Follow KVARTHA on Google news Follow Us!
ad

മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി പതിനായിക്കണക്കിന് ഭക്തര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Sabarimala,Sabarimala Temple,News,Religion,Trending,Kerala,
ശബരിമല: (www.kvartha.com 14.01.2022) മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി പതിനായിക്കണക്കിന് ഭക്തര്‍. മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് അത് ആത്മസായൂജ്യത്തിന്റെ അനര്‍ഘനിമിഷമായി. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി.

Tens of thousands of devotees receive the blessings of Makara Jyoti, Sabarimala, Sabarimala Temple, News, Religion, Trending, Kerala

ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകിട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകിട്ടോടെ ശരംകുത്തിയിലെത്തി. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, അംഗം മനോജ് ചരളേല്‍, എഡിജിപി എസ് ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. അതിനു പിന്നാലെയാണ് പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിഞ്ഞത്. ആകാശത്ത് പൊന്‍പ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചുനിന്നു.

ഉച്ചയ്ക്ക് 2.29ന് മകര സംക്രമ മുഹൂര്‍ത്തത്തില്‍, കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള മുദ്രയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തിരുന്നു. മകരസംക്രമ പൂജയ്ക്കു ശേഷം അടച്ച നട വൈകിട്ട് അഞ്ചുമണിക്കാണു തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു.

ഒരിടത്തും പര്‍ണശാലകള്‍ കെട്ടാന്‍ അനുമതിയുണ്ടായിരുന്നില്ല. പുല്ലുമേട്ടില്‍ ഇത്തവണ ദര്‍ശനത്തിന് അനുമതിയില്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിലെ വിശ്രമത്തിനു ശേഷം പുലര്‍ച്ചെ മൂന്നുമണിക്കു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര തലപ്പാറ കോട്ട, അട്ടത്തോട് കോളനി, ഏട്ടപ്പട്ടി, ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടത്തെത്തി. വിശ്രമത്തിനു ശേഷം ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം വഴിയാണ് ശരംകുത്തിയിലെത്തിയത്. ജനുവരി 19 വരെ ഭക്തര്‍ക്കു ദര്‍ശനം നടത്താം.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ലെങ്കിലും ഇക്കുറി പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.

Keywords: Tens of thousands of devotees receive the blessings of Makara Jyoti, Sabarimala, Sabarimala Temple, News, Religion, Trending, Kerala.

إرسال تعليق