ന്യൂഡെല്‍ഹി: (www.kvartha.com) ഭിന്നശേഷിയുള്ള ആണ്‍കുട്ടിയെ റാഞ്ചിയില്‍ നിന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഇന്‍ഡിഗോ ജീവനക്കാര്‍ കുട്ടിയോട് ഇടപെട്ട രീതി ശരിയായില്ലെന്നും ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.
'അനുകമ്പയോടെയുള്ള പെരുമാറ്റം കുട്ടിയെ ശാന്തമാക്കുമായിരുന്നു. യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന തീവ്രമായ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ അസാധാരണമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു. സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തി. അതിനാല്‍ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചു' പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ തടയുന്നതിന്, നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുമെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ ഗ്രൗണ്ട് സ്റ്റാഫ് അനുവദിക്കാത്തത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് അന്വേഷണം ആരംഭിക്കാന്‍ ഡിജിസിഎ തീരുമാനിച്ചത്.
മെയ് ഏഴിന് റാഞ്ചി-ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരിയായ മനീഷ ഗുപ്ത കുട്ടിയുടെയും മാതാപിതാക്കളുടെയും ദുരനുഭവം വിവരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ വൈറലായതോടെ പോസ്റ്റിന് താഴെ ഇന്‍ഡിഗോ മാനജര്‍ ആക്രോശിക്കുകയും 'കുട്ടിയ നിയന്ത്രിക്കാനാകുന്നില്ലെന്നും' പറയുകയും ചെയ്തുവെന്ന് ഗുപ്ത പറഞ്ഞു. മറ്റ് യാത്രക്കാര്‍ കുടുംബത്തിന് ചുറ്റും തടിച്ചുകൂടി അവരെ പറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഗുപ്ത വ്യക്തമാക്കി.
'ഞങ്ങള്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി. ചെക്-ഇന്‍, ബോര്‍ഡിംഗ് പ്രക്രിയയിലുടനീളം കുടുംബത്തെ കൊണ്ടുപോകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം, ബോര്‍ഡിംഗ് ഏരിയയില്‍ എത്തിയതോടെ കൗമാരക്കാരന്‍ പരിഭ്രാന്തിയിലായി. യാത്രക്കാര്‍ക്ക് മാന്യതയും അനുകമ്പയും ഉള്ള സേവനം നല്‍കന്നത് വളരെ പ്രധാനമാണ്. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, ഈ ബഹളം വിമാനത്തിലേക്ക് നീളുമോ എന്ന് ആശങ്കയുള്ളതിനാല്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി,' രോഷത്തോട് പ്രതികരിച്ചുകൊണ്ട് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു. കുടുംബത്തിന് ഒരു ഹോടെല്‍ താമസം അനുവദിച്ചു, അവര്‍ അടുത്ത ദിവസം രാവിലെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പോവുകയും ചെയ്തു.
IndiGo Fined | ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല; ഇന്‍ഡിഗോയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
IndiGo Fined 5 Lakh For Not Allowing Boy With Special Needs On Board#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍