Follow KVARTHA on Google news Follow Us!
ad

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം: ഏഴാം തവണയും സുവര്‍ണപന്തില്‍ മുത്തമിട്ട് ലിയോണല്‍ മെസി, ഏറ്റവും മികച്ച പുരുഷ യുവതാരം പെഡ്രി, ഏറ്റവും മികച്ച വനിതാ താരം അലക്‌സിയ പുടെലാസ്

Lionel Messi takes home his seventh Ballon d'Or#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാരീസ്: (www.kvartha.com 30.11.2021) ഏഴാം തവണയും സുവര്‍ണപന്തില്‍ മുത്തമിട്ട് ഫുട്‌ബോളിന്റെ ആകാശത്ത് മഴവില്ല് വിരിയിച്ച് ലിയോണല്‍ മെസി. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയാണ് താരം ചരിത്രം കുറിച്ചത്. പുലര്‍ച്ചെ  പാരീസില്‍ നടന്ന ചടങ്ങിലാണ് ഫുട്‌ബോളിലെ വിഖ്യാത പുരസ്‌കാരത്തിന് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി അര്‍ഹനായത്.

കഴിഞ്ഞ സീസണില്‍ അര്‍ജന്റീനയ്ക്കായും ബാഴ്സലോണയ്ക്കായും നടത്തിയ മികവാണ് 34 കാരനെ തുടര്‍ച്ചയായ രണ്ടാംതവണയും ലോകത്തെ മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള പുരസ്‌കാര ജേതാവാക്കിയത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ ഡി ഓര്‍ നേട്ടം പേരിലെഴുതിയിരുന്നു. 

അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നത്. ബാഴ്സലോണയിലും പിഎസ്ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോള്‍ വേട്ടയില്‍ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്സയില്‍ കഴിഞ്ഞ സീസണില്‍ 30 ഗോള്‍ കണ്ടെത്തിയ മെസി കോപ ഡെല്‍റെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാല്‍ അര്‍ജന്റീന ജേഴ്സിയിലെ ആദ്യ അന്താരാഷ്ട്ര കിരീടം കോപാ അമേരികയിലൂടെ മെസി നേടിയത് ഈ വര്‍ഷമാണ്. 

റോബര്‍ട് ലെവന്‍ഡോവ്സ്‌കി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രയ്ന്‍ തുടങ്ങിയ താരങ്ങളെ മറികടന്നാണ് മെസിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോര്‍ജീഞ്ഞോ, കരീം ബെന്‍സേമ, എന്‍ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തിയത്. 

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുടെലാസ് ആണ് സ്വന്തമാക്കിയത്. മധ്യനിര താരമായ അലക്‌സിയ 26 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്ക് എതിരെ നേടിയ ഗോളും ഇതില്‍ ഉള്‍പെടുന്നു.

News, World, Paris, International, Sports, Football, Football Player, Leonal Messi, Award, Lionel Messi takes home his seventh Ballon d'Or


ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപാ പുരസ്‌കാരം 19 കാരനായ ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് ബൊറൂസ്യ ഡോര്‍ട്മുണ്ടിന്റെ ജൂഡ് ബെലിംഗ്ഹാം എത്തിയപ്പോള്‍ മൂന്നാമത് ബയേണിന്റെ ജമാല്‍ മുസൈലയാണ്. ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിന്റെ റെകോര്‍ഡുകള്‍ പോലും കടപുഴക്കി മുന്നേറുന്ന റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിക്കാണ് ഏറ്റവും മികച്ച സ്‌ട്രൈകര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബുണ്ടസ്‌ലിഗയില്‍ മാത്രം കഴിഞ്ഞ സീസണില്‍ 41 ഗോളുകളാണ് പോളിഷ് താരം അടിച്ച് കൂട്ടിയത്. 

പുരുഷ വിഭാഗത്തില്‍ ഏറ്റവും മികച്ച ഗോള്‍കീപര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി പിഎസ്ജിയുടെ ഇറ്റാലിയന്‍ കാവല്‍ക്കാരന്‍ ജിയാന്‍ലുജി ഡോണറുമ പറന്നെടുത്തു. ചെല്‍സിയുടെ എഡ്വാര്‍ഡോ മെന്‍ഡിയെ പിന്തള്ളിയാണ് യുറോ കപിലെ ഇറ്റലിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഡോണറുമ പുരസ്‌കാരത്തിന് അര്‍ഹനായത്. 

എ സി മിലാനില്‍ നിന്ന് ഈ സീസണില്‍ ആണ് താരം പിഎസ്ജിയില്‍ എത്തിയത്. ക്ലബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗും വുമണ്‍സ് സൂപെര്‍ ലീഗും നേടിയ ചെല്‍സിയാണ് നേടിയത്. ഇതിഹാസ താരമായ ദിദിയര്‍ ദ്രോഗ്ബയും മാധ്യമപ്രവര്‍ത്തകയായ സാന്‍ഡി ഹെറിബര്‍ടുമാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകരായത്. 

Keywords: News, World, Paris, International, Sports, Football, Football Player, Leonal Messi, Award, Lionel Messi takes home his seventh Ballon d'Or

Post a Comment