Follow KVARTHA on Google news Follow Us!
ad

മോഫിയ പർവീന്റെ കുറിപ്പ്; പ്രണയത്തിൽ എല്ലാം മറക്കുന്നവർക്ക് പാഠമുണ്ട്

Note by Mofia Parveen; There is a lesson for those who forget everything in love#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വൈ ഹനീഫ കുമ്പഡാജെ

(www.kvartha.com 01.12.2021) വിവാഹം എന്നത് ഓരോ ആണിന്റെയും പെണ്ണിന്റെയും സ്വപ്നമാണ്. കുടുംബ ജീവിതം സന്തുഷ്ടമാവണമെന്ന് ആഗ്രഹിക്കാത്ത ആരുണ്ട് നമുക്കിടയിൽ. പെണ്ണ് ഉരുകി തീരേണ്ടവളാണോ?. അവളെ സ്നേഹം കൊണ്ട് ഹൃദയത്തോട് ചേർത്തു വെക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന ഉടമ്പടിയിൽ പിതാവിന്റെ കൈ പിടിച്ചുവാക്ക് കൊടുത്ത് സ്വീകരിക്കുമ്പോൾ ആ പിതാവിന്റെ കണ്ണ് നിറയുന്നത് നീ കണ്ടിട്ടുണ്ടോ.

തന്റെ കൈ പിടിച്ചും കടിച്ചും കളിച്ചും ഉല്ലസിച്ചു നടന്ന നല്ല കാലത്തെ ഓർമ്മകൾ അയവിറക്കി ഇന്നലെയുടെ കളിക്കൂട്ടിൽ നിന്ന് അവളെ നിന്റെ കയ്യിലേക്ക് ഏല്പിച്ചു തരുമ്പോൾ ആ ഉപ്പയുടെ മനസ്സിലെ വ്യഥകളെന്തൊക്കെയാണെന്ന് നീ ഓർക്കാറുണ്ടോ. മാതാവും പിതാവും ആങ്ങളമാരും തന്നെ തൊട്ടിലിൽ കിടത്തി താലോലിച്ചിരുന്ന ഒരു പൂങ്കാവനത്തിൽ നിന്നാണ് അവൾ എല്ലാം വിട്ട് നിന്റെ അടുത്തേക്ക് വരുന്നതെന്ന ചിന്തയില്ലാത്തവർ സ്നേഹമെന്ന പറുദീസയിൽ ഉല്ലസിച്ചിരുന്നവളെ കൊല്ലാൻ ഏറ്റെടുക്കരുത്.
 
Note by Mofia Parveen; There is a lesson for those who forget everything in love

മനുഷ്യാ നിനക്കെങ്ങനെയാണ് മൃഗത്തേക്കാളും അധഃപ്പതിക്കാനാവുക..?. സംസ്കാര സമ്പന്നരെന്ന് സ്റ്റേജിലും പേജിലും വിളിച്ചു പറയുന്ന മലയാള മണ്ണിൽ അടുത്തിടെ എത്ര എത്ര പെൺകുട്ടികളാണ് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനമുറകൾ സഹിക്കാൻ കഴിയാതെ മരണത്തെ തെരഞ്ഞെടുത്തത്. അതിൽ ഒടുവിലത്തെ ഇരയാണ് മുഫിയ ഫർവീൻ.

മാതാപിതാക്കളുടെ വാക്കുകൾക്ക് പുല്ലു വില നൽകി താൻ പ്രണയിക്കുന്നവനേക്കാൾ വലുത് ലോകത്തൊന്നുമില്ലെന്ന് ധരിച്ചു പോയി ഒടുവിൽ മരണത്തെ തെരെഞ്ഞെടുക്കേണ്ടി വന്ന ഈ പെൺകുട്ടി എഴുതി വെച്ച വാക്കുകൾ കണ്ണും കാതുമില്ലാതെ പ്രണയിക്കാൻ നിൽക്കുന്ന സഹോദരികൾക്ക് പാഠമാണ്.

'ചാച്ചാ.. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഈ ലോകത്തു ആരേക്കാളും സ്നേഹിച്ചയാൾ എന്നെ പറ്റി പറയുന്നത് കേൾക്കാൻ ശക്തിയില്ല'.

ഈ ബന്ധം വേണ്ട മോളെ എന്ന പിതാവിന്റെ ഉപദേശങ്ങൾ കേൾക്കാതെ പ്രണയത്തിന്റെ ലോകത്ത് എല്ലാം മറന്നപ്പോൾ തന്നെ ചതിക്കാൻ വരുന്ന രാക്ഷസനായിരുന്നു തന്റെ കാമുകനെന്ന് തിരിച്ചറിയാൻ താലി ചാർത്തപ്പെടേണ്ടി വന്നു മുഫിയക്ക്. അരുത് സുഹൃത്തേ, സ്നേഹ സമ്പന്നമായ അന്തരീക്ഷത്തിൽ ശലഭമായി പറന്നുല്ലസിച്ചിരുന്ന പാവത്തിനെ സംരക്ഷിക്കാമെന്നും, ജീവിതാന്ത്യം വരെ ഒരു മെയ്യായി കഴിയാമെന്നും വാക്ക് നൽകി കൈ പിടിച്ചു കൊണ്ട് വന്നു ഒടുവിൽ അവളുടെ സ്വപ്നങ്ങളൊക്കെയും തകർത്തു മരണത്തിലേക്ക് പറഞ്ഞയക്കരുത്.

പ്രിയപ്പെട്ട രക്ഷിതാക്കൾ പണത്തിന്റെ പിന്നാമ്പുറങ്ങൾ തേടി പെൺമക്കളെ പറഞ്ഞയക്കുന്നതിനു പകരം വരന്റെയും വീടിന്റെയും അന്തരീക്ഷവും, കുടുംബ മഹിമയും തിരിച്ചറിയാൻ ശ്രമിക്കണം. ആലോചനകൾ വരുമ്പോൾ ഒന്നന്വേഷിക്കുക പോലും ചെയ്യാതെ വാപ്പച്ചിയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറയുന്ന മകളെ റാന്തലുകൾക്ക് എറിഞ്ഞു കൊടുക്കരുത്. ഒളിച്ചോട്ടങ്ങളുടെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചാലും ചിലപ്പോൾ കണ്ടെത്തുന്ന നഗ്ന സത്യങ്ങൾ ഭർതൃ വീട്ടിലെ കുടിലതയും ഭർത്താവിന്റെ സ്നേഹക്കുറവും മനസ്സിന്റെ അസാന്നിധ്യവുമായിരിക്കും.

ഒരു ഭാഗത്ത് മാത്രമല്ല പ്രശ്നങ്ങളെ കാണേണ്ടത്. കാലം രണ്ടിനും സാക്ഷിയാവുന്നുണ്ട്. ഭാര്യയുടെ ദുഃസ്വഭാവങ്ങളിൽ ഉരുകി തീരുന്ന ഭർത്താക്കന്മാരും ഏറെയുണ്ട്. പരസ്പരം വിശ്വാസമില്ലായ്മയും, ഇണയുടെ നെഗറ്റീവ് മാത്രം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പൊട്ടിത്തെറിക്ക് വിത്തിടുന്നത്. പോരായ്മകളും അരുതായ്മകളുമുണ്ടെങ്കിൽ പോലും സഹനവും സ്നേഹവും കൊണ്ട് നമുക്കത് മറികടക്കാനാവണം.

സഹിഷ്ണുതയുടെ ലോകം വീടിനകത്തു സൃഷ്ടിക്കാനാവുക എന്നതാണ് ഒരു കുടുംബ ജീവിതത്തിന്റെ വിജയം. എല്ലാ ദുഃസ്വഭാവങ്ങളെയും കണ്ടറിഞ്ഞു പുഞ്ചിരി കൊണ്ട് നേരിടാനും സ്നേഹം കൊണ്ട് തിരുത്തിപ്പിക്കാനുമാവണം. ഭാര്യ ഭർതൃ ജീവിതത്തിൽ സ്നേഹത്തേക്കാൾ വലിയ ശകാരങ്ങളില്ല. ജീവിതത്തിലെ അരുതായ്മകൾ തിരുത്തിക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ആയുധമാണ് സ്നേഹം. അവിടെയാണ് പ്രണയം വിരിഞ്ഞു മരമായി മാറേണ്ടത്. പൊട്ടാനിരിക്കുന്ന ഹൃദയത്തെ കീഴ് പ്പെടുത്താൻ സ്നേഹത്തിനു സാധിക്കും. വിവാഹം കൊണ്ട് സൃഷ്ടിക്കപ്പെടേണ്ടത് വേർപിരിയാനാവാത്ത സൗഹൃദമാവണം. നല്ലൊരു സുഹൃത്തായി എല്ലാം പങ്കുവെക്കാൻ ഇണയെ തന്നെ തെരഞ്ഞെടുക്കണം.

കുടുംബ കലഹങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ നിയമ പാലകർ കാണിക്കുന്ന അശ്രദ്ധയാണ് താൻ തോറ്റു പോയെന്നും ഇനി ജീവിതം അവസാനിപ്പിക്കലാണ് നല്ലതെന്നും ഇര ചിന്തിക്കുന്നത്. കുഞ്ഞുനാളിൽ നമ്മളെ ആരെങ്കിലും തല്ലിയാൽ നമ്മൾ മാതാപിതാക്കളുടെ അടുത്തു ചെന്ന് പരാതി പറയുമായിരുന്നു. ആരടാ എന്റെ മോനെ തല്ലിയതെന്ന് പറഞ്ഞു പ്രതികരിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരാശ്വാസമുണ്ടാവാറില്ലേ. അത് മാത്രം മതിയാവും ചിലപ്പോൾ ഇവിടെയും.

കാക്കി ധാരികളുടെ മുന്നിൽ പരാതിയുമായി വരുന്നത് നമ്മുടെ നാടിന്റെ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം കൊണ്ടാണെന്ന തിരിച്ചറിവ് ചില നിയമ പാലകർക്ക് ഇല്ലാതെയാവുന്നു. പരാതികൾക്ക് പരിഹാരമുണ്ടാക്കേണ്ടവർ രാക്ഷസ വേഷം ധരിച്ചാൽ എങ്ങനെയാണ് നമ്മുടെ നാട് സംസ്കാര സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. തന്റെ മുന്നിൽ കൈ നീട്ടിയ അന്നത്തിനു വകയില്ലാത്തവരുടെ കയ്യിൽ കീശയിലുള്ളത് കൊടുത്ത് സാന്ത്വനത്തിന്റെ സഹചാരിയായ പോലീസുദ്യോഗസ്ഥരും നമ്മുടെ നാടിൻറെ അഭിമാനമാണെന്ന സത്യം വിസ്മരിക്കുന്നില്ല.

അത്തരം നല്ല മനുഷ്യ സ്നേഹത്തിന്റെ കാക്കിയാണ് ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടത്. ചില രാഷ്ട്രീയ ഏമാന്മാരുടെ കയ്യിലെ കളിപ്പാവയായി മാറുന്ന കാക്കി ധാരികൾ വലിച്ചെറിയപ്പെടുക തന്നെ വേണം. തങ്ങളെ സംരക്ഷിക്കാൻ ഇവിടെ ആരോ ഉണ്ടെന്ന അപകടകരമായ ധാരണയാണ് ഇത്തരം രാക്ഷസന്മാർക്ക് ധൈര്യമേറുന്നത്. സ്ത്രീ പീഡനങ്ങളുടെ വാർത്തയില്ലാത്ത ഒരു ദിവസവും കടന്നു പോവുന്നില്ലെങ്കിൽ നമ്മൾ എങ്ങനെയാണ് വിവേകമുള്ള മനുഷ്യരെന്ന് പറയപ്പെടേണ്ടത്. നാൽകാലികൾ പോലും നമ്മെയോർത്തു ലജ്ജിക്കുന്നുണ്ടാവില്ലേ. മൃഗവും മനുഷ്യരും തമ്മിൽ വ്യത്യാസം കാലിന്റെ എണ്ണം കൊണ്ട് മാത്രമാവരുതെന്ന് ഓർമപ്പെടുത്തുന്നു.

Keywords: Kerala, Article, Police, Top-Headlines, Complaint, Love, Mofia Parveen, Y Haneefa Kumbadaje, Note by Mofia Parveen; There is a lesson for those who forget everything in love.
< !- START disable copy paste -->

Post a Comment