർ ബാലുവും വൈദ്യുതി ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനെ എതിർക്കുകയും ഇത് ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.

എന്നാൽ ഈ ബിലിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി ആർകെ സിംഗ് പറഞ്ഞു. സബ്‌സിഡി പിൻവലിക്കുന്നില്ലെന്നും കർഷകർക്ക് ലഭിച്ചിരുന്നത് തുടർന്നും ലഭിക്കുമെന്നും ഈ വിഷയത്തിൽ ഓരോ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട കക്ഷികളുമായും ചർച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബിൽ കർഷകരുടെ താൽപര്യത്തിനും ജനങ്ങളുടെ താൽപര്യത്തിനും വൈദ്യുതി മേഖലയ്ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

'വൈദ്യുതി ഭേദഗതി ബിൽ, ജനങ്ങൾക്ക് അനുകൂലവും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർചയ്ക്കും വേണ്ടിയാണ്. സബ്‌സിഡി വ്യവസ്ഥകളിൽ മാറ്റമില്ല. സംസ്ഥാനത്തിന് ഏത് വിഭാഗം ഉപഭോക്താക്കൾക്കും എത്ര വേണമെങ്കിലും സബ്‌സിഡി നൽകാം. സൗജന്യ വൈദ്യുതി പോലും സാധ്യമാണ്. കർഷകരെ ബാധിക്കുന്ന വ്യവസ്ഥകളൊന്നുമില്ല', മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.

Keywords: New Delhi, India, News, Top-Headlines, Electricity, Lok Sabha, Minister, Congress, Latest-News, Electricity Amendment Bill introduced in Lok Sabha amid protests; Oppn slams Centre.

Post a Comment