Follow KVARTHA on Google news Follow Us!
ad

UAE President | ശെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ യുഎഇ തേങ്ങുന്നു; മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവുമായിരുന്നുവെന്ന് നരേന്ദ്ര മോഡി; മലയാളികൾ ഉൾപെടെയുള്ള ഇൻഡ്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പിണറായി വിജയൻ; അനുശോചിച്ച് പ്രമുഖർ

World leaders mourn death of UAE President Sheikh Khalifa, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (www.kvartha.com) യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സാഇദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ രാജ്യം തേങ്ങുന്നു. രണ്ട് പതിറ്റാണ്ടിനിടയില്‍ യുഎഇ കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ചവരിലൊരായ ശെയ്ഖ് ഖലീഫയുടെ വിടവാങ്ങൽ യുഎഇയ്ക്കും അറബ് ലോകത്തിനും വലിയ ശൂന്യതയാണ്. യു എ ഇ ജനതയെ ആധുനിക ലോകത്തേക്ക് തലയെടുപ്പോടെ കൈപിടിച്ച് നടത്തിയ കര്‍മ ധീരനായിരുന്നു ശെയ്ഖ് ഖലീഫ. പ്രവാസികളെയും ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
                   
News, World, Top-Headlines, Gulf, UAE, President, Narendra Modi, Prime Minister, Leader, Pinarayi-Vijayan, Chief Minister, Abu Dhabi, World leaders mourn death, UAE President Sheikh Khalifa, KMCC, Remembrance, World leaders mourn death of UAE President Sheikh Khalifa.

ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ വിവിധ ലോക നേതാക്കൾ അനുശോചിച്ചു. വിയോഗവാർത്തയറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവുമായിരുന്ന അദ്ദേഹത്തിന്റെ കീഴിൽ ഇൻഡ്യ - യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചതായും മോഡി അനുസ്മരിച്ചു.

ഇൻഡ്യയുമായി പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ശെയ്ഖ് ഖലീഫ വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎഇയിലെ മലയാളികൾ ഉൾപെടെയുള്ള ഇൻഡ്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നു.

യുഎഇയുടെ ആധുനികവല്‍ക്കരണത്തിൽ അദ്ദേഹത്തിന്റെ നിർണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതില്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദപൂര്‍ണവുമായ ബന്ധം ഇൻഡ്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലര്‍ത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ശെയ്ഖ് ഖലീഫയുടെ വിയോഗം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആധുനിക യു എ ഇയെ കെട്ടിപ്പടുക്കുന്നതിലും ശൈഖ് സാഇദിന് ശേഷം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിലും യുഎഇയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ഇൻഡ്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധത്തിലും ശെയ്ഖ് ഖലീഫയുടെ പങ്ക് നിസ്തുലമായിരുന്നുവെന്ന് ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാര്‍ അനുസ്മരിച്ചു. കാലോചിതമായ വികസന മാതൃകകളും സാങ്കേതിക മികവും കൊണ്ട് രാജ്യത്തെ സമ്പമാക്കാന്‍ യു എ ഇ ഭരാണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളോടുള്ള സൗഹൃദ സമീപനവും, യു എ ഇയിലേക്ക് കടന്നു ചെല്ലുന്ന മറ്റു പൗരന്മാരോട് സ്വീകരിക്കുന്ന മനോഭാവവും ഒക്കെ അവരെ വ്യതിരിക്തരാക്കുന്നു.

ശൈഖ് ഖലീഫയും ആ നിലക്ക് ആകർഷിച്ച വ്യക്തിത്വമായിരുന്നു. നേരിട്ട് കണ്ട സമയത്ത് സൗമ്യമായി സൗഹൃദം പങ്കിട്ട അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും കാന്തപുരം അനുശോചന കുറിപ്പില്‍ പറഞ്ഞു.

ശൈഖ് ഖലീഫ സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ച ഭരണാധികാരിയായിരുന്നുവെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ എംഎ യുസുഫലി പറഞ്ഞു. ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ജീവിതോപാധി തേടിയെത്തിയവര്‍ക്ക് ആശ്വാസത്തിന്റെ തുരുത്തായി യുഎഇ മാറിയത് ഭരണാധാകാരിയുടെ നൈപുണ്യം കൊണ്ട് തന്നെയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും വികസിതവും സഹിഷ്ണുതയുമുള്ള രാജ്യമായി യുഎഇയെ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഖലീഫയുടെ ഭരണത്തിലൂടെ സാധിച്ചുവെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

ശൈഖ് ഖലീഫ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമര്‍പിച്ച ഭരണാധികാരിയായിരുന്നു എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതുയുഗത്തിലേക്ക് യുഎഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുഎഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും ആ ചരിത്രത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ പാത പിന്‍പറ്റി രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഇൻഡ്യ- യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇൻഡ്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈഖ്‌ ഖലീഫയുടെ വിയോഗം യു എ ഇക്ക് മാത്രമല്ല പ്രവാസികൾക്കും നികത്താനാകാത്ത നഷ്ടമാണെന്ന് ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ആക്ടിങ് പ്രസിഡൻറ് റാഫി പള്ളിപ്പുറം, ജനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അനുസമരിച്ചു.

യു എ ഇ രാഷ്ട്രപിതാവ് ശെയ്ഖ് സാഇദ് കെട്ടിപ്പടുത്ത രാജ്യം കൂടുതൽ പ്രൗഢിയോടെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡൻറായ ശൈഖ്‌‌ ഖലീഫ വഹിച്ച പങ്ക് ഏറെ വലുതാണ്. ലോകത്തിൻറെ നാനാഭാഗത്ത് നിന്നുള്ള ലക്ഷക്കണക്കായ പ്രവാസികൾ ജിവിക്കുന്ന യു എ ഇ യിൽ ശൈഖ്‌ ഖലീഫ അടക്കമുള്ള വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ കാണിക്കുന്ന ആതിഥേയത്വവും, കനിവുമാണ് ലോകത്തെ പല രാജ്യങ്ങളിലെയും കുടുംബങ്ങൾക്ക് ആശ്രയം. ഇൻഡോ അറബ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി ശെയ്ഖ് ഖലീഫ എന്നും മുൻഗണന നൽകിയിരുന്നുവെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.

ഭാരവാഹികളായ മഹ്‌മൂദ്‌ ഹാജി പൈവളിക, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, റശീദ് ഹാജി കല്ലിങ്കാൽ, ഇ ബി അഹ്‌മദ്‌ ചെടേക്കാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനാർ ബീജന്തടുക്ക, അബ്ബാസ് കെ പി കളനാട്, ഫൈസൽ മൊഹ്സിൻ തളങ്കര, സലാം തട്ടാനിച്ചേരി, അശ്റഫ് പാവൂർ, ഹാശിം പടിഞ്ഞാർ, യൂസുഫ് മുക്കൂട്, ശരീഫ് പൈക തുടങ്ങിയവർ അനുശോചിച്ചു.

സ്വന്തം ജനതയെ കരുണയോടെ ചേർത്തു നിർത്തുന്ന സമയത്തും ലോകത്തിന്റെ ഏതുഭാഗത്തുനിന്നും യുഎഇയിൽ എത്തിയ പ്രവാസികളെ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകി കൂടെ ചേർത്തു പിടിക്കാൻ എന്നും മുന്നിൽ നിന്ന ലോക നേതാക്കളിൽ പ്രമുഖനാണ് ശൈഖ് ഖലീഫയെന്ന് ഐഎംസിസി (ഇന്ത്യൻ മൈനോറ്റി കൾചറൽ സെന്റർ ) ശാർജ കമിറ്റി പ്രസിഡന്റ് ത്വാഹിർ അലി പൊറോപ്പാട്, ജനറൽ സെക്രടറി മനാഫ് കുന്നിൽ, ട്രഷറർ അശ്‌റഫ് തിരുവന്തപുരം തുടങ്ങിയവർ അനുസ്മരിച്ചു.
 

Keywords: News, World, Top-Headlines, Gulf, UAE, President, Narendra Modi, Prime Minister, Leader, Pinarayi-Vijayan, Chief Minister, Abu Dhabi, World leaders mourn death, UAE President Sheikh Khalifa, KMCC, Remembrance, World leaders mourn death of UAE President Sheikh Khalifa.
< !- START disable copy paste -->

إرسال تعليق