ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 18.12.2021 ) തൃശൂർ പൂരത്തിന്റെ അലയൊലികൾ ദുബൈ ഇത്തിസലാത് അകാഡെമിയിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഉഛൈസ്തരം മുഴങ്ങി.. ‘ മ്മടെ തൃശൂർ’ യു എ ഇ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച അതിവിപുലമായ ആഘോഷപരിപാടികൾക്ക് ദുബൈ വേദിയായി. ചലിക്കുന്ന ആനകളുടെ രൂപങ്ങളും കുടമാറ്റവും എഴുന്നള്ളത്തും മേളവുമെല്ലാം തേക്കിൻകാട് മൈതാനത്തിന്റെ ഓരം ചേർന്ന് പൂരമാസ്വദിക്കുന്ന അവാച്യമായ അനുഭൂതി പ്രവാസികൾക്ക് സമ്മാനിച്ചു.
പെരുവനം കുട്ടൻ മാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും പെരുവനം സതീശൻ മാരാരും അണിനിരക്കുന്ന ഇലഞ്ഞിത്തറമേളവും തൃശൂർ കോട്ടപ്പുറം ദേശം പുലികളും ശിങ്കാരിമേളക്കാരും വർണക്കാവടിയും താലപ്പൊലിയും ഘോഷയാത്രയുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റേകി. നാട്ടിൽനിന്ന് രൂപകല്പന ചെയ്തെത്തിച്ച ചലിക്കുന്ന ഗജവീരന്മാർ നയനാനന്ദകരമായി. തെച്ചിക്കോട്ട് രാമചന്ദ്രൻ, പാമ്പാടി രാജൻ, പാറമേക്കാവ് രാജേന്ദ്രൻ, കുട്ടി ശിവശങ്കരൻ എന്നിവരുടെ രൂപത്തിലുള്ള യന്ത്രആനകൾ അകാഡെമിയിലെത്തിയ ആയിരങ്ങൾക്ക് പൂരവിരുന്നൊരുക്കി.
രാവിലെ പത്തുമണിക്ക് കാവടിപൂജയോടെ ആരംഭിച്ച പരിപാടികൾ രാത്രി 12 മണിക്ക് കൊടിയിറക്കം വരെ നീണ്ടു. കാവടിപൂജയ്ക്കുശേഷം പഞ്ചാരിമേളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചയ്ക്ക് ഒരുമണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യവും രണ്ടുമണിക്ക് നാദസ്വരവും കാവടിയാട്ടവും നടന്നു. മൂന്നുമണിക്ക് പ്രതിഭകളുടെ സമാഗമമായ ഇലഞ്ഞിത്തറമേളവും അഞ്ചുമണിക്ക് കുടമാറ്റവും അഞ്ചരയ്ക്ക് സാംസ്കാരിക ഘോഷയാത്രയും നടന്നു.
എട്ട് മണിക്ക്- ഡി ട്യൂൺസ് ഷോയും ഒമ്പത് മണിക്ക് വിഖ്യാത വ്യക്തികളെ ആദരിക്കുന്ന സ്നേഹാദരം ചടങ്ങും നടന്നു. ഒമ്പതിന് തൈക്കുടം ബ്രിഡ്‌ജിന്റെ സംഗീതപരിപാടിയും അരങ്ങേറി. പ്രവാസലോകത്തുള്ളവർക്ക് പൂരത്തിന്റെ നേർക്കാഴ്‌ച സമ്മാനിക്കും വിധം വടക്കുംനാഥൻ ക്ഷേത്രമാതൃകയടക്കം ഒരുക്കിയാണ് വേദിയുടെ സജ്ജീകരണം നടന്നത്.
Keywords : International, UAE, Dubai, Top-Headlines, Thrissur, Celebration, Anniversary, Expatriate, Thrissur community celebrated anniversary in UAE.