Follow KVARTHA on Google news Follow Us!
ad

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിട പറഞ്ഞത് മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച പ്രതിഭ

Lyricist Bichu Thirumala passes away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 26.11.2021) ഗാനരചയിതാവ് ബിച്ചുതിരുമല (ബി ശിവശങ്കരന്‍ നായര്‍) അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്. 

നടന്‍ മധു നിര്‍മിച്ച അകല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയര്‍ത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ... തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നു പിറന്നു.

News, Kerala, State, Thiruvananthapuram, Song, Writer, Death, Cinema, Entertainment, Lyricist Bichu Thirumala passes away


എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപെര്‍ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 70 ലും 80 ലും തീര്‍ത്തത് പാട്ടുകളുടെ പുതുവസന്തം. ഈണങ്ങള്‍ക്കനുസരിച്ച് അര്‍ഥഭംഗി ഒട്ടും ചോരാതെ സന്ദര്‍ഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്റെ പ്രധാന സവിശേഷത. ഏതൊരാളുടേയും മനസിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളും വരികളെ മനോഹരമാക്കി. താരാട്ടുപാട്ടുകളുടെ വിസ്മയവും ആ തൂലികയില്‍ പിറന്നു. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീര്‍ത്തത് ഹിറ്റ് പരമ്പരകള്‍. 

1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. എ ആര്‍ റഹ്മാന്‍ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്. 

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജെ ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടി. 

മൂവായിരത്തോളം സിനിമാപാട്ടുകളാണ് അദ്ദേഹം ഒരുക്കിയത്. ഒപ്പം സൂപെര്‍ഹിറ്റായ ലളിതഗാനങ്ങള്‍ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസിന് വാമദേവന്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍.

ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വാദക മനസിനോട് ചേര്‍ന്നു നിന്നു.

സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തില്‍ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങള്‍ ബിച്ചുവിന്റെ തൂലികയില്‍ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


Keywords: News, Kerala, State, Thiruvananthapuram, Song, Writer, Death, Cinema, Entertainment, Lyricist Bichu Thirumala passes away

إرسال تعليق