മംഗളുറു: (www.kvartha.com 21.09.2021) പൊതു സ്ഥലങ്ങളിലെ അനധികൃത ആരാധനാലയങ്ങൾ തകർത്ത് 2009 ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബി എസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർകാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നതായി രേഖ. കഴിഞ്ഞ ജൂലൈ ഒന്നിന് ചീഫ് സെക്രടറി പി രവികുമാർ ഓരോ ജില്ലയിലേയും ഡെപ്യൂടി കമീഷനർമാർക്ക് അനധികൃത ആരാധനാലയങ്ങളുടെ പട്ടിക സഹിതം കത്തുകൾ അയച്ചിരുന്നു. ഇതനുസരിച്ച് മൈസുറു ജില്ലാ ഡെപ്യൂടി കമീഷനർ നൽകിയ നിർദേശം നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിശക്തി മഹാദേവമ്മ ക്ഷേത്രം തകർത്ത് നടപ്പാക്കുകയാണ് നഞ്ചൻഗുഡ് താലൂക് അധികൃതർ ചെയ്തത്.
സുപ്രീം കോടതി 2009 സെപ്റ്റംബറിൽ പുറപ്പെടുവിച്ച വിധിയും അത് നടപ്പാക്കാൻ സർകാർ വൈമുഖ്യം കാണിക്കുന്നത് ചൂണ്ടിക്കാട്ടി സമർപിച്ച ഹരജികളിൽ കർണാടക ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവുകളും മുൻനിറുത്തിയാണ് ചീഫ് സെക്രടറി ഡിസിമാർക്ക് കത്തയച്ചത്. വിവിധ ജില്ലകളിലായി 6395 അനധികൃത ആരാധനാലയങ്ങൾ ഉണ്ടെന്നാണ് കണക്ക്.
മംഗളുറു ആസ്ഥാനമായ ദക്ഷിണ കന്നട ജില്ലയിലാണ് ഏറ്റവും കൂടുതൽ അനധികൃത ആരാധനാലയങ്ങൾ-1579. ശിവമോഗ്ഗ-740, ബലഗാവി-612, കോളാർ-397, ബഗൽകോട്ട്-352, ധാർവാഡ്-324, മൈസുറു-315, കൊപ്പൽ-306 തുടങ്ങി വിവിധ എണ്ണമാണുള്ളത്. സുപ്രീം കോടതി വിധി വന്ന വേളയിൽ അനധികൃത ആരാധനാലയങ്ങൾ ഒന്നുപോലും ഇല്ലാതിരുന്ന ബല്ലാറി ജില്ലയിൽ ഇപ്പോൾ 410 എണ്ണമുണ്ട്.

നഞ്ചൻഗുഡ് ക്ഷേത്രം തകർത്ത സംഭവം ബി ജെ പിക്കകത്തുൾപെടെ വിവാദമായ സാഹചര്യത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയിൽ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച ബിലുമായി രംഗത്തുവന്നു. കഴിഞ്ഞ ജൂലൈ 28ന് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം ചേർന്ന ആദ്യ സഭ സമ്മേളനത്തിലാണ് സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പഴുതുതേടുന്ന ബിൽ മേശപ്പുറത്ത് വെച്ചത്.
