ന്യൂഡെൽഹി: (www.kvartha.com) ഒരു പുരുഷനുമായി ബന്ധം പുലർത്തുകയും അയാളോടൊപ്പം സ്വമേധയാ ജീവിക്കുകയും ചെയ്ത ഒരു സ്ത്രീക്ക് ബന്ധം വഷളായതിന് ശേഷം ബലാത്സംഗക്കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട അൻസാർ മുഹമ്മദ് എന്നയാൾക്ക് ഡിവിഷൻ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചു.
പരാതിക്കാരിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹരജിക്കാരന്റെ കൂടെ താമസിച്ചിരുന്നതെന്നും അതിനാൽ, ഇപ്പോൾ ബന്ധം തുടരുന്നില്ലെങ്കിൽ, ഐപിസി 376 (2) വകുപ്പ് പ്രകാരം കുറ്റത്തിന് എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ രാജസ്താൻ ഹൈകോടതി യുവാവിന് ജാമ്യം നിഷേധിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് യുവതിയുമായി ബന്ധത്തിലേർപ്പെട്ടതെന്നും അവൾക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവ് അംഗീകരിച്ചതായി മെയ് 19ന് രാജസ്താൻ ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ച് കൊണ്ട് പറഞ്ഞിരുന്നു. എന്നാൽ, ഹൈകോടതി വിധി, സുപ്രീം കോടതി റദ്ദാക്കി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇരുവരും നാല് വർഷമായി ബന്ധത്തിലായിരുന്നുവെന്നും യുവതി അൻസാറിനൊപ്പം താമസിക്കാൻ തുടങ്ങുമ്പോൾ അവൾക്ക് 21 വയസായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ മാത്രമാണ് ഈ നിരീക്ഷണമെന്നും അന്വേഷണം മുന്നോട്ട് പോകുമെന്നും ബെഞ്ച് വ്യക്തമാക്കി.
SC Verdict | സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ പുരുഷനെതിരെ സ്ത്രീക്ക് ബലാത്സംഗക്കേസ് നൽകാനാവില്ലെന്ന് സുപ്രീം കോടതി
Woman who willingly stayed with man can't lodge assault case when relationship turns sour: Supreme Court#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്