Follow KVARTHA on Google news Follow Us!
ad

The story of Berlin | മാര്‍ക്സിയന്‍ പ്രസ്ഥാനങ്ങളെ ചങ്ങാത്തമുതലാളിത്തവും ആഗോളഫന്‍ഡിങും കീഴ്പ്പെടുത്തുമ്പോള്‍ ബര്‍ലിന്‍ ഒരു തോറ്റുപോയ സമരത്തിന്റെ പേരാണ്

Berlin is the name of a losing struggle as crony capitalism and global funding subjugate Marxian movements, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-ഭാമ നാമത്ത്

കണ്ണൂര്‍: (www.kvartha.com) എംഎന്‍ വിജയന്‍ മാഷിനോടൊപ്പം സിപി എമിനെ വലതുപക്ഷ വ്യതിയാനത്തില്‍നിന്നും തിരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട ഉള്‍പാര്‍ടി സമരത്തില്‍ മുന്നണിപോരാളിയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വിജയന്‍ മാഷിനെക്കാളും തിരുത്തല്‍ മൂവ്മെന്റിന് പ്രത്യയശാസ്ത്ര ദൃഡത നല്‍കിയത് കുഞ്ഞനന്തന്‍നായരുടെ ആഴമേറിയ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിലുള്ള അറിവായിരുന്നു. ഇതാണ് പിണറായി ഉള്‍പ്പെടെയുള്ള ഔദ്യോഗിക നേതാക്കളെ ഭയപ്പെടുത്തിയത്. 
                 
Latest-News, Top-Headlines, CPM, Politics, Political Party, Berlin Kunjananthan Nair, Story, LDF, Pinarayi-Vijayan, Ministers, Marxian Movements, Berlin is the name of a losing struggle as crony capitalism and global funding subjugate Marxian movements.

എം എന്‍ വിജയനെക്കാള്‍ അപകടകാരിയാണ് ബര്‍ലിനെന്നു പാര്‍ടി തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ ബര്‍ലിനെ എങ്ങനെയെങ്കിലും പുകച്ചു ചാടിക്കാന്‍ സാമം, ഭേദം, ദണ്ഡം എന്നിങ്ങനെ മൂന്ന് പ്രയോഗങ്ങളും കണ്ണൂരിലെ പാര്‍ടി നേതാക്കള്‍ പയറ്റി. അതു ഒടുവില്‍ വിജയം കാണുകയും ചെയ്തു. യഥാര്‍ഥത്തില്‍ വിഎസ് ഏറ്റെടുത്ത സമരമായിരുന്നില്ല നാലാംലോകവിവാദവും ആഗോളഫന്‍ഡിങും. എം എന്‍ വിജയന്‍ മാഷും ബര്‍ലിനും പാര്‍ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രത്യയശാസ്ത്രവിഷയം വിഭാഗീയ ഏറ്റുമുട്ടലിനിടെ പിണറായിയെയും കൂട്ടരെയും അടിക്കാന്‍ വിഎസ് ഒരു വടിയാക്കി മാറ്റുകയായിരുന്നു.

കൈയാളുകളെ ഒറ്റതിരിഞ്ഞു ഒതുക്കി എന്നാല്‍ ഇതിനെതിരെ പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎ ബേബിയും തോമസ് ഐസകും വളരെ ബുദ്ധിപരമായാണ് നേരിട്ടത്. വിഎസിന്റെ ഇടവും വലവും നിന്ന വിജയന്‍ മാഷ്, ബര്‍ലിന്‍, ഷാജഹാന്‍, സുരേഷ് കുമാര്‍ എന്നിവരെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു അവര്‍. കമ്യൂണിസ്റ്റ് പാര്‍ടിയിലങ്ങനെയാണ് ചരിത്രം. പാര്‍ടിയോട് ഇടഞ്ഞാല്‍ ഏതുകൊലകൊമ്പനായാലും പിന്നെ കരതൊടില്ല. സാമൂഹ്യബഹിഷ്‌കരണം, അസഭ്യം പറയലും താറടിക്കലും, ഇതിലൊന്നും ഒതുങ്ങുന്നില്ലെങ്കില്‍ ടിപി ചന്ദ്രശേഖരനെ നേരിട്ടതുപോലെ ഇനോവയും 51 വെട്ടുമെത്തും. ബര്‍ലിനെ സംബന്ധിച്ചു ഇതില്‍ പറഞ്ഞ മൂന്നാമത്തെ കാര്യം ചെയ്യാന്‍ കഴിയാത്തതു കൊണ്ടു ബാക്കി രണ്ടും കണ്ണൂരിലെ നേതാക്കള്‍ അവരുടെ തനതുശൈലിയില്‍ ചെയ്തു.

ഇതുവരെ എവിടെയും പ്രയോഗിക്കാത്ത കടുപ്പത്തിലാണ് ബര്‍ലിനെ നേരിട്ടത്. വയോധികനായ ആഗോളകമ്യൂണിസ്റ്റിനെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല പാര്‍ടി ബര്‍ലിനെ കൈകാര്യം ചെയ്തതെന്നു നാലാംലോക വിവാദക്കാലത്ത് ഇറങ്ങിയ ദേശാഭിമാനി പത്രം പരിശോധിച്ചാല്‍ കാണാം. ബകുന (ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍) എന്ന ചുരുക്കപേരിലാണ് പരിഹാസത്തോടെ ശതമന്യുവെന്ന പേരില്‍ കോളമെഴുതിയിരുന്നയാള്‍ ബര്‍ലിനെ വിശേഷിപ്പിച്ചിരുന്നത്. 2005-ല്‍ ബര്‍ലിനെ പുറത്താക്കിയപ്പോള്‍ സിപി എം നാറാത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗത്തില്‍ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിലാണ് നേതാക്കള്‍ പ്രസംഗിച്ചത്.

പുകഞ്ഞുപോയ പിണറായി:

പാര്‍ടി സംസ്ഥാനസെക്രടറിയായ പിണറായി വിജയന് മുഖത്ത് ഏറ്റ അടികളൊന്നായിരുന്നു ബര്‍ലിന്‍ മാതൃഭൂമിയിലെഴുതിയ ആത്മഥകഥയായ പൊളിച്ചെഴുത്ത്. പാര്‍ടി പ്രവര്‍ത്തകര്‍മാര്‍ പോലും അതുവായിക്കാനായി കാത്തുനിന്നു. അതില്‍ ഒളിക്യാമറകള്‍ പറയാത്തത് എന്ന അധ്യായത്തില്‍ വീണാവിജയനെ അമൃതാനന്ദമയിയുടെ സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍ ചേര്‍ക്കാന്‍ കോയമ്പത്തൂരില്‍ പോകുന്നത് എസ്എഫ്‌ഐ, ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വാശ്രയ കോളജിനെതിരെ സമരം നടത്തി തെരുവില്‍ ചോരയൊഴുക്കുമ്പോഴാണെന്ന് പ്രത്യേകം പറയുന്നുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികളോട് പാര്‍ടി അനീതികാണിച്ചുവെന്ന ബര്‍ലിന്റെ പരാമര്‍ശനം പലരെയും പൊളളിച്ചു.

1967-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ യോഗത്തില്‍നിന്നും ഇറങ്ങിവന്ന 16 പേരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റുകാരനായ വിഎസിനൊപ്പം പാര്‍ടി വിഭാഗീയതകാലത്ത് കൂടെ നിന്നുവെന്നായിരുന്നു കണ്ണൂര്‍ സിപി. എമിനെ ബര്‍ലിനെതിരാക്കിയ പ്രധാന ഘടകം. പാര്‍ടി സംസ്ഥാനസെക്രടറിയായ പിണറായി വിജയനെ മൂന്നാംലോക വിവാദത്തില്‍ ബര്‍ലിന്‍ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുകയും തന്റെ പൊളിച്ചെഴുത്ത് എന്ന ആത്മകഥയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പാര്‍ടികോടതിയുടെ കുറ്റപത്രം. സാധാരണയായി വധശിക്ഷ വിധിക്കേണ്ടതായിരുന്നുവെങ്കിലും വന്ദ്യവയോധികനായാല്‍ മാനസികമായി കൊന്നാല്‍ മതിയെന്നു പാര്‍ടി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബര്‍ലിനെതിരെ കടുത്ത ബഹിഷ്‌കരണം നടന്നത്.

ഇളനീര് കുടിക്കാതെ വി എസ്:

വി. എസിനോട് കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ ബര്‍ലിന്റെ വീട്ടില്‍ പോയി സന്ദര്‍ശിക്കരുതെന്ന് പാര്‍ടി സംസ്ഥാനസെക്രടറിയും ഉഗ്രപ്രതാപിയുമായ പിണറായി വിജയന്‍ വിലക്കിയത് അന്നത്തെ വിവാദമായ സംഭവങ്ങളിലൊന്നായിരുന്നു. എന്നാല്‍ വിഎസ് ഇതിനു പുല്ലുവിലകല്‍പിച്ചുകൊണ്ടു അവിടെ പോവുകയും ബര്‍ലിനെ സന്ദര്‍ശിക്കുകയും ചെയ്തു. ബര്‍ലിന്‍ വച്ചുനീട്ടിയ ഇളനീര്‍ വിഎസ് കുടിക്കാഞ്ഞത് പാര്‍ടിവിലക്ക് കാരണമാണെന്ന പ്രചാരണം എരിതീയില്‍ എണ്ണപകരുന്നതുപോലെയായി മാറി. 

സിപിഎം കോട്ടയായ നാറാത്ത് ബര്‍ലിന് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെ പാല്‍, പത്രം, മത്സ്യം, വാഹനസൗകര്യം എന്നിവ നിഷേധിക്കപ്പെട്ടു. പാര്‍ടിയെ പേടിച്ചു കടക്കാര്‍ സാധനങ്ങള്‍ വില്‍ക്കാതെയായി. ബര്‍ലിന്റെ വീട്ടിലുള്ള വൈദ്യുതി ലൈന്‍മാത്രം എപ്പോഴും തകരാറിലായി. വീട്ടില്‍ പോസ്റ്റുമാന്‍ ദിവസവും എത്തിച്ചു നല്‍കുന്ന വധഭീഷണികത്തുകള്‍ മാത്രം ബാക്കിയായി. ഇങ്ങനെ ഏറെക്കാലം ഒറ്റപ്പെട്ടുകഴിയുമ്പോഴാണ് സിപിഎമിലെ വിഭാഗീയതയുടെ പെരുംമഴ തീര്‍ന്നത്. ആയുധംവെച്ചു കീഴടങ്ങിയ വിഎസ് വെറും ഭരണഘടനപരിഷ്‌കാര ചെയര്‍മാനായി വിശ്രമ ജീവിതം നയിച്ചു. ഇതോടെ ബര്‍ലിനെ പാര്‍ടിയിലേക്ക് അടുപ്പിക്കാനുള്ള നയതന്ത്രം കണ്ണൂരിലെ പാര്‍ടി പുറത്തെടുത്തു. 

2005-ല്‍ പുറത്താക്കിയ പാര്‍ടി അംഗത്വം 2015-ല്‍ തിരിച്ചുനല്‍കുകയും വയോധികനായ ബര്‍ലിനെ പൂര്‍ണമായ തോതില്‍ പാര്‍ടി ഏറ്റെടുക്കുകയും പുറത്തുളള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ബര്‍ലിന്റെ വീട്ടിലേക്ക് ആരെങ്കിലും കോള്‍ ചെയ്താല്‍ അതുപോലും പാര്‍ടി അറിയുന്ന സംവിധാനത്തിലേക്ക് ബര്‍ലിന്റെ അവസാനകാല ജീവിതം മാറിയിരുന്നു.

Keywords: Latest-News, Top-Headlines, CPM, Politics, Political Party, Berlin Kunjananthan Nair, Story, LDF, Pinarayi-Vijayan, Ministers, Marxian Movements, Berlin is the name of a losing struggle as crony capitalism and global funding subjugate Marxian movements.
< !- START disable copy paste -->

Post a Comment