Follow KVARTHA on Google news Follow Us!
ad

കോട്ടയത്ത് കനത്തമഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് 13 പേരെ കാണാതായി; 3പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; 3 വീടുകള്‍ ഒലിച്ചുപോയി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Rain,Report,Dead Body,Kerala,
കോട്ടയം: (www.kvartha.com 16.10.2021) കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടല്‍. കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍ പൊട്ടി. വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് 13 പേരെ കാണാതായി. ഇതില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായി മൂന്ന് വീടുകള്‍ ഒലിച്ചുപോയതെന്നാണു റിപോര്‍ട്.

13 missing after landslide in Kottayam, Bodies of 3 found; 3 houses were washed away, Kottayam, News, Rain, Report, Dead Body, Kerala

ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്.

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട് വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാല്‍ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തില്‍ ചെറിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവര്‍ പല സ്ഥലങ്ങളിലും കുടുങ്ങി.

കനത്ത മഴയില്‍ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാര്‍ വീടിനു മുകളില്‍ കയറിയിരിക്കുന്നു. മുണ്ടക്കയംഎരുമേലി റോഡില്‍ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുള്‍ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തന്‍പുഴ രാമനായി ഭാഗത്ത് തോട്ടില്‍നിന്നു വെള്ളം കയറിയതിനെ തുടര്‍ന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാര്‍പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തില്‍ ആളുകളെ മാറ്റാന്‍ സാധിച്ചിട്ടില്ല. സിഎസ്‌ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പിച്ചു.

കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തന്‍ചന്ത ഭാഗത്ത് മുപ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ വരിക്കാനി എസ്എന്‍ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററില്‍ വെള്ളം കയറി. താഴത്തെ നില പൂര്‍ണമായും വെള്ളത്തിലായി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുള്‍ പൊട്ടിയതായി റിപോര്‍ടുണ്ട്. മന്നം ഭാഗത്ത് ആള്‍ താമസം ഇല്ലാത്ത വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയില്‍ ഉരുള്‍ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ എമര്‍ജന്‍സി ഓപെറേഷന്‍സ് സെന്റര്‍-0481 2565400, 2566300, 9446562236, 9188610017.

താലൂക് കണ്‍ട്രോള്‍ റൂമുകള്‍: മീനച്ചില്‍-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

Keywords: 13 missing after landslide in Kottayam, Bodies of 3 found; 3 houses were washed away, Kottayam, News, Rain, Report, Dead Body, Kerala.

Post a Comment