Bank Fraud | 'കെ‌വൈ‌സി അപ്‌ഡേറ്റിനായി' തട്ടിപ്പുകാരുമായി ഒടിപി പങ്കിട്ടു; മലയാളി അധ്യാപികയ്ക്ക് 1.22 ലക്ഷം രൂപ നഷ്ടമായി; ഒരു സംശയവുമില്ലാതെ ഒടിപി നൽകിയത് 3 തവണ!

കാസർകോട്: (www.kvartha.com) ഒറ്റത്തവണ പാസ്‌വേഡ് (OTP) ഉൾപെടെയുള്ള തന്റെ ബാങ്കിംഗ് വിവരങ്ങൾ ബാങ്ക് പ്രതിനിധികളെന്ന വ്യാജേന സൈബർ തട്ടിപ്പുകാരുമായി പങ്കുവെച്ചതിനെ തുടർന്ന് അധ്യാപികയ്ക്ക് 1.22 ലക്ഷം രൂപ നഷ്ടപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കാസർകോട് ജില്ലയിലെ നീലേശ്വരം ശാഖയിൽ നിന്ന് തുക തട്ടിപ്പുകാർ കൊൽകതയിലെ ഐസിഐസിഐ ബാങ്കിലേക്ക് മാറ്റിയതായി കാസർകോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ അനൂബ് കുമാർ ഇ പറഞ്ഞു. തട്ടിപ്പ് വിപുലവും ദിവസങ്ങളോളം നീണ്ടുനിന്നതാണെന്നും പൊലീസ് വെളിപ്പെടുത്തി. അധ്യാപിക തന്റെ ഒടിപി മൂന്ന് തവണയാണ് പങ്കിട്ടത്.
              
News, Kerala, Kasaragod, Top-Headlines, Teacher, Bank, Fraud, Cheating, Message, Cyber Crime, SBI, Police, Complaint, ‘KYC Update’, Kerala Teacher Loses Rs 1.22 Lakh after Sharing OTP with Fraudsters for ‘KYC Update’.

സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ ഫയൽ ചെയ്ത എഫ്‌ഐആർ പ്രകാരം, അധ്യാപികയ്ക്ക് മെയ് ആദ്യവാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിന്ന് കെ വൈ സി രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ അകൗണ്ട് ക്ലോസാകുമെന്നും അറിയിച്ചുകൊണ്ട് ഒരു എസ് എം എസ് ലഭിച്ചു. ഇതിൽ 'ടീം എസ്ബിഐ' എന്ന് രേഖപ്പെടുത്തുകയും ഒരു ഫോൺ നമ്പർ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

കെവൈസിയുടെ പ്രാധാന്യത്തെ കുറിച്ച് അറിയാവുന്ന അധ്യാപിക എസ്എംഎസിൽ നൽകിയ 'കസ്റ്റമർ കെയർ നമ്പർ' മെയ് നാലിന് ഡയൽ ചെയ്‌തതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. തുടർന്ന് 'എക്സിക്യൂടീവ്' എന്ന് പരിചയപ്പെടുത്തിയവർ അധ്യാപികയുടെ വിവരങ്ങൾ എടുത്തു. ബാങ്ക് അകൗണ്ട് നമ്പർ, ബ്രാഞ്ചിന്റെ ഐഎഫ്എസ്‌സി, 16 അക്ക ഡെബിറ്റ് കാർഡ് നമ്പർ, ഡെബിറ്റ് കാർഡിന്റെ പിന്നിലെ മൂന്നക്ക നമ്പറായ കാർഡ് വെരിഫികേഷൻ വാല്യു (സിവിവി), എടിഎം പിൻ എന്നിവ നൽകി. തുടർന്ന് ഫോണിലേക്ക് വന്ന ഒ ടി പി നൽകാൻ അഭ്യർഥിച്ചു. അധ്യാപിക അതും നൽകി.

എന്നാൽ പിന്നീട്, സെർവർ തകരാറിലാണെന്നും കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ കഴിയില്ലെന്നും അതിനാൽ അടുത്ത ദിവസം തന്നെ ബന്ധപ്പെടാമെന്നും തട്ടിപ്പുകാർ അറിയിച്ചു. അടുത്ത ദിവസം, ‘കസ്റ്റമർ കെയർ എക്സിക്യൂടീവ്’ അധ്യാപികയെ വീണ്ടും വിളിച്ചു, ഇത്തവണയും പഴയ അതേ വിവരങ്ങളും ഒടിപിയും നൽകി. ഏകദേശം മൂന്ന് മിനിറ്റിന് ശേഷം എക്സിക്യൂടീവ് വീണ്ടും ഒടിപി അഭ്യർഥിച്ചു. അങ്ങനെ മൂന്നാം തവണയും അവർ ഒരു സംശയവും കൂടാതെ ഒടിപി നൽകി.

തുടർന്ന് അകൗണ്ടിൽ നിന്ന് 99,899 രൂപയും 22,011 രൂപയും പിൻവലിച്ചതായി കാണിച്ച് ഫോണിലേക്ക് രണ്ട് മെസേജുകൾ ലഭിച്ചു. അപ്പോഴാണ് യുവതിക്ക് തട്ടിപ്പ് ബോധ്യമായത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ കൊൽകതയിലെ ഐസിഐസിഐ ബാങ്കിൽ നിന്ന് പണം സൈബർ ക്രൈം പൊലീസ് കണ്ടെത്തി. പണം തിരിച്ചെടുക്കാൻ കഴിയുമെന്നും എന്നാൽ പണം തിരികെ ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.

'തട്ടിപ്പുകാർ അകൗണ്ട് തുറക്കാൻ അവരുടെ കെവൈസി നല്കിയിട്ടുണ്ടാവും. പക്ഷേ മിക്കവാറും അവർ വ്യാജ ഐഡിയും വിലാസ രേഖകളും സമർപിച്ചിരിക്കണം. എന്നാൽ അവരുടെ ഫോടോ ബാങ്കിൽ ഉണ്ടായിരിക്കും. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഓരോ ഉപഭോക്താവും അവരുടെ ഏറ്റവും പുതിയ ഫോടോ, ഐഡന്റിറ്റി കാർഡ്, അഡ്രസ് തെളിവ് എന്നിവ അവരുടെ ബാങ്കുമായി പങ്കിടുന്നത് നിർബന്ധമാക്കി. ഇരകളെ കിട്ടാൻ സൈബർ കുറ്റവാളികൾ ഈ നിയമം ചൂഷണം ചെയ്യുന്നു', ഇൻസ്പെക്ടർ അനൂബ് കുമാർ കൂട്ടിച്ചേർത്തു.

വഞ്ചനയ്ക്ക് ഐപിസി സെക്ഷൻ 420 പ്രകാരവും ഐടി ആക്‌ട് സെക്ഷൻ 66 ഡി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായവർ ഉടൻ ഇടപാട് നമ്പർ സഹിതം ആഭ്യന്തര മന്ത്രാലയം നടത്തുന്ന ടോൾ ഫ്രീ ഹെൽപ് ലൈനായ 1930 എന്ന നമ്പറിൽ വിളിക്കണമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Teacher, Bank, Fraud, Cheating, Message, Cyber Crime, SBI, Police, Complaint, ‘KYC Update’, Kerala Teacher Loses Rs 1.22 Lakh after Sharing OTP with Fraudsters for ‘KYC Update’.

Post a Comment

Previous Post Next Post