മംഗളുറു:(www.kvartha.com 15.09.2021) അന്തരിച്ച സമകാലിക നേതാവിന്റെ ഭൗതിക ശരീരം കണ്ണാടിക്കൂട്ടിലൂടെ കണ്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി ജനാർധന പൂജാരി വിതുമ്പി. കോവിഡ് ഭേദമായതിനെത്തുടർന്ന് വിശ്രമിക്കുന്ന അദ്ദേഹം ചക്രക്കസേരയിലാണ് മംഗളുറു മിലഗ്രസ് ദേവാലയത്തിൽ എത്തി ഓസ്കാർ ഫെർണാൻഡസിന് അന്തിമോപചാരം അർപിച്ചത്.
ഓസ്കാറിനേക്കാൾ നാലു വയസ് കൂടുതലുള്ള 84 കാരനായ പൂജാരിക്കും നെഹ്റു കുടുംബവുമായി ഉറ്റ ബന്ധമാണ്. പൂജാരിയുടെ സാന്നിധ്യം മുൻ എംഎൽസി ഐവൻ ഡിസൂസ മൈക്കിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. യു ടി ഖാദർ എംഎൽഎ പൂജാരിയുടെ ചലനങ്ങൾക്ക് സഹായിയായി ഒപ്പം സഞ്ചരിച്ചു.
ഓസ്കാറിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതര മൂതൽ ഉച്ചവരെ മിലഗ്രസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യദർശനം നടത്തി. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കടീൽ എം പി, മംഗളുറു മേയറും ബിജെപി നേതാവുമായ പ്രേമാനന്ദ ഷെട്ടി എന്നിവരും എത്തി.
ഇന്ന് വൈകുന്നേരം ബെംഗളൂറിലേക്കെടുക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ച 12 വരെ അവിടെ കെ പി സി സി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. ബെംഗളുറു സെന്റ് പാട്രിക് ദേവാലയത്തിൽ പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം സെമിത്തേരിയിൽ അടക്കും. തിങ്കളാഴ്ച പകൽ മൂന്നോടെയായിരുന്നു ഓസ്കാർ ഫെർണാൻഡസ് അന്തരിച്ചത്.
Keywords: News, Mangalore, Congress, Body, BJP, President, Dead, Visit, Janardhana Poojary turns emotional after visiting body of Oscar Fernandes
< !- START disable copy paste -->