ചെന്നൈ: (www.kvartha.com) അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ കോണ്‍ക്രീറ്റ് മിശ്രിതം വച്ചടച്ച് സൂക്ഷിച്ച് മകന്. തമിഴ്നാട്ടിലാണ് വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഭവത്തില്‍ കേസെടുത്തു. മകനായ സുരേഷിനെ പിടികൂടി. 86 കാരിയായ ഷെമ്പകം ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് നീലാങ്കരയ് പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്ന് മക്കളുള്ള ഷെമ്പകം രണ്ടാമത്തെ മകനായ സുരേഷിന്റെ കൂടെ താമസിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. സുരേഷ് വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. തയ്യല്‍ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് ലഭിച്ച വിവരം. ഇത് കാരണമാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇവരുടെ മൂത്ത മകന് വിവാഹിതനായി മറ്റൊരിടത്താണ് താമസിച്ചിരുന്നത്.
ഷെമ്പകം കുറച്ച് വര്‍ഷങ്ങളായി പ്രായാധിക്യം മൂലമുള്ള വിവിധ രോഗങ്ങള്‍ക്ക് മകന്റെ കൂടെ താമസിച്ച് ചികിത്സയിലായിരുന്നു. അധികം വീടിന് പുറത്തേക്ക് ഇറങ്ങാറുമില്ല. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാല്‍ സുരേഷുമായി അകന്ന് കഴിയുകയായിരുന്ന ഭാര്യയെ അയല്‍വാസികള്‍ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ സുരേഷിന്റെ സഹോദരനോട് കാര്യം പറഞ്ഞു. അമ്മ രണ്ടാഴ്ച മുന്‍പ് വഴക്കായതോടെ മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു. ഇതോടെ മൂത്ത സഹോദരന് പരാതി നല്‍കുകയായിരുന്നു.
വിവരം അന്വേഷിക്കാനായി സുരേഷിന്റെ വീട്ടില്‍ എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ചതായി സുരേഷ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഇയാള്‍ തന്നെയാണ് ബാരല്‍ കാണിച്ച് തന്നതും. മരിച്ചാലും തന്റെ മാതാവ് എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പറഞ്ഞു.
ബാരല്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി റോയപേട്ട സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും വയോഥിക അസുഖങ്ങള്‍ കാരണം മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.