Follow KVARTHA on Google news Follow Us!
ad

AKG Center Attack |എ കെ ജി സെന്ററിന് നേരെ ബോംബ് ആക്രമണം; തീക്കളിയെന്ന് മുതിര്‍ന്ന നേതാക്കള്‍


തിരുവനന്തപുരം: (www.kvartha.com) സി പി എം സംസ്ഥാന കമിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോംബേറ്. എ കെ ജി സെന്ററിലെ ഹോളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. 

ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സംഭവം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് പി കെ ശ്രീമതിയും സി പി എം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം തീക്കളിയെന്ന് എംഎ ബേബിയും പറഞ്ഞു. 

അരാജക അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചപ്പോള്‍, ആക്രമണം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.

എ കെ ജി സെന്ററിനെതിരായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കണ്ണൂരിലും സുരക്ഷ ശക്തമാക്കി. നൈറ്റ് പട്രോളിങ് ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. കണ്ണൂര്‍ ഡി സി സി ഓഫിസിനും സി പി എം ജില്ലാ കമിറ്റി ഓഫിസിനും സുരക്ഷ വര്‍ധിപ്പിച്ചു.

News,Kerala,State,attack,Criticism,CPM,AKG center,Congress,Leaders, Politics,party,Top-Headlines,AKG center attack Condemned senior leaders



എം എ ബേബി

എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം തീ കളിയാണ്. സി പി എം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. സമാധാനത്തോടെ വേണം ഈ ആക്രമത്തെ സമീപിക്കാന്‍. പ്രകോപനപരമായി പ്രതികരിക്കാന്‍ പാടില്ല, കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് കലുഷിതമായ അന്തരീക്ഷം ആണ്. കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നത് അക്രമത്തിന്റെ പാതയാണ് എന്നുവേണം ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരം വിനാശകരമായ സമീപനം പാര്‍ടിക്ക് ഗുണം ചെയ്യുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കണം.

കെ എന്‍ ബാലഗോപാല്‍

കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് എ കെ ജി സെന്ററില്‍ നടന്ന ആക്രമണം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിയും. കലാപാന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കും. പാര്‍ടി ആസ്ഥാനങ്ങള്‍ ആക്രമിക്കുന്നത് കേരളത്തിന് അംഗീകരിക്കാനാകാത്ത സംസ്‌കാരമാണ്. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നേരത്തെ ഉണ്ടായിട്ടുണ്ട്. കുറ്റവാളിയെ പിടിക്കാനും ഗൂഢാലോചന കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

പി കെ ശ്രീമതി

എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ്. നാട്ടില്‍ ആസൂത്രിതമായി അക്രമമുണ്ടാക്കാന്‍ യു ഡി എഫ് നടത്തുന്ന ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടു. എന്നാല്‍ കലാപമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെ തിരിച്ചറിഞ്ഞ് സംയമനം പാലിച്ച് സമാധാനപരമായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തണമെന്ന് കെ കെ ശൈലജ ഫേസ്ബുകിലൂടെ പ്രതികരിച്ചു.

കടകംപള്ളി സുരേന്ദ്രന്‍

കേരളത്തില്‍ അരാജക അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇത്തരം അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇവരാരും അക്രമങ്ങളെ അപലപിക്കുന്നില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം. എ കെ ആന്റണിയെ പോലൊരു മുതിര്‍ന്ന നേതാവും ഗാന്ധിയനും ഇതിനെ ന്യായീകരിക്കുമെന്ന് കരുതിയില്ല.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം മുതല്‍ താഴെത്തട്ടില്‍ വരെ അക്രമം നടത്താന്‍ പ്രോത്സാഹനം നല്‍കുന്നു. കെ പി സി സി നേതൃത്വം ആന്റണിയെ പോലുള്ള നേതാക്കളും അക്രമ സംഭവങ്ങളെ അപലപിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ. ഇത്തരം അക്രമ സംഭവങ്ങളെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകണം. സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക എന്നതാണ് യു ഡി എഫിന്റെ തന്ത്രം. അതില്‍ ആരും വീണു പോകരുത്. സമാധാനപരമായി പ്രതിഷേധിക്കും.


Keywords: News,Kerala,State,attack,Criticism,CPM,AKG center,Congress,Leaders, Politics,party,Top-Headlines,AKG center attack Condemned senior leaders


Post a Comment