മലപ്പുറം: (www.kvartha.com 23.11.2021) സംവിധായിക ആഇശ സുല്‍ത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. സമീപകാലത്ത് ഉയര്‍ന്നുവന്ന വിപ്ലവം തന്നെയാണ് ലക്ഷദ്വീപിലെ പൗരാവകാശ സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുര്‍ റഹ് മാന്റെ പേരില്‍ സ്മാരക ട്രസ്റ്റ് ഏര്‍പെടുത്തിയ പുരസ്കാരം ആഇശ സുല്‍ത്താനയ്ക്ക് സമര്‍പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുകയായിരുന്നു ആര്യാടന് മുഹമ്മദ്.
പ്രഫുല്‍ ഖോഡ പടേലിന്റെ വിനാശകരമായ നടപടികളെ ധീരതയോടെയും തന്റേടത്തോടെയും നേരിട്ട ആഇശയുടെ പോരാട്ടമാണ് ഇന്ദിരയെ അനുസ്മരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുപ്പത്തില്‍ ബ്രിടീഷുകാര്‍ക്കെതിരായി ഇന്ദിര നടത്തിയത് ധീരമായ പോരാട്ടമാണ്. വര്‍ഗീയ ഉദ്ദേശത്തോടെയുള്ള വേര്‍തിരിവുകളെ മരിക്കുന്നതിന്റെ തലേന്നു പോലും എതിര്‍ത്തയാളാണ് ഇന്ദിര. സമാനമാണ് ആഇശയുടേയും നിലപാടുകള്‍. ഈ തന്റേടം മരണം വരെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
നല്ലവരായ ലക്ഷദ്വീപുകാരെ നശിപ്പിക്കാനും കേരളവുമായുള്ള അവരുടെ ബന്ധം തകര്‍ക്കാനുമാണ് അഡ്മിനിസ്ട്രേറ്ററെ മുന്‍നിര്‍ത്തി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അവാര്‍ഡ് രാജ്യത്ത് പോരാട്ടം നടത്തിയ കര്‍ഷകര്‍ക്കും അവര്‍ക്ക് പിന്തുണ നല്കിയവര്ക്കും സമര്‍പിക്കുന്നുവെന്ന് ആഇശ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപുകാര്‍ക്ക് പ്രചോദനമാണ് കര്‍ഷകരുടെ സമരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായി ആഇശ സംവാദവും നടത്തി.
Keywords: Aryadan compares Aisha Sulthana to Indira Gandhi, Malappuram, News, Criticism, Award, BJP, Kerala.