തിരുവനന്തപുരം: (www.kvartha.com 18.01.2022) സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിയേരിയുടേത് മൂന്നാംകിട വര്‍ത്തമാനമാണ്, പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റിനിര്‍ത്തുകയാണെന്ന കോടിയേരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയെക്കാള്‍ മോശമായാണ് കോടിയേരി വര്‍ഗീയത പറയുന്നത്. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രടറിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ്. ഒരു കയ്യില്‍ യേശുവും മറ്റൊരു കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയുടെ സ്വഭാവമാണ് കോടിയേരിക്ക്. ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍ യേശുവിനെ കാണിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിണറായി വിജയന്‍ പാര്‍ടി സെക്രടറിയായിരുന്നപ്പോള്‍ വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് അതിനെ വിമര്‍ശിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കോവിഡ് വ്യാപനം തുടരുമ്പോള്‍ ആരോഗ്യവകുപ്പ് നിശ്ചലമായെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ സി പി എം തീരുമാനിക്കേണ്ടെന്നും ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് കോടിയേരി ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ മാറ്റം വന്നതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട നേതാക്കളെ മാറ്റിനിര്‍ത്തുന്നുവെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞുവെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി ഡി സതീശന്റെ പ്രതികരണം.