സൂപ്പി വാണിമേൽ
മംഗളുറു: (www.kvartha.com 23.09.2021) ലോകപ്രശസ്ത ദസറ ആഘോഷം വരവേൽക്കാൻ മൈസുറു കൊട്ടാരത്തിൽ ഒരുക്കങ്ങൾ തകൃതി. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. അടുത്ത മാസം ഏഴു മുതൽ 15 വരെയാണ് കോവിഡ് മാനദണ്ഡ ഇളവുകളോടെ ആഘോഷം.
ഋതുഭേദങ്ങളിൽ നിറംമങ്ങിയ ആനപ്രതിമകളിലാണ് ആദ്യ മിനുക്കുപണികൾ. കൊട്ടാരച്ചുമരുകൾ, കൊത്തളങ്ങൾ, അകത്തളങ്ങൾ, മതിലുകളും ഗ്രിലുകളും തുടങ്ങി എല്ലായിടത്തും അനുയോജ്യ ചായങ്ങൾ പൂശുന്നുണ്ട്. രാജകുടുംബാംഗങ്ങൾ താമസിക്കുന്ന ഭാഗത്ത് പ്രത്യേക ശ്രദ്ധയോടെയാണ് മിനുക്കുപണികൾ. പ്രവൃത്തികൾക്കായി കൊട്ടാരം ബോർഡ് ടെൻഡർ വിളിച്ചിരുന്നു.
വൈദ്യുതി വകുപ്പ് മാറ്റി സ്ഥാപിക്കാൻ കണ്ടെത്തിയ 20,000 വിളക്കുകൾ ഉൾപെടെ ദസറ ആഘോഷ വേളയിൽ സ്വർണവർണം ചൊരിയും. ഹോർടി കൾചർ വകുപ്പിന്റെ നേതൃത്വത്തിലാണ് അലങ്കാരച്ചെടികൾ സ്ഥാപിക്കുന്നത്. നേരത്തെയുള്ളവ കൂടാതെ ആയിരം പുതു ഇനങ്ങൾ കൊട്ടാര വളപ്പിന് അഴകാവും. എന്നാൽ കൊട്ടാര പരിസരങ്ങളിലെ പൊട്ടിപ്പൊളിഞ്ഞ പാതകൾ നേരെയാക്കാൻ മൈസുറു കോർപറേഷൻ ഇതുവരെ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
കൊട്ടാര മതിൽ ചായം പൂശുന്നതിനിടെ പെയിന്റിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. അഫ്‌ത്വാബ് (35) ആണ് പരിക്കേറ്റ് ആശുപത്രിയിലായത്. 15-18അടി ഉയരത്തിൽ നിന്നാണ് തെന്നിയത്. അരയിൽ കെട്ടിയ കയർ വീഴ്ചയിൽ ഇളകിപ്പോയി. താഴെ അടുക്കിവെച്ച സിമന്റ് കട്ടകൾ കടന്ന് മണൽ കൂനയിലാണ് യുവാവ് പതിച്ചത്. മറ്റു തൊഴിലാളികൾ ഓടിയെത്തി കൊട്ടാരത്തിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇടതു കാലിൽ പൊട്ടലുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Keywords: Karnataka, News, Mangalore, Festival, Mysore Palace, Programme, Top-Headlines, Mysore Palace prepares to welcome Dasara.
< !- START disable copy paste -->