ന്യൂഡെൽഹി: (www.kvartha.com) ആദായ നികുതി റിടേൺ ഫയൽ (ITR filing) ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അതിന് മുമ്പ്, ആദായനികുതിദായകൻ പരിശോധിക്കേണ്ട ചില രേഖകളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഫോം 26എഎസ് (26AS). ഇതിൽ ഒരു നികുതിദായകന്റെ എല്ലാ തരത്തിലുള്ള നികുതി സംബന്ധമായ വിവരങ്ങളും അടങ്ങിയിരിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ വരുമാനത്തിൽ നിന്ന് കിഴിച്ച് സർകാരിൽ നിക്ഷേപിച്ച TDS (Tax Deducted at Source) തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഫോം 26 എഎസിൽ അടങ്ങിയിരിക്കുന്നു. കംപനി നിങ്ങളുടെ പാൻ നമ്പറിനൊപ്പം, കിഴിച്ച തുക സർകാരിൽ അടയ്ക്കുന്നു. ശമ്പളത്തിന് പുറമെ നിങ്ങൾ നിക്ഷേപിച്ചിട്ടുള്ള പലിശ വരുമാനത്തിലും മുൻകൂർ നികുതിയിലും ബാങ്ക് കിഴിച്ച TDS സംബന്ധിച്ച വിവരങ്ങളും ഫോം ഫോം 26 എഎസിലുണ്ടാവും.
നിങ്ങൾ ഒരു കാർ വാങ്ങുകയാണെങ്കിൽ, ഡീലർ നിങ്ങളിൽ നിന്ന് TCS (Tax Collected at Source) കുറയ്ക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ അടയ്‌ക്കുന്ന മൊത്തം തുകയുടെ ഒരു ശതമാനം ടിസിഎസ് ആയി ശേഖരിക്കുന്നു. ഇതിന് പകരമായി, ഡീലർ നിങ്ങൾക്ക് ഫോം 27D നൽകും. നിങ്ങളിൽ നിന്ന് എടുത്ത ടിസിഎസ് തുകയെക്കുറിച്ചുള്ള വിവരങ്ങളും ഫോം 26 എഎസിലാണ്. വിവിധ കാരണങ്ങളാൽ ഫോം 26 എഎസിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റായിരിക്കാം. തെറ്റായ വിവരങ്ങളുടെ തിരുത്തൽ ആവശ്യമാണ്. തെറ്റായ വിവരങ്ങളുടെ കാരണം എന്താണെന്നതിനെ ആശ്രയിച്ചിരിക്കും തിരുത്തൽ പ്രക്രിയ.
ഉദാഹരണത്തിന് നിങ്ങളുടെ പാൻ നമ്പർ ഉപയോഗിച്ച് സർകാരിൽ നികുതി നിക്ഷേപിക്കുന്നതിൽ നിങ്ങളുടെ കംപനിയോ ബാങ്കോ പിഴവ് വരുത്തിയിരിക്കാം. ഇത് സംഭവിക്കുകയാണെങ്കിൽ, കംപനിയുമായോ ബാങ്കുമായോ ബന്ധപ്പെട്ട് ടിഡിഎസ് വിവരങ്ങൾ മാറ്റം വരുത്താൻ ആവശ്യപ്പെടണം. നിങ്ങൾ വീണ്ടും ശരിയായ വിവരങ്ങളോടെ ടിഡിഎസ് റിടേൺ ഫയൽ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ഫോം 26 എഎസിൽ ശരിയായ വിവരങ്ങൾ കാണാം.
നിങ്ങൾ ശമ്പളം വാങ്ങുകയും നിങ്ങളുടെ കംപനി ടിഡിഎസ് കുറയ്ക്കുകയും ഫോം 26 എഎസിൽ തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്താൽ, അത് ശരിയാക്കാൻ നിങ്ങൾ തൊഴിലുടമയെ ബന്ധപ്പെടണം. ബാങ്ക് എഫ്ഡി പലിശയിൽ നികുതി കുറച്ചതിനെ കുറിച്ച് തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ, അത് തിരുത്താൻ നിങ്ങൾ ബാങ്കിൽ അഭ്യർഥിക്കണം. നികുതിദായകന്റെ ഫോം 26 എഎസും വ്യക്തി സമർപിച്ച ഐടിആറും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ, അത് അന്വേഷണത്തിൽ കലാശിച്ചേക്കാം.
ജൂലൈ 31നകം നിങ്ങൾ മുൻ സാമ്പത്തിക വർഷത്തെ (2021-22) ആദായ നികുതി റിടേൺ ഫയൽ ചെയ്തില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. അതിനാൽ, റിടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ഫോം 26 എഎസിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിക്കണം. അബദ്ധം പറ്റിയാൽ, റിടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് അത് തിരുത്താവുന്നതാണ്. പരിശോധനയ്ക്ക് //www(dot)incometax(dot)gov(in)in/iec/foportal സന്ദർശിക്കുക.
Fix errors | ആദായനികുതി റിടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുത്തുവരുന്നു; ഫോം 26 എഎസ് ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; കൂടുതൽ അറിയാം
Income Tax Return: fix errors in Form 26AS#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍