AG Perarivalan | പേരറിവാളന്‍ പുറത്തേക്ക്; 3 പതിറ്റാണ്ടിന് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് മോചനം; ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീം കോടതി


ചെന്നൈ: (www.kvartha.com) 31 വര്‍ഷത്തത്തെ ജയില്‍വാസത്തിന് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്(50) മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് ഇയാളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളന് ഇളവ് നല്‍കാന്‍ തമിഴ്നാട് മന്ത്രിസഭ തീരുമാനമെടുത്തതാണെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.  

ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതില്‍ തമിഴ്‌നാട് ഗവര്‍ണര്‍ കാണിക്കുന്ന കാലതാമസം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു. 2018-ല്‍ പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ തമിഴ്നാട് സര്‍കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറി. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

1991 ജൂണ്‍ 11ന് 19 വയസ് പ്രായമുള്ളപ്പോഴാണ് പേരറിവാളനെ രാജീവ് ഗാന്ധി വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോനിക്സ് ആന്‍ഡ് കമ്യൂനികേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഇതേ വര്‍ഷംതന്നെ ജൂണ്‍ 14ന് മുരുകനും 22ന് ശാന്തനും അറസ്റ്റിലായി. ഇവരെ കൂടാതെ കേസുമായി മറ്റ് 23 പേരും പിടിയിലായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബുണ്ടാക്കുന്നതിനായി രണ്ട് ബാറ്ററികള്‍ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണ് പേരറിവാളനെതിരെയുള്ള ആരോപണം. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിബിഐ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 

ഇതിനിടെ കേസില്‍ പ്രതികളായിരുന്ന എല്‍ടിടിഇ നേതാക്കളായ വേലുപ്പിള്ള പ്രഭാകരന്‍, പൊട്ടു അമ്മന്‍, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ 1998 ജനുവരി 28ന് പ്രതികളായ 26 പേര്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. അപീല്‍ പരിഗണിച്ച് 1999 മെയ് 11ന് മൂന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തുവെങ്കിലും നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയുമായിരുന്നു. 

News,National,India,chennai,Accused,Supreme Court of India,Court,Top-Headlines,Trending,Prison, Supreme Court Orders Release Of AG Perarivalan, Convict In Rajiv Gandhi Assassination Case


തുടര്‍ന്ന് 2000ല്‍ സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് സമര്‍പിച്ച ദയാഹര്‍ജി 2011നാണ് രാഷ്ട്രപതി തള്ളിയത്. ഇതിനിടെ തമിഴ്നാട് മന്ത്രിസഭയുടേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ച ഗവര്‍ണര്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. 2014ല്‍ പേരറിവാളന്റെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. 

26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോള്‍ ലഭിച്ചു. ജയില്‍ മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു പേരറിവാളന്‍. മൂന്ന് പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ ജയില്‍ ജീവിതം.

Keywords: News,National,India,chennai,Accused,Supreme Court of India,Court,Top-Headlines,Trending,Prison, Supreme Court Orders Release Of AG Perarivalan, Convict In Rajiv Gandhi Assassination Case

Post a Comment

Previous Post Next Post