മുംബൈ: (www.kvartha.com) ഹോസ്റ്റലിന് സവര്‍കറുടെ പേരിടുന്നതിനെതിരെ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്. മുംബൈ സര്‍വകലാശാലയിലെ കലിന ക്യാംപസിലെ പുതിയ അന്താരാഷ്ട്ര സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന് ഛത്രപതി രാജര്‍ഷി ഷാഹു മഹാരാജിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. കഴിഞ്ഞയാഴ്ച കെട്ടിടം ഉദ്ഘാടനം ചെയ്യവേ ഹോസ്റ്റലിന് വിനായക് ദാമോദര്‍ സവര്‍കറുടെ പേരിടണമെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ഛത്ര ഭാരതി വിദ്യാര്‍ഥി സംഘടനയും ഓള്‍ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷനും (AISF) മുംബൈ യൂനിവേഴ്സിറ്റി വിസി ഡോ. സുഹാസ് പെഡ്നേകെറിനും സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കും കത്തെഴുതുകയായിരുന്നു. കൂടുതല്‍ പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ ഈയാവശ്യവ്യമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്.
ഹോസ്റ്റലിന് ഒരു വ്യക്തിയുടെ പേരിടണമെങ്കില്‍, അദ്ദേഹം ജാതി-സമുദായ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുകയും തുല്യതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം എന്ന് വിദ്യാര്‍ഥികൾ പറഞ്ഞു. 1922-ല്‍ മുംബൈയില്‍ അന്തരിച്ച ഛത്രപതി ഷാഹു മഹാരാജിന്റെ ശതാബ്ദി വര്‍ഷമാണ് ഇതെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരിടണമെന്നും രണ്ട് വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെടുന്നു.
ഛത്രപതി രാജര്‍ഷി ഷാഹു മഹാരാജാണ് സംസ്ഥാനത്ത് ഹോസ്റ്റലുകള്‍ എന്ന ആശയം ആരംഭിച്ചത്, അതിനാല്‍ അദ്ദേഹത്തിന്റെ പേര് ഹോസ്റ്റലിന് നല്‍കാന്‍ ഇതിലും നല്ല സമയമില്ലെന്ന് ഛത്ര ഭാരതി വിദ്യാര്‍ഥി സംഘടനയുടെ വര്‍കിംഗ് പ്രസിഡന്റ് രോഹിത് ധലെ പറഞ്ഞു. 'എല്ലാ ജാതിയിലും സമുദായങ്ങളിലും ഉള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കി വിദേശത്ത് ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അദ്ദേഹം സഹായിച്ചു. സമത്വത്തെ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമല്ലാതെ മറ്റൊരു പേരും ഈ ഹോസ്റ്റലിന് അനുയോജ്യമല്ല', അദ്ദേഹം വ്യക്തമാക്കി.
ഛത്രഭാരതി മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്. നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്‍ഡ്യ (NSUI), സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ (SFI), പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയന്‍ (PSU) എന്നിവയ്ക്ക് ഇവര്‍ കത്തെഴുതി, തങ്ങളുടെ പ്രതിഷേധം തീരുമാനിക്കാന്‍ ഉടന്‍ തന്നെ പുതുതായി ഉദ്ഘാടനം ചെയ്ത ഹോസ്റ്റല്‍ കെട്ടിടത്തിന് പുറത്ത് യോഗം ചേരാനും പദ്ധതിയിട്ടിട്ടുണ്ട്.
വിദ്യാര്‍ഥി സമൂഹത്തില്‍ യോഗങ്ങളും ഒപ്പ് ക്യാംപയിനുകൾ നടത്തിയും വലിയ പ്രചാരണം സംഘടിപ്പിക്കാന്‍ എഐഎസ്എഫ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. 'ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന് സവര്‍കറുടെ പേര് നല്‍കി മുംബൈ സര്‍വകലാശാലയില്‍ ആര്‍എസ്എസ്, ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ച ലോകരാജ ഛത്രപതി രാജര്‍ഷി ഷാഹു മഹാരാജിന് പ്രാധാന്യം നല്‍കുന്നതാണ് നല്ലത്', ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ ശേഷം വിദ്യാര്‍ഥി സംഘടനയുടെ മുംബൈ സെക്രടറി അമീര്‍ കാസി പറഞ്ഞു.
കോലാപൂര്‍ നാട്ടുരാജ്യത്തിന്റെ ആദ്യ മഹാരാജാവായിരുന്ന ഛത്രപതി രാജര്‍ഷി ഷാഹു മഹാരാജ് ജനാധിപത്യവാദിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായി കണക്കാക്കപ്പെടുന്നു. സംവരണ സമ്പ്രദായം, എല്ലാ ജാതിക്കാര്‍ക്കും വിദ്യാഭ്യാസ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ പുരോഗമന നയങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ നടപ്പാക്കി.
Controversy over name | ഹോസ്റ്റലിന് സവര്‍കറുടെ പേരിടുന്നതിനെതിരെ ഇടതുപക്ഷത്തിന്റേത് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്; ഛത്രപതി രാജര്‍ഷി ഷാഹു മഹാരാജിന്റെ പേരിടണമെന്ന് ആവശ്യം
Not Savarkar, student bodies pick another name for hostel#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍