Follow KVARTHA on Google news Follow Us!
ad

നവംബര്‍ ഒന്നിന് കെ എ എസ് നിയമന ശുപാര്‍ശ നല്‍കാനുള്ള തീരുമാനവുമായി പി എസ് സി; പരീക്ഷാ സിലബസില്‍ മാറ്റം കൊണ്ടുവരാനാകണമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Education,PSC,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2021) നവംബര്‍ ഒന്നിന് കെ എ എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി എസ് സിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് പി എസ് സി ജില്ലാ ഓഫിസ് ഓണ്‍ലൈന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എ എസ് അഭിമുഖം സെപ്റ്റംബറിനുള്ളില്‍ പി എസ് സി പൂര്‍ത്തിയാക്കും. എന്‍ട്രി കേഡറില്‍ സര്‍കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഒരാളാണ് ഭാവിയില്‍ ഉയര്‍ന്ന തസ്തികയില്‍ എത്തുന്നത്.

PSC with decision to recommend KAS appointment on November 1; CM wants change in exam syllabus, Thiruvananthapuram, News, Education, PSC, Chief Minister, Pinarayi Vijayan, Kerala

ഉദ്യോഗാര്‍ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പി എസ് സി പരീക്ഷാ സിലബസില്‍ മാറ്റം കൊണ്ടുവരാനാകണം. സര്‍കാര്‍ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉദ്യോഗാര്‍ഥികളില്‍ ഉയര്‍ത്താനാകും വിധം സിലബസില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപോര്‍ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പി എസ് സിക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കേന്ദ്രങ്ങള്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 887 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട്. പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തില്‍ 345 പേര്‍ക്ക് പരീക്ഷ എഴുതാനാകും. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കും. കോട്ടയത്ത് പി എസ് സി ഓഫിസ് കെട്ടിടത്തിന്റേയും ഓണ്‍ലൈന്‍ കേന്ദ്രത്തിന്റേയും നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാര്‍ഥികളെ ഉള്‍പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോള്‍ കേരള പി എസ് സി സ്വീകരിക്കുന്നത്. നിയമനം ലഭിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് നിയമനം ലഭിക്കാത്തവരായി ലിസ്റ്റിലുണ്ടാവും. റാങ്ക് ലിസ്റ്റില്‍ വന്നതിനാല്‍ നിയമനം ലഭിക്കുമെന്ന് ഇവര്‍ കരുതുകയും ചെയ്യും. റാങ്ക് ലിസ്റ്റുകളുടെ ഈ സ്ഥിതി പരിശോധിച്ച് റിപോര്‍ട് തയ്യാറാക്കുന്നതിന് ജസ്റ്റിസ് ദിനേശന്‍ കമിഷനെ സര്‍കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവെടുത്താല്‍ 1,61,361 പേര്‍ക്ക് സംസ്ഥാന പി എസ് സി മുഖേന നിയമനം നല്‍കി. നിരവധി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കാലമായിട്ടുകൂടി പി എസ് സിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായ നിലയില്‍ മുന്നോട്ടു പോയെന്നാണ് നിയമനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. പൊതുസംരംഭങ്ങളില്‍ നിന്നും സേവനങ്ങളില്‍ നിന്നും സര്‍കാര്‍ പിന്‍വാങ്ങുന്ന നിലയാണ് ഈ കാലയളവില്‍ രാജ്യത്തുണ്ടായത്.

എന്നാല്‍ അങ്ങനെ പിന്‍വാങ്ങുന്ന ഒരു നിലയും സംസ്ഥാനം സ്വീകരിച്ചില്ല. ആരോഗ്യ രംഗത്ത് ആവശ്യമായ നിയമനം നടത്താത്ത പ്രദേശങ്ങളും സംസ്ഥാനങ്ങളും കോവിഡിനെ നേരിട്ട അനുഭവവും നിയമനം നടത്തിയ കേരളം നേരിട്ട നിലയും നമ്മുടെ മുന്നിലുണ്ട്.

സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്താന്‍ പി എസ് സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നല്‍കുകയെന്നതാണ് സര്‍കാരിന്റെ സമീപനം. ലാസ്റ്റ്ഗ്രേഡ് സര്‍വീസ് മുതല്‍ ഡെപ്യൂടി കലക്ടര്‍ തസ്തിക വരെ നീളുന്ന 1760 ഓളം വിവിധ തസ്തികകളില്‍ പി എസ് സി നിയമനം നടത്തുന്നു. പ്രതിവര്‍ഷം ആയിരത്തോളം റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നു.

25000 ത്തോളം അഭിമുഖങ്ങള്‍ നടത്തുകയും 30000 ത്തോളം നിയമന ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്നു. വിജ്ഞാപനമിറങ്ങി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുമ്പ് അഞ്ചോ ആറോ വര്‍ഷമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ പി എസ് സിക്ക് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Keywords: PSC with decision to recommend KAS appointment on November 1; CM wants change in exam syllabus, Thiruvananthapuram, News, Education, PSC, Chief Minister, Pinarayi Vijayan, Kerala.

Post a Comment