മംഗ്ളുറു: (www.kvartha.com 28.01.2022) കർണാടക ഉഡുപി ഗവ. വനിത പി യു കോളജിലെ ഹിജാബ് വിവാദത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനവും വിദ്യാഭ്യാസ അവകാശ ലംഘനവുമാണ് വിദ്യാർഥിനികൾ നേരിടുന്നതെന്ന് ലഭിച്ച പരാതിയിൽ നിന്ന് മനസിലാവുന്നതായി കമീഷൻ നിരീക്ഷിച്ചു. ഒരു മാസത്തിനകം റിപോർട് സമർപിക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രടറി, ഉടുപ്പി ജില്ല ഡെപ്യൂടി കമീഷനർ (കലക്ടർ) എന്നിവർക്ക് നിർദേശം നൽകി.
ഹിജാബ് ധരിച്ചതിനെ തുടർന്ന് എട്ട് വിദ്യാർഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം 27 മുതൽ രണ്ടാം വർഷക്കാരായ ആറും ഒന്നാം വർഷ ക്ലാസുകളിലെ രണ്ടും വിദ്യാർഥിനികൾ ക്ലാസിന് പുറത്ത് വരാന്തയിലാണ് പഠിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾ ഉയർത്തുകയും ചർചയാവുകയും ചെയ്‌തു.
സംഭവത്തിൽ കലബുറുഗിയിലെ മുഹമ്മദ് റിയാസുദ്ദീൻ നൽകിയ പരാതിയിലാണ് കമീഷൻ നടപടി. കർണാടകയിൽ കോളജുകളിൽ യൂനിഫോം നിർബന്ധം അല്ലെന്നും എന്നാൽ ഉഡുപി കോളജ് നടപ്പിലാക്കിയ യൂനിഫോം പുറത്താക്കപ്പെട്ട വിദ്യാർഥിനികൾ ധരിക്കുന്നുണ്ടെന്നും എന്നാൽ ഹിജാബ് കൂടി ഉപയോഗിക്കുന്നതിന്റെ പേരിൽ അവരെ അവഹേളിക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നതിനൊപ്പം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്നും പരാതിക്കാരൻ വ്യക്തമാക്കി.
അതേസമയം വിദ്യാർഥിനികൾ ഉറച്ചനിലപാടുമായി മുന്നോട്ട് തന്നെയാണ്. കോളജ് വികസന സമിതി ചെയർമാൻ കൂടിയായ ബി ജെ പി നേതാവ് ഉഡുപി എംഎൽഎ രഘുപതി ഭട്ട് മുന്നോട്ട് വെച്ച ഓൺലൈൻ ക്ലാസ് നിർദേശവും ഇവർ പരിഗണിച്ചില്ല. 'തങ്ങൾ സയൻസ് വിദ്യാർഥികളാണെന്നും ലാബ് ക്ലാസുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അത് എങ്ങനെ ഓൺലൈനിൽ പഠിക്കാൻ കഴിയുമെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥിനികളിൽ ഒരാളായ എ എച് അൽമാസ് ചോദിച്ചു.
'ക്ലാസ് മുറിക്ക് പുറത്ത് ഇരുന്ന് ക്ലാസ് കേൾക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല, പഠനത്തെക്കുറിച്ച് ഞങ്ങളുടെ സഹപാഠികളുമായി ചർച ചെയ്ത് കുറിപ്പുകൾ വാങ്ങിയാൽ, അവരെ ചേംബറിലേക്ക് വിളിച്ച് ഞങ്ങളെ സഹായിക്കരുതെന്ന് മുന്നറിയിപ്പ് നൽകും. ഇപ്പോൾ ഹിജാബ് ധരിക്കാത്തവർ, അനുവദിച്ചാൽ ഹിജാബ് ധരിക്കാനും തുടങ്ങും' - അൽമാസും മറ്റ് പ്രതിഷേധിക്കുന്ന വിദ്യാർഥിനികളും വിശദീകരിച്ചു.
Keywords: Karnataka, Mangalore, News, Student, Study class, Notice, Government, Complaint, Principal, Hijab Row; NHRC Notice To Karnataka Govt.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് വിദ്യാർഥിനികളെ പുറത്താക്കിയ നടപടിയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടൽ; കർണാടക സർകാരിന് നോടീസ്; നിലപാടിൽ ഉറച്ച് വിദ്യാർഥിനികൾ
Hijab Row; NHRC Notice To Karnataka Govt.
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ