ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രത്തിന്റെ രജിസ്‌ട്രേഷന്‍ ചട്ടക്കൂടില്‍ ഉള്‍പെടാത്ത ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിനായി കേന്ദ്രസര്‍കാര്‍ ബില്‍ തയ്യാറാക്കുന്നതായി റിപോര്‍ട്. 2019-ലെ പ്രസ്, ആനുകാലിക രജിസ്‌ട്രേഷന്‍ ബില്‍ ഭേദഗതികളോടെ കേന്ദ്രം ഉടന്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിലവില്‍ പത്രങ്ങളെ നിയന്ത്രിക്കുന്ന 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് ആക്ടിന് പകരമായാണ് ബില്‍ വരുന്നത്. ഇത് പാസായാല്‍, ഡിജിറ്റല്‍ ന്യൂസ് വെബ്സൈറ്റുകള്‍ പത്രങ്ങള്‍ക്ക് തുല്യമായി വരും. നിയമം പ്രാബല്യത്തില്‍ വന്ന് 90 ദിവസത്തിനുള്ളില്‍ ഓൺലൈൻ മാധ്യമങ്ങൾ പ്രസ് രജിസ്ട്രാര്‍ ജനറലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
ഭേദഗതികളോടെ, ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങൾ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാകും. ഏത് ഇലക്ട്രോണിക് ഉപകരണത്തിലൂടെയുമുള്ള ഡിജിറ്റല്‍ മീഡിയയിലെ വാര്‍ത്തകള്‍ ഉള്‍പെടുത്തുന്നതിനായി ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. നിയമലംഘനങ്ങള്‍ക്ക് വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടാകും.
അധികാരികള്‍ക്ക് രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ റദ്ദാക്കുകയോ ചെയ്യാനും നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താനും കഴിയും. പ്രസ് കൗണ്‍സില്‍ ഓഫ് ഇൻഡ്യയുടെ ചെയര്‍പേഴ്സണ്‍ ചീഫ് ആയി അപീല്‍ ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിലിന് പ്രധാനമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ട മറ്റുള്ളവരും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു.
ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോൺ, കംപ്യൂടര്‍ തുടങ്ങിയവയിലൂടെ അയക്കുന്ന വീഡിയോ, ഓഡിയോ, ഗ്രാഫിക്‌സ് ഉള്ളടക്കങ്ങളാണ് ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള വാര്‍ത്തകളെന്ന് നിര്‍വചിക്കുന്ന ബിലിന്റെ കരട് 2019-ല്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. ബില്‍ നിര്‍ദേശിച്ചപ്പോള്‍, ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന് പലരും വാദിച്ചതോടെ അത് വിവാദത്തിന് കാരണമായി. എന്നാൽ ഇതുസംബന്ധിച്ച ബിലാണ് സർകാർ ഇപ്പോൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബിൽ പാസാകുന്നതോടെ ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും.
നേരത്തെ കേന്ദ്രസർകാർ നിർദേശപ്രകാരം കോഡ് ഓഫ് എതിക്‌സിന്റെ ഭാഗമായി ഡിജിറ്റൽ മാധ്യമങ്ങൾ ഗ്രീവൻസ് കൗൺസിൽ ഉണ്ടാക്കി സർകാരിൽ സമർപിച്ചിരുന്നു. ഉള്ളടക്കങ്ങൾ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള വിദഗ്ദ സമിതിയാണിത്. ഇന്‍ഡ്യയിൽ നിന്ന് മൂന്നാമതായി ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗന്‍സിലിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോന്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്‍ഡ്യ (കോം ഇന്‍ഡ്യ) യിൽ അംഗങ്ങളായ ഡിജിറ്റൽ മാധ്യമങ്ങളാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Central Govt Bill | ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്‍ കേന്ദ്രസർകാർ തയ്യാറാക്കുന്നതായി റിപോര്‍ട്
Centre revives bill to regulate digital news media: Reports#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍