ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യ തലസ്ഥാനത്ത് പട്ടം പറത്തല്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി. എന്നാല്‍ പട്ടംപറത്താന്‍ ഉപയോഗിക്കുന്ന ചൈനീസ് സിന്തറ്റിക് ചരടായ മാഞ്ച നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കണമെന്ന് കോടതി ഡെല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ചൈനീസ് മാഞ്ച നിരോധനം സംബന്ധിച്ച് കാലാകാലങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച റെയ്ഡുകള്‍ വര്‍ധിപ്പിക്കുമെന്ന് ഡെല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെയാണ് അഭിഭാഷകന്‍ അറിയിച്ചത്.
'ഡെല്‍ഹിയിലെ എന്‍സിടി ഗവണ്‍മെന്റ് ഇതിനകം തന്നെ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്, ചൈനീസ് മാഞ്ച നിരോധിച്ചതായി ഇതിനകം തന്നെ അറിയിപ്പുണ്ട്. 2017 മുതല്‍ 255 കേസുകളുണ്ട്', ഡെല്‍ഹിയിലെ പൊലീസ് അഭിഭാഷകന്‍ സഞ്ജയ് ലാവോ കോടതിയെ അറിയിച്ചു. പട്ടം പറത്തല്‍ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പറഞ്ഞു. 'രാജ്യത്ത് പട്ടം പറത്തല്‍ ഒരു ഉത്സവമാണ്. അത് മതവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഹരജിക്കാരന്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം കാണണം,' ശര്‍മ പറഞ്ഞു.
ചൈനീസ് മാഞ്ചയുടെ ലഭ്യതയും വില്‍പനയും തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാന്‍ ഡെല്‍ഹി പൊലീസിനോട് കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. 2006ല്‍ പട്ടം ചരട് കുരുങ്ങി വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അപകടമുണ്ടായതായി അഭിഭാഷകനായ സന്‍സര്‍ പാല്‍ സിംഗ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പട്ടം ചരട് മൂലം നിരവധി ആളുകള്‍ക്കും പക്ഷികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
2016 മുതല്‍ പട്ടം ചരടുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി 10 ലധികം കേസുകള്‍ പൊലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. പട്ടം ചരട് മൂലം കഴിഞ്ഞ മാസം 25ന് ഡെല്‍ഹിയിലെ ഹൈദര്‍പൂര്‍ മേല്‍പാലത്തില്‍ ഉണ്ടായ അപകടത്തില്‍ സുമിത് രംഗയ്ക്ക് (30) ജീവന്‍ നഷ്ടപ്പെട്ടു, 'ലോഹ-പൊടി പൂശിയ ചരടിന്റെ ഉപയോഗം തടയാന്‍ ഡെല്‍ഹി പൊലീസ് കഴിഞ്ഞ വര്‍ഷം ഉപദേശം നല്‍കിയിരുന്നു. പട്ടം ചരട് മൂലം അപകടം സംഭവിക്കുമ്പോള്‍ കുറ്റവാളിയെ പിടികൂടുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നത് തികച്ചും അസാധ്യമായതിനാല്‍ സമ്പൂര്‍ണ നിരോധനം മാത്രമാണ് ഏക പരിഹാരമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
Delhi HC Verdict | പട്ടം പറത്തല്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി; ചൈനീസ് നിർമിത 'മാഞ്ച' ചരടുകളുടെ നിരോധനം നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം
Delhi HC junks plea seeking ban on kite flying, asks cops to ensure Chinese manjha ban is enforced#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍