യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പെൺകുട്ടിയുടെ സഹോദരങ്ങള്‍ക്കൊപ്പം പൊലീസ് സംഘം മെയ് 24 ന് പ്രിന്‍സിന്റെ വീട്ടില്‍ 'റെയ്ഡ്' നടത്തിയിരുന്നു. ഈ സമയം യുവാവിന്റെ അമ്മയും രണ്ട് സഹോദരിമാരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പൊലീസ് സംഘത്തിന്റെ പീഡനത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകളും വിഷം കഴിച്ച് മരിക്കുകയായിരുന്നു എന്നാണ് പിതാവ് ആരോപിക്കുന്നത്.
പ്രിന്‍സും യുവതിയും വിവാഹിതരായതെന്ന് ബാഗ്പത് സീനിയര്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജദൗണ്‍ പറഞ്ഞു. ഹരിദ്വാറിലെ വാടകവീടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ദമ്പതികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഭര്‍ത്താവായ പ്രിന്‍സിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി പറഞ്ഞതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഈ ആഴ്ച ആദ്യം ഇരുവരും മൊബൈല്‍ ഫോണുകള്‍ സ്വിച് ഓണ്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം സമ്മതപ്രകാരമാണ് പോയതെന്നും യുവതി മൊഴി രേഖപ്പെടുത്തിയതിനാല്‍ പിതാവ് കൊടുത്ത കേസ് അവസാനിപ്പിക്കും. മാത്രമല്ല, ഇരുവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരായവരുമായതിനാല്‍ യുവതിയെ ഭര്‍ത്താവിന്റെ സംരക്ഷണയില്‍ വിടാനും കോടതി ഉത്തരവിട്ടു. അവര്‍ക്ക് സംരക്ഷണം നല്‍കാനും ഹരിദ്വാറിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ അവിടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് ബാഗ്പത് പൊലീസിലെ ബരാത്ത് സര്‍കിള്‍ ഓഫീസര്‍ യുവരാജ് സിംഗ് പറഞ്ഞു.
ദമ്പതികളെ പൊലീസ് ഹരിദ്വാറിലേക്ക് തിരിച്ച് കൊണ്ടുപോയി. കോടതി ഉത്തരവ് അനുസരിക്കുമെന്ന് പറഞ്ഞ യുവാവിന്റെയും യുവതിയുടെയും വീട്ടുകാര്‍ ദമ്പതികളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, പ്രിന്‍സിന്റെ അമ്മയും രണ്ട് സഹോദരിമാരും മരിച്ച സംഭവത്തിലെ അന്വേഷണം തുടരുകയാണ്. യുവതിയുടെ സഹോദരന്മാരും അവരുടെ സുഹൃത്തുക്കളുമായ അഞ്ച് പേര്‍ ഒളിവിലാണെന്ന് ഇന്‍സ്‌പെക്ടര്‍ കൃഷന്‍ പാല്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ സാക്ഷി മൊഴികളും പോസ്റ്റ്മോര്‍ടം റിപോര്‍ടുകളും മറ്റ് തെളിവുകളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: