ഹൈദരാബാദ്: (www.kvartha.com) റെസ്റ്റോറന്റില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ബിരിയാണി പകുതി കഴിച്ച് കഴിഞ്ഞപ്പോഴാണ് കൗണ്‍സിലര്‍ കുന്തുലൂര്‍ രവികുമാര്‍ പല്ലിയെ കണ്ടെത്തിയത്. ഹൈദരാബാദ് നഗരസഭയിലെ (ജി എച് എം സി) രാംനഗര്‍ ഡിവിഷനിലെ വാര്‍ഡ് കൗണ്‍സിലറാണ് കുന്തുലൂര്‍ രവികുമാര്‍. വെള്ളിയാഴ്ച ആര്‍ടിസി ക്രോസ് റോഡിലെ ബാവാര്‍ച്ചി റെസ്റ്റോറന്റില്‍ നിന്നാണ് താന്‍ ബിരിയാണി വാങ്ങിയതെന്ന് ഇയാള്‍ പറയുന്നു.
പല്ലിയെ കണ്ടയുടന്‍ തന്നെ ജി എച് എം സിയുടെയും ചിക്കാട്പള്ളി പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഭക്ഷണശാലകളില്‍ സ്ഥിരമായി പരിശോധന നടത്താത്തതില്‍ നഗരസഭാധികൃതരുടെ ഭാഗത്തുനിന്നും പിഴവ് കണ്ടെത്തി. രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ പരിശോധന നടത്തണം, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോടലുകളുടെയും മറ്റും വിവരം പുറത്തുവരുമെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും- അദ്ദേഹം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍, ജി എച് എം സി സര്‍കിള്‍ നമ്പര്‍ 10, 16, 17 ലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ സംഘം ഉച്ചയ്ക്ക് ശേഷം ഹോടല്‍ പരിശോധിച്ചപ്പോള്‍ കയ്യുറകളും ഹെയര്‍നെറ്റുകളും മാസ്‌കുകളും ധരിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാവരെ കണ്ടെത്തി. അടുക്കള വളപ്പിലെ തറ നനഞ്ഞ് നിലയിലായിരുന്നു. സ്റ്റോറേജ് റൂം പൊടിപിടിച്ചും വൃത്തിഹീനമായ നിലയിലും ആയിരുന്നു. അടുക്കളയുടെ തറയില്‍ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തി.
കൂടാതെ, പരാതിക്കാരനില്‍ നിന്ന് ശേഖരിച്ച പല്ലി അടങ്ങിയ കോഴി ബിരിയാണിയുടെ സാംപിളും തയ്യാറാക്കിയ കോഴി ബിരിയാണിയുടെ സാംപിളും സംസ്ഥാന ഫുഡ് ലബോറടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.