ആലപ്പുഴ: (www.kvartha.com) ഫേസ്ബുക് പോസ്റ്റ് വിവാദത്തില്‍ എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ പാര്‍ടി നടപടിയെടുക്കില്ല. പാര്‍ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച യു പ്രതിഭ എംഎല്‍എയ്ക്ക്‌ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമിറ്റി തീരുമാനിച്ചു.
യു പ്രതിഭ തെറ്റ് അംഗീകരിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് പാര്‍ടിക്ക് ഉറപ്പ് നല്‍കിയതായും സിപിഎം ആലപ്പുഴ ജില്ലാ സെക്രടറി ആര്‍ നാസര്‍ വ്യക്തമാക്കി.
കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്നും അവരിപ്പോള്‍ പാര്‍ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക് കുറിപ്പില്‍ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോര്‍ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും ഉണ്ടായില്ല.
ബോധപൂര്‍വമായി തോല്‍പ്പിക്കാന്‍ മുന്നില്‍നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ടി ഏരിയ കമിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമിറ്റിയില്‍ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ഫേസ്ബുക് കുറിപ്പില്‍ പ്രതിഭ ആരോപിച്ചത്.
അതേസമയം, പ്രതിഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജില്ലാ കമിറ്റിയില്‍ ഉയര്‍ന്നത്. പാര്‍ടി എന്താണെന്ന് എംഎല്‍എയെ പഠിപ്പിക്കണം എന്ന മുതിര്‍ന്ന നേതാവ് സി കെ സദാശിവന്‍ പറഞ്ഞു. തകഴി ഏരിയ കമിറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമിറ്റിയിലേക്ക് മാറ്റി. കായംകുളത്തെ നേതാക്കള്‍ ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു.