ഇൻഡ്യൻ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും സി-295 എംഡബ്ല്യുയുടെ വരവ്. ഇൻഡ്യന്‍ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന ആവ്രോ വിമാനത്തിന് പകരമായാണ് ഇത് സേനയുടെ ഭാഗമാകുന്നത്. സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യയനുസരിച്ച് ഇൻഡ്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വര്‍ഷത്തില്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇൻഡ്യയില്‍ നിര്‍മിക്കുക. കരാറിന് സെപ്റ്റംബര്‍ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമിറ്റി അംഗീകാരം നല്‍കിയിരുന്നു.
അഞ്ച് മുതല്‍ 10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി-295 എംഡബ്ല്യു വിമാനങ്ങളില്‍ നിന്ന് സൈനികരെയും ചരക്കുകളും പാരഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. പൂര്‍ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇവ, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാനും പ്രയോജനപ്രദമാണ്.
രാജ്യത്തെ ഒട്ടേറെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വിമാനഭാഗങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പെടും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്‌സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പെടും. എയര്‍ബസ് ഡിഫെന്‍സിനെയും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അഭിനന്ദിച്ചു. ഇൻഡ്യയില്‍ വ്യോമയാന മേഖലയിലെ പദ്ധതികള്‍ക്കു വാതില്‍തുറക്കുന്നതാകും നീക്കമെന്നും രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു.
Keywords: New Delhi, India, News, Air Plane, Army, Tata, Chairman, Minister, Top-Headlines, Industries, Companies, India has signed a deal to acquire aircraft worth Rs 20,000 crore for the Air Force.