Follow KVARTHA on Google news Follow Us!
ad

യുഎഇ-ഇൻഡ്യ വ്യോമയാന രംഗത്ത് വിപുലമായ സഹകരണം ഉറപ്പാക്കാൻ ചർച; കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സെർവീസുകൾ നടത്തുമെന്ന് പ്രതീക്ഷ

Discussion undergoing in UAE-India aviation cooperation #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 30.09.2021) യുഎഇ-ഇൻഡ്യ വ്യോമയാന രംഗത്ത് വിപുലമായ സഹകരണം ഉറപ്പാക്കാൻ ചർചകൾ തകൃതിയായി പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിനെക്കുറിച്ച് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സയൂദി ഇൻഡ്യയിലെ വിവിധ മന്ത്രാലയങ്ങളുമായി ചർച നടത്തി.

 
Discussion undergoing in UAE-India aviation cooperation

 

യുഎഇ-ഇൻഡ്യ സെക്ടറിൽ സീറ്റുകൾ വർധിപ്പിക്കുക, കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സെർവീസുകൾ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഗൗരവമായ ചർചകളാണ് നടന്നത്. എക്സ്‌പോ കാലയളവിൽതന്നെ കൂടുതൽ വിമാനങ്ങൾ ഈ സെക്ടറിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക അവസരം എന്നിവ എങ്ങനെ ത്വരപ്പെടുത്താമെന്നതായിരുന്നു ചർചകളിലെ പ്രധാന വിഷയം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ, ധനമന്ത്രി നിർമലാ സീതാരാമൻ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചർചകളിൽ പങ്കാളികളായി.

ഇരു രാജ്യങ്ങളും ചേർന്ന് സമഗ്രമായ സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിടുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർചകൾ മുമ്പോട്ടു പോകുന്നത്.

പരസ്പരം വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും നിലവിലുള്ള സംരംഭകരെ കൂടുതൽ ശാക്തീകരിക്കുന്നതിനും പുതിയ കരാർ അവസരമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

Post a Comment