Follow KVARTHA on Google news Follow Us!
ad

സര്‍കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂനിഫോം രീതി; വിവാദം കൊഴുക്കുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ

Controversy over gender neutral project #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കേരളത്തിലെ സര്‍കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂനിഫോം രീതി നടപ്പാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ പദ്ധതിയെ ചൊല്ലി വിവാദം. ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെകൻഡറി സ്‌കൂളിൽ ബുധനാഴ്ചയാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെകൻഡറി സ്‌കൂളായി ഇതോടെ ബാലുശേരി മാറി.
                        
Kerala, Kozhikode, News, Top-Headlines, Government,School, Education, Uniform, Gender, Controversy over gender neutral project.

'ഒരേ സ്വാതന്ത്ര്യം. ഒരേ സമീപനം’ എന്ന മുദ്രാവാക്യമായാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമിറ്റി രംഗത്തെത്തിയിട്ടുണ്ട്. കമിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ബാലുശേരി സ്‌കൂളിന് മുന്നിൽ പ്രതിഷേധ സമരവും നടന്നു.

ഭൂരിപക്ഷം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമിറ്റി ആരോപിച്ചു. പ്രതിഷേധവുമായി എംഎസ്‌എഫ്‌ കഴിഞ്ഞ ദിവസം പ്രിൻസിപലിനെ ഉപരോധിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ നടന്ന ചർചയിൽ വിഷയം ചർച ചെയ്യാൻ പിടിഎ ജനറൽ ബോഡി യോഗം ചേരുമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുമെന്നും പ്രിൻസിപൽ രേഖാമൂലം ഉറപ്പ് നൽകിയതായി ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറൽ സെക്രടറി സ്വാഹിബ് മുഹമ്മദ് എന്നിവർ അറിയിച്ചു.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂനിഫോം അടിച്ചേൽപ്പിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് പി എച് ആഇശ ബാനു പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സർകാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിഷ്‌കരണം യഥാർഥത്തിൽ അടിച്ചേൽപ്പിക്കലാണ് എന്നതിനാൽ പൂർണമായും ഈ ആശയത്തോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നതായും ആഇശ പറഞ്ഞു.

ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ യൂനിഫോം പരിഷ്‌കാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് ബാലുശേരി ഗവ. ഗേൾസ് സ്കൂൾ അധികൃതർ പിന്മാറണമെന്ന് എസ് എസ് എഫ് ബാലുശേരി ഡിവിഷൻ കമിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിൻസിപലിന് നിവേദനവും നൽകി. ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്നും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നതെന്നും എസ് എസ് എഫ് ഭാരവാഹികൾ പറയുന്നു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതിന്റെ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകൾക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ് എസ് എഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എസ് എസ് എഫ് ജില്ലാ ജന. സെക്രടറി ഡോ. എം.എസ് മുഹമ്മദ്, ബാലുശേരി ഡിവിഷന്‍ ജന. സെക്രടറി നൗഫൽ കുറുമ്പോയിൽ, സൽമാൻ കൊടശ്ശേരി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

അതേസമയം കേരളത്തിലെ സർകാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂനിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂനിഫോം ലിംഗ വ്യതാസമില്ലാതെ ഏകികരിക്കാനുള്ള നിർദേശം സ്വാഗതം ചെയുന്നു. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയ്ക്കും മാറ്റം വേണം. ജെൻഡർ ന്യൂട്രാലിറ്റി വിഷയം വിവാദമാക്കേണ്ട വിഷയമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം എന്ന ആശയം സർകാർ നടപ്പിലാക്കുമ്പോൾ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ജൈവിക പരമായ വ്യത്യാസങ്ങൾക്കപ്പുറത്ത് ആൺ പെൺ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഇത് പോലുള്ള തീരുമാനങ്ങൾ സഹായകമാവുമെന്നും ഇത് ചരിത്രമാകുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു.

അതേസമയം വിവാദം ഉയരുന്നതിനിടെയും പദ്ധതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

Keywords :  Kerala, Kozhikode, News, Top-Headlines, Government,School, Education, Uniform, Gender, Controversy over gender neutral project.
< !- START disable copy paste -->

Post a Comment