ഈ സംഭവത്തിന്റെ പേരില്‍ ഒരു പ്രാവശ്യം ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടിയതാണ്, വര്‍ഷങ്ങള്‍ക്കുശേഷം ഈ വിഷയം പൊതുജനമധ്യത്തിലേക്ക് വലിച്ചിഴച്ചത് കടുത്ത അനീതി; സഹപ്രവര്‍ത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും അയച്ചെന്ന സംഭവത്തില്‍ ടിം പെയ്‌ന് പിന്തുണയുമായി ഭാര്യ


സിഡ്‌നി: (www.kvartha.com 22.11.2021) ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ടിം പെയ്‌ന് പിന്തുണയുമായി ഭാര്യ ബോണി പെയ്ന്‍ രംഗത്ത്. സഹപ്രവര്‍ത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും അയച്ചെന്ന സംഭവത്തില്‍ ടിം പെയ്‌ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ബോണിയെത്തിയത്. വിവാദത്തിന്റെ പേരില്‍ ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത് ശരിയായില്ലെന്ന് ഭാര്യ പ്രതികരിച്ചു.

ഇതേ സംഭവം ആദ്യം പുറത്തുവന്ന 2018ല്‍ താനും കുടുംബവും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചതാണ്, അതേ സംഭവം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പൊതു സമൂഹത്തിന് മുന്നിലേക്കിട്ടത് ശരിയായ നടപടിയല്ലെന്നും കടുത്ത അനീതിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

'ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇതെല്ലാം മറന്നതാണെങ്കിലും വീണ്ടും ഇക്കാര്യം പൊതുസമൂഹത്തിന് മുന്നിലേക്കു വലിച്ചിഴച്ചതില്‍ കടുത്ത നിരാശ തോന്നുന്നു. സംഭവിച്ചതെല്ലാം മറന്ന് ഞങ്ങള്‍ ഒട്ടേറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കിയത് കടുത്ത അനീതിയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'.


News, World, International, Sports, Player, Cricket, Wife, Cricket Test, Frustrated to see it being dragged again, says Tim Paine's wife on scandal


'സത്യത്തില്‍ ടിം പെയ്‌നിനോട് എനിക്ക് അനുകമ്പയാണ് തോന്നുന്നത്. കുറച്ചൊന്നുമല്ല, വളരെയധികം. 2018ല്‍ ഞങ്ങള്‍ രണ്ടുപേരും ഇതേ വിഷയത്തില്‍ കടുത്ത പരിഹാസങ്ങളും വേദനകളും അനുഭവിച്ചതാണ്' ദ് സണ്‍ഡേ ടെലെഗ്രാഫ്, സണ്‍ഡേ ഹെറാള്‍ഡ് സണ്‍ എന്നീ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബോണി പറഞ്ഞു.
 
2016 ലാണ് ടിം പെയ്ന്‍ ബോണിയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ടിം പെയ്‌നുമായി ബന്ധപ്പെട്ട ലൈംഗിക വിവാദം തലപൊക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം തന്നോട് തുറന്നുപറഞ്ഞ ടിം പെയ്‌നോട് വലിയ ആദരവുണ്ടെന്നും അവര്‍ വ്യക്തമാക്കി.

'ഈ വിവാദം സത്യത്തില്‍ ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എനിക്കുതന്നെ അദ്ഭുതമാണ്'.

'ആരും പൂര്‍ണരല്ല. അതുകൊണ്ട് ആര്‍ക്കായാലും രണ്ടാമതൊരു അവസരം കൂടി നല്‍കുന്നതാണ് ശരിയായ രീതി. ടിം എനിക്കു മുന്നില്‍ വന്നുനിന്ന് സംഭവിച്ചതെല്ലാം വിശദീകരിച്ചതാണ്. സത്യത്തില്‍ അദ്ദേഹത്തിന് അതു ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് എനിക്ക് വലിയ ആദരവുണ്ട്. ഇതില്‍ സ്‌നേഹത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ഞങ്ങള്‍ തമ്മില്‍ വളരെ ആഴത്തിലുള്ള സ്‌നേഹബന്ധമുണ്ട്. അദ്ദേഹം എന്നോട് എത്രയോ കാര്യങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. മറ്റ് ആളുകളും എന്നോട് ദയ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ടിമിനോട് ക്ഷമിക്കാനും പൊറുക്കാനും ഞാനും കടപ്പെട്ടവളാണെന്ന് കരുതുന്നു' ബോണി പറഞ്ഞു.

സഹപ്രവര്‍ത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ച സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ടിം പെയ്ന്‍ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ദേശീയ ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മാസങ്ങള്‍ മുന്‍പ് 2017ല്‍ ക്രികെറ്റ് ടാസ്മാനിയയിലെ ഒരു ജോലിക്കാരിക്ക് പെയ്ന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്നാണ് ആരോപണം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള സംസാരം എന്ന രീതിയില്‍ സംഭവം ടാസ്മാനിയന്‍ ക്രികെറ്റ് ഗുരുതരമായി എടുത്തിരുന്നില്ല.

Keywords: News, World, International, Sports, Player, Cricket, Wife, Cricket Test, Frustrated to see it being dragged again, says Tim Paine's wife on scandal

Post a Comment

Previous Post Next Post