യോഗി ഗോരഖ്പൂരിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹം അയോധ്യയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി. തുടർചയായി അഞ്ച് തവണ ലോക്‌സഭയിലേക്ക് യോഗി തെരഞ്ഞെടുക്കപ്പെട്ടതും ഗോരഖ്പൂരിൽ നിന്നായിരുന്നു. ഇതുവരെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി അയോധ്യ, മഥുര എന്നീ രണ്ട് ക്ഷേത്രനഗരങ്ങളിൽ ഒന്നിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു.
യോഗിയെ പുണ്യനഗരിയായ അയോധ്യയിൽ അവതരിപ്പിച്ച് ഹിന്ദുത്വ അജെൻഡയിലൂടെ സംസ്ഥാനത്ത് വീണ്ടും ഭരണത്തിൽ വരാനായിരുന്നു ബിജെപി ശ്രമം. എന്നാൽ മന്ത്രിമാരും എംഎൽഎമാരും അടക്കം പലരും പാർടി വിട്ടതോടെ നിലവിലുള്ള മേഖലകൾ നിലനിർത്തുന്നതിന് വേണ്ടിയാണ് ബിജെപി യോഗിയെ ഗോരഖ്പൂരിൽ നിന്ന് തന്നെ മത്സരിപ്പിക്കുന്നതെന്നാണ് വിവരം.
ശനിയാഴ്ച ബിജെപി പ്രഖ്യാപിച്ച 107 മണ്ഡലങ്ങളിൽ 83 എണ്ണത്തിലും 2017 ൽ ബിജെപിയാണ് വിജയിച്ചത്. ഇതിൽ 63 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകിയപ്പോൾ 20 പേര് പുതുമുഖങ്ങളാണ്. സുരേഷ് ഖന്ന, സുരേഷ് റാണ, ശ്രീകാന്ത് ശർമ തുടങ്ങിയ മന്ത്രിമാർ ഉൾപെടെയുള്ളവർ പട്ടികയിൽ ഇടം നേടി. മുൻ ഉത്തരാഖണ്ഡ് ഗവർണറും ബിജെപി വൈസ് പ്രസിഡന്റുമായ ദളിത് വിഭാഗത്തിൽപ്പെട്ട ബേബി റാണി മൗര്യ ആഗ്രയിൽ (റൂറൽ) ജനം വിധി തേടി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗ് നോയിഡയിൽ വീണ്ടും മത്സരിക്കും.
സ്ഥാനാർഥികളിൽ 44 പേരും ഒബിസി സമുദായങ്ങളിൽ നിന്നുള്ളവരാണ്. മറ്റ് 19 പേർ പട്ടികജാതിക്കാരാണ്. വനിതകൾ 10 പേർ മാത്രമാണ്. 19 പട്ടികജാതി സ്ഥാനാർഥികളിൽ 13 പേർ മൊത്തം ദളിത് ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ജാതവുകളാണ്. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർടിയുടെ പരമ്പരാഗത അടിത്തറയായ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള ബിജെപിയുടെ പ്രധാന നീക്കമായാണ് ഇതിനെ കാണുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിൽ വോടെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ചില സീറ്റുകൾ സഖ്യകക്ഷികളിലേക്ക് പോകും.
Keywords: Lucknow, Uttar Pradesh, India, News, BJP, Politics, Political party, Election, Chief Minister, Yogi Adityanath, Mayavati, Top-Headlines, BJP announces first phase list of candidates in Uttar Pradesh.