'തിരികെ സ്‌കൂളിലേക്ക്'; പൊതു നിര്‍ദേശങ്ങള്‍ അടക്കം 8 ഭാഗങ്ങളുള്ള മാര്‍ഗരേഖ പുറത്തിറക്കി; രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം, ആഴ്ചയില്‍ 6 ദിവസവും ശനിയാഴ്ചകളിലും ക്ലാസ്

തിരുവനന്തപുരം : (www.kvartha.com 08.10.2021) 'തിരികെ സ്‌കൂളിലേക്ക്', പൊതു നിര്‍ദേശങ്ങള്‍ അടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

ആറു വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്കാണ് പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. ആഴ്ചയില്‍ ആറുദിവസം ക്ലാസുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം. കുട്ടികള്‍ കൂട്ടം കൂടാതിരിക്കാന്‍ ശ്രമിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ ക്ലാസുകളില്‍ വരേണ്ടതില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന്‍ എടുക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ വൃത്തിയാക്കുന്നത് ഏറ്റവും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ സ്‌കൂളുകള്‍ വൃത്തിയാക്കും. പ്രിന്‍സിപല്‍ കണ്‍വീനറായി തദ്ദേശ സ്ഥാപന അധികൃതര്‍ ഉള്‍പെട്ട കമിറ്റി രൂപീകരിക്കും. സ്‌കൂള്‍ പിടിഎ, ക്ലാസ് പിടിഎ ചേരും. അധ്യാപകര്‍ വിദ്യാര്‍ഥികളുമായി നേരിട്ടു സംസാരിക്കും.

അടുത്ത അധ്യയന ദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണം. വിപുലമായ അകാദമിക് കലെന്‍ഡര്‍ പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സ്‌കൂള്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും.

Kerala school reopening new guidelines, Thiruvananthapuram, News, Education, Students, Ministers, Parents, Kerala

 ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബോന്‍ഡ് സെര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ബസ് കണ്‍സഷന്‍ തുടരും.

Keywords: Kerala school reopening new guidelines, Thiruvananthapuram, News, Education, Students, Ministers, Parents, Kerala.

Post a Comment

Previous Post Next Post