ഫേസ്ബുകിലും ഇൻസ്റ്റഗ്രാമിലും ഉടനീളം റീൽസ് വിഭാഗത്തിൽ അപ്‌ഡേറ്റുകളുടെയും പുതിയ ഫീചറുകളുടെയും ഒരു പരമ്പര തന്നെയാണ് പുറത്തിറക്കിയത്. ഇൻസ്റ്റാഗ്രാം റീലുകളുടെ ദൈർഘ്യം 90 സെകൻഡായി വർധിപ്പിച്ചു. ഫേസ്ബുക് റീൽസിലെ 'Sound Sync' പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. വീഡിയോ ക്ലിപുകൾ പാട്ടുകളിലേക്ക് സ്വയമേവ സമന്വയിപ്പിക്കാൻ Sound Sync ഫീചർ നിങ്ങളെ അനുവദിക്കും. 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇപ്പോൾ സാധ്യമാണ്.
ഐഒഎസിലും ആൻഡ്രോയിഡിലും ഫേസ്ബുക് റീലുകൾ സൃഷ്‌ടിക്കുന്നതിന് പുറമേ, ഫേസ്ബുകിന്റെ ക്രിയേറ്റർ സ്റ്റുഡിയോ വഴി വെബ് ബ്രൗസറുകളിൽ നിന്ന് ഫേസ്ബുക് റീലുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കൾക്ക് കഴിയുമെന്ന് മെറ്റാ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഓഡിയോ നേരിട്ട് ഇൻസ്റ്റാഗ്രാം റീലുകളിലേക്ക് ചേർക്കാൻ കഴിയും. കമന്ററിക്കോ പശ്ചാത്തല ശബ്‌ദത്തിനോ വേണ്ടി ഇംപോർട് ഓഡിയോ ഫീചർ ഉപയോഗിച്ച്, കുറഞ്ഞത് അഞ്ച് സെകൻഡ് ദൈർഘ്യമുള്ള ഏത് വീഡിയോയിൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ ഏത് ഓഡിയോയും ഇംപോർട് ചെയ്യാനാകും. ഇൻസ്റ്റാഗ്രാം പുതിയ ടെംപ്ലേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. എളുപ്പത്തിൽ ഒരു റീൽ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും.