'16-ാം വയസില്‍ പീഡിപ്പിച്ചു, എന്റെ കുട്ടിക്കാലം അപഹരിച്ചു'; മറഡോണയ്‌ക്കെതിരേ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

ബ്യൂനസ് ഐറിസ്: (www.kvartha.com 23.11.2021) അന്തരിച്ച അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത. മാവിസ് അല്‍വാരസ് എന്ന 37 കാരിയാണ് മറഡോണയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. 20 വര്‍ങ്ങൾക്ക് മുമ്പ് മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് അല്‍വാരസിന്റെ വെളിപ്പെടുത്തല്‍. മറഡോണ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുവതിയുടെ ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് താരത്തിനെതിരെ അല്‍വാരസ് ലൈംഗിക പീഡനം ആരോപിച്ചത്.


തനിക്ക് 16-ാം വയസുള്ളപ്പോള്‍ മറഡോണ ബലാല്‍സംഗം ചെയ്‌തെന്നും മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക് നിര്‍ബന്ധിച്ചുവെന്നുമാണ് മുന്‍ കാമുകി കൂടിയായ ക്യൂബന്‍ വനിതയുടെ വെളിപ്പെടുത്തല്‍. തന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചുവെന്നും താല്‍പര്യത്തിന് വിരുദ്ധമായി ആഴ്ചകളോളം ബ്യൂനസ് ഐറിസിലെ ഹോടെലില്‍ മറഡോണ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു. 2001 ലായിരുന്നു സംഭവം നടന്നത്. മറഡോണയ്ക്ക് അന്ന് 40 വയസായിരുന്നു. ഹവാനയിലെ ഒരു ക്ലിനികില്‍ വെച്ചാണ് മറഡോണ ബലാത്സംഗം ചെയ്തതെന്നും അല്‍വാരസ് പറഞ്ഞു.


'ലഹരി മുക്‌തി ചികില്‍സക്കായി മറഡോണ ഹവാനയിലെത്തിയപ്പോഴാണ് അദേഹത്തെ പരിചയപ്പെട്ടത്. മറഡോണ ക്ലിനികില്‍ വച്ച് എന്‍റെ വായ പൊത്തി ബലാല്‍സംഗം ചെയ്തു. അതിനെക്കുറിച്ച് കൂടുതൽ ഓര്‍ത്തെടുക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. തൊട്ടടുത്ത മുറിയില്‍ എന്റെ അമ്മ ചികില്‍സയിലുണ്ടായിരുന്നു. എന്റെ കുട്ടിക്കാലം അയാള്‍ അപഹരിച്ചു. ഞാന്‍ മറഡോണയെ ഇഷ്‌ടപ്പെട്ടിരുന്നു, വെറുക്കുകയും ചെയ്‌തു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു. ആ മാനസികാഘാതത്തില്‍ നിന്നും മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.'- മാവിസ്​ ആൽവറസ്​ ബ്യൂനസ്​ ഐറിസിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

മറഡോയ്‌ക്കൊപ്പം ബ്യൂനസ് ഐറിസിലേക്ക് നടത്തിയ യാത്രയ്‌ക്കിടെ നേരിട്ട പീഡനങ്ങളെ കുറിച്ചും വെളിപ്പെടുത്തലുണ്ട്. 'മറഡോണയുടെ സഹായികള്‍ ഹോടെലില്‍ ആഴ്‌ചകളോളം തടഞ്ഞുവെച്ചു. ഹോടെലില്‍ നിന്ന് തനിച്ച് പുറത്തുപോകുന്നത് വിലക്കി. മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക് നിര്‍ബന്ധിച്ചു. മറഡോണയെ ഇപ്പോഴും ആരാധനാപാത്രമായി കാണുന്ന അര്‍ജന്‍റീനയില്‍ കഴിയുക പ്രയാസമാണ്. എനിക്ക് അയാളെക്കുറിച്ച് മോശം അനുഭവങ്ങള്‍ മാത്രമേയുള്ളൂ എന്നും ക്യൂബന്‍ വനിത പറഞ്ഞു.

മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് വല്ലാതെ ബുദ്ധിമുട്ടിച്ചു. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം മറഡോണയുമായുള്ള ബന്ധം തുടരേണ്ടി വന്നു. ക്യൂബൻ സർകാരിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിക്കുമായിരുന്നില്ലെന്നും അഞ്ച് വര്‍ഷത്തോളം കാലം മറഡോണയുമായി ബന്ധം തുടര്‍ന്നുവെന്നും യുവതി വ്യക്തമാക്കി.

ഹവാനയിലുള്ളപ്പോള്‍ മറഡോണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ക്യൂബന്‍ വനിത ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. തന്‍റെ മകൾക്ക് 15 വയസ്​ തികഞ്ഞതിനാൽ പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതായി അവർ അവകാശപ്പെട്ടു. എന്നാല്‍ പീഡനങ്ങളില്‍ വനിത പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം ആരോപണങ്ങള്‍ മറഡോണയുടെ സഹായികളായ അഞ്ച് പേര്‍ അഭിഭാഷകര്‍ മുഖേന നിഷേധിച്ചിട്ടുണ്ട്.

Keywords: Kerala, International, News, Sports, Complaint, Diego Maradona, Argentina, Cuba, Woman, Cuban woman accuses football legend Diego Maradona on assaulting her

Post a Comment

Previous Post Next Post