Follow KVARTHA on Google news Follow Us!
ad

ബാല്യത്തിലെ കളിക്കൂട്ടുകാരി

Childhood playmate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 11 

ഇബ്രാഹിം ചെർക്കള

(www.kvartha.com 31.07.2021) ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രി കൂടി അവസാനിക്കുകയാണ്. കോളേജില്‍ പരീക്ഷയായതുകൊണ്ട് ഉറങ്ങാന്‍ വൈകി. തസ്‌നി പുതപ്പ് വലിച്ചുമൂടി കണ്ണടച്ചു കിടന്നു. മനസ്സില്‍ തെളിഞ്ഞുവരുന്ന അജ്മലിന്റെ മുഖം. താന്‍ മനസ്സ് തുറന്ന് പറഞ്ഞിട്ടും ഒന്നും പറയാതെ മിഴിച്ചു നിന്ന നിമിഷങ്ങള്‍. അജ്മലിന്റെ മനസ്സില്‍ എന്തായിരിക്കും. തന്നെ ഇഷ്ടമല്ലേ? എല്ലാം സങ്കല്‍പങ്ങള്‍ മാത്രമായിരുന്നോ? ബാല്യചാപല്യങ്ങള്‍ മാത്രമാണോ? മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.

Top-Headlines, Article, Ibrahim Cherkala, Kerala, Childhood playmate.

ഗള്‍ഫില്‍ പോയതിന് ശേഷമുള്ള ഒരു വിവരവും അറിയാത്തതില്‍ മനസ്സില്‍ ആധി വര്‍ദ്ധിച്ചു. പരീക്ഷ കഴിഞ്ഞാല്‍ കോളേജ് അവധി തുടങ്ങും. ഷമീമയെ കാണണം. അജ്മലിന്റെ വിശേഷങ്ങള്‍ അറിയണം. പതുക്കെ ഉറക്കത്തിലേക്ക് വഴുതി. 'തസ്‌നി.... തസ്‌നി.... നേരം പുലര്‍ന്നു. എന്തൊരു ഉറക്കമാണ്. വേഗം എഴുന്നേല്‍ക്ക്...' ഉമ്മയുടെ ശബ്ദം അവളെ ഉണര്‍ത്തി. തിടുക്കത്തില്‍ ഉണര്‍ന്നു സുബ്ഹി നിസ്‌കാരം കഴിഞ്ഞു, പുസ്തകം ഒന്നുകൂടി എടുത്തുനോക്കി.

അഷ്‌റഫ് ഹാജി പള്ളിയില്‍ നിന്നും വന്നു ഭാര്യയോട് നാട്ടുകാര്യങ്ങള്‍ ഓരോന്നും പറഞ്ഞുതുടങ്ങി. രാവിലെ ചായകുടിക്കിടയില്‍ കുറേസമയം നാട്ടുചര്‍ച്ചകള്‍ പതിവാണ്. 'പള്ളിക്ക് അടുത്തുള്ള പറമ്പ് റഷീദ്ഹാജി പള്ളിക്ക് തന്നെ വില്‍ക്കാന്‍ തീരുമാനിച്ചു.' 'അപ്പോള്‍ മൂസ ഹാജിയുടെ വാശി എന്തായി?' അത് ഖാസി ഉസ്താദിന്റെ അടുത്ത് ചര്‍ച്ചയ്ക്ക് വന്ന കാര്യമല്ലേ, അവസാനം മൂസ ഹാജി സമ്മതിച്ചു. അയാള്‍ മറ്റെന്തെങ്കിലും തന്ത്രം കണ്ടിരിക്കും. അതാണ് മൂസഹാജി. ഒന്നില്‍ പരാജയം തോന്നിയാല്‍ പുതിയ പ്രശ്‌നങ്ങളുമായി എത്തും.'

ഹാജിയാര്‍ മുറ്റത്തിറങ്ങിനടന്നു തേങ്ങാപ്പുരയില്‍ നോക്കി. കഴിഞ്ഞ വര്‍ഷത്തെ തേങ്ങ ഇതുവരെ കൊടുത്തിട്ടില്ല. തേങ്ങ പൊതിക്കുന്ന കണാരന് എന്നും തിരക്കാണ്. കുറേ കാലമായി കണാരനാണ് ആ ജോലി ചെയ്യുന്നത്. മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തോന്നിയില്ല. പഴയകാലത്ത് കണാരന്റെ അച്ഛനും തറവാട്ടിലെ ജോലിക്കാരനാണ്. തൊഴിലാളി എന്ന നിലയില്‍ അല്ല, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം. എന്ത് വിശേഷങ്ങള്‍ക്കും പരസ്പരം പങ്കുചേരും. ഓരോന്നും ചിന്തിച്ചു ഹാജിയാര്‍ വരാന്തയില്‍ ഇരുന്നു.

തസ്‌നി കോളേജിലേക്ക് പുറപ്പെടാന്‍ തയ്യാറായി എത്തി. 'എന്താ മോളേ, ഇന്ന് നേരത്തെയാണോ?' 'പരീക്ഷയല്ലേ, ഇനി അല്പസമയം കൂട്ടുകാരികള്‍ ഒന്നിച്ചുചേര്‍ന്ന് പഠിക്കും.' അവള്‍ പിന്നെയും അല്പസമയം ബാപ്പയുടെ മുന്നില്‍ നിന്നു. 'എന്താ പോകുന്നില്ലേ?' ഹാജിയാര്‍ പുഞ്ചിരിയോടെ മകളെ നോക്കി. 'ബാപ്പ നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നു. ആ സിദ്ദീഖ് ഉസ്താദിന്റെ വീട് കണ്ടിട്ടുണ്ടോ?' 'എന്ത് പറ്റി വീടിന്' 'ജീവിതകാലം മുഴുവനും സമുദായത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഉസ്താദന്മാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു നടത്തണം ബാപ്പാ. അവരെ സഹായിക്കാന്‍ മറ്റാരാണുള്ളത്. അടുത്ത മഴയ്ക്ക് ആ വീട് തകരും. അത്രയും ദയനീയമാണ്.'

ഹാജിയാര്‍ മകളുടെ മുഖത്ത് അത്ഭുതത്തോടെ നോക്കി. എല്ലാ ദിവസവും ഒന്നിച്ചു സംസാരിക്കുന്ന ഉസ്താദ് ഒരിക്കലും സ്വന്തം ബുദ്ധിമുട്ടുകള്‍ പറയാറില്ല. തസ്‌നി ഓര്‍മ്മിപ്പിച്ച കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മകള്‍ നടന്നകലുന്നതും നോക്കി ഹാജിയാര്‍ ഇരുന്നു. പള്ളിക്കമ്മിറ്റിയില്‍ വിഷയം അവതരിപ്പിച്ചു ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം.

വൈകുന്നേരത്തിന്റെ തണല്‍വിരിച്ച വഴിയിലൂടെ ഹാജിയാര്‍ വേഗതയില്‍ നടന്നു. തേങ്ങാക്കച്ചവടക്കാരന്‍ മൊയ്തു തിടുക്കത്തില്‍ നടന്നുപോകുന്നു. 'എങ്ങോട്ടാ ഇത്ര തിടുക്കത്തില്‍?' അഷ്‌റഫ് ഹാജിയുടെ ചോദ്യം കേട്ടു ചിരിയോടെ നിന്നു. 'മൂസ ഹാജിയുടെ തെക്കേപ്പാടത്തെ പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചെന്ന് നമ്മുടെ അത്തര്‍കാരന്‍ കുഞ്ഞാലി പറഞ്ഞു. അതൊന്ന് അന്വേഷിക്കണം. മോന്‍ യൂസഫിനിപ്പോള്‍ നാട്ടിലെ ഭൂമിയോടാണ് താല്‍പര്യം. അത് വലിയ പറമ്പല്ലേ? നല്ല തേങ്ങയും കിട്ടും.'

'മൂസ ഹാജി അത് വില്‍ക്കുമോ?' 'അയാള്‍ ടൗണില്‍ ഏതോ കെട്ടിടം വാങ്ങാനുള്ള പരിപാടിയാണ്. അതിന് പണത്തിനു ബുദ്ധിമുട്ടെന്നതാണ് കാര്യം.' മൊയ്തു വേഗതയില്‍ നടന്നകലുമ്പോള്‍ ഹാജിയാര്‍ നോക്കി നിന്നു. ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ടവനാണ് മൊയ്തു. നാല് പെണ്‍മക്കളും മൂന്ന് ആണ്‍കുട്ടികളും ഒരുനേരത്തെ ആഹാരത്തിന് വഴികാണാതെ നടന്ന നാളുകള്‍. ഇന്ന് നല്ല നിലയില്‍ എത്തിയിരിക്കുന്നു. അല്ലാഹുവിന്റെ ഓരോ പരീക്ഷണങ്ങള്‍...

റംസാനും പെരുന്നാളും കടന്നുപോയി. ദിവസങ്ങള്‍ പെട്ടെന്നാണ് കൊഴിഞ്ഞുവീഴുന്നത്. സിദ്ദീഖ് ഉസ്താദ് ഓരോന്നും ചിന്തിച്ച് വീട്ടിലേക്ക് നടന്നു. ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചതോടെ ഭാര്യയുടെ രോഗത്തിന് വലിയ മാറ്റമുണ്ടിപ്പോള്‍. എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. ഇനിയും കുറച്ച് കാലം ഈ മരുന്ന് തുടര്‍ന്നാല്‍ നല്ല നിലയില്‍ എത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പഴയതുപോലെ ഓടിനടന്നു എല്ലാം ചെയ്യാനുള്ള ആരോഗ്യം തിരിച്ചുകിട്ടിയാല്‍ ഷമീമയ്ക്ക് വലിയ ആശ്വാസം കിട്ടും. ചെറിയ പ്രായത്തില്‍ എത്ര കഷ്ടപ്പാടാണ് അവള്‍ സഹിക്കുന്നത്. ഉമ്മയെ ഒരു കുഞ്ഞിനെപ്പോലെ ഇത്രയും ക്ഷമയോടെ അവള്‍ ഓരോന്നും ചെയ്തുകൊടുക്കുന്നു.

അജ്മല്‍ പോയതോടെ വീട് തീര്‍ത്തും ഉറങ്ങിയത് പോലെ. ഇപ്പോള്‍ ഖദീജയുടെ അസുഖത്തിലെ മാറ്റം വലിയ സന്തോഷമാണ് നല്‍കുന്നത്. ഷമീമയുടെ മുഖത്തിനു നല്ല തെളിച്ചം വന്നിരിക്കുന്നു. അവളെ കാണുമ്പോള്‍ കരള്‍ പുകയും. വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കേണ്ട പ്രായത്തില്‍ അടുക്കളയില്‍ കരിയും പുകയും ഏറ്റ് വാടുന്നു. സിദ്ദീഖ് ഉസ്താദിന്റെ മനസ്സ് നീറി, എന്നാണ് റബ്ബേ എന്റെ കുട്ടിക്ക് ഒരു സമാധാനജീവിതം നല്‍കുക. നെടുവീര്‍പ്പോടെ ഉസ്താദ് നടന്നു.

ഉച്ചഭക്ഷണത്തിന്റെ തിരക്കിനിടയില്‍ ഷമീമ ഓരോന്നും ചെയ്തു. ഇടയ്ക്ക് ഉമ്മയെയും ശ്രദ്ധിക്കണം. പുതിയ ഒരു ഡോക്ടറുടെ മരുന്നില്‍ നല്ല സുഖമാണ് കിട്ടിത്തുടങ്ങിയത്. ഇപ്പോള്‍ അധിക സമയവും തന്റെ കൂടെ തന്നെ വന്ന് ഓരോന്നും പറഞ്ഞുതരും. എത്ര പറഞ്ഞാലും പഴയതുപോലെ കിടന്ന് വിശ്രമിക്കില്ല. അവള്‍ ചിന്തയോടെ ഉമ്മയുടെ മുറിയിലേക്ക് നടന്നു. 'ഉമ്മാ മരുന്ന് കഴിക്കേണ്ടേ?' കട്ടിലില്‍ ഇരുന്നു അവര്‍ മകളെ നോക്കി. ആ കണ്ണുകളിലെ ശാന്തത, മുഖത്തെ നൊമ്പരം എല്ലാം ഷമീമ ശ്രദ്ധിച്ചു. 'ഉമ്മാ ഇതാ മരുന്ന്. ഇത് കഴിഞ്ഞ് കുറച്ചുനേരം കിടക്ക്. ഞാന്‍ കറി കൂടി ഉണ്ടാക്കി വന്നതിന് ശേഷം അല്പസമയം മുറ്റത്ത് ഇറങ്ങി നടക്കാം.' മരുന്ന് കഴിച്ച് ഉമ്മയെ കിടത്തിയ ശേഷം ഷമീമ അടുക്കളയിലേക്ക് മടങ്ങി. ചെറിയ തീയില്‍ തിളച്ചുപതക്കുന്ന കറിയില്‍ നോക്കി ഇരുന്നു. മനസ്സില്‍ ഉമ്മയുടെ മുഖം മാറിമാറി തെളിഞ്ഞു.

'ഉസ്താദേ... ഉസ്താദേ...' മുറ്റത്ത് ആരുടെയോ ശബ്ദം ഉയര്‍ന്നു. ഷമീമ തിടുക്കത്തില്‍ വാതില്‍ തുറന്ന് മുറ്റത്ത് നില്‍ക്കുന്ന ആളെ അല്പനിമിഷം നോക്കി നിന്നു. പുഞ്ചിരിയോടെ അയാള്‍ നീങ്ങിയടുത്തു. 'ഷമീമാ... ഷമീമാ... എന്നെ മനസ്സിലായോ?' അവളുടെ ശരീരത്തില്‍ വൈദ്യുതിതരംഗങ്ങള്‍ പ്രവഹിച്ചു. ആ മുഖത്ത് ഒന്നുകൂടി നോക്കി അവള്‍ വാതിലിന് മറവിലേക്ക് ഒതുങ്ങി. യൂസഫ്; ആള്‍ ആകെ മാറിയിരിക്കുന്നു. വെളുത്ത് തടിച്ച് ഏറെ സുന്ദരനായിരിക്കുന്നു. ഷമീമയ്ക്ക് ശബ്ദം പുറത്തുവന്നില്ല. എന്തു പറയണം. 'ബാപ്പ എവിടെപ്പോയി?' യൂസഫിന്റെ ചോദ്യം പിന്നെയും ഉയര്‍ന്നു. അവള്‍ പതുക്കെ വാതിലിനിടയിലൂടെ ഒന്നുകൂടി നോക്കി. അയാള്‍ അവളെ നോക്കി നില്‍ക്കുന്നു. 'ഉപ്പ ഇപ്പോള്‍ വരും. കേറിയിരിക്കൂ..' അവള്‍ പണിപ്പെട്ടു അത്രയും പറഞ്ഞു ഒപ്പിച്ചു. യൂസഫ് മടിയോടെ വരാന്തയില്‍ കസേരയില്‍ ഇരുന്നു.

ഷമീമ തട്ടം മൂടിപ്പുതച്ച് വാതിലിന് മറവില്‍ നിന്നു. എന്ത് ചോദിക്കണം? അവള്‍ക്ക് ശ്വാസം മുട്ടി. 'അസ്സലാമു അലൈക്കും.' സിദ്ദീഖ് ഉസ്താദ് മുറ്റത്തെത്തി. യൂസഫ് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു. നീ എപ്പോള്‍ വന്നു. കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ നിന്റെ ബാപ്പ പറഞ്ഞു മോന്‍ വരുന്നുണ്ടെന്ന്. സുഖം തന്നെയല്ലേ' ഉസ്താദ് അടുത്തു വന്നു തോളില്‍ തട്ടി.

'ഇരിക്കൂ' യൂസുഫ് നിന്നു, കൈയ്യിലെ പൊതിയും എഴുത്തും നീട്ടി - 'അജ്മല്‍ തന്നതാണ്. ഞാന്‍ താമസം അല്‍പം അകലെയാണെങ്കിലും ഞങ്ങള്‍ ദിവസവും കാണും. ഇടയ്ക്ക് എന്റെ കടയില്‍ അജ്മല്‍ വരാറുണ്ട്.' 'അവന് സുഖം തന്നെ അല്ലേ?' ഉസ്താദ് അകത്തേക്ക് നോക്കി 'മോളേ ഷമീമാ... കുടിക്കാന്‍ എന്തെങ്കിലും എടുക്ക്' 'ഒന്നും വേണ്ട.' പല സ്ഥലത്തും പോകാന്‍ ഉണ്ട്. നാട്ടില്‍ എത്തിയാല്‍ പിന്നെ തിരക്ക് തന്നെ. 'ഉപ്പാ ചായ...' ഷമീമയുടെ ശബ്ദം കേട്ടു യൂസുഫ് പതുക്കെ തലയുയര്‍ത്തി നോക്കി.

അവളുടെ മന്ദഹാസം അവന്റെ മനസ്സില്‍ വര്‍ണ്ണങ്ങള്‍ നിറച്ചു. ചായ കുടിച്ചു ഇറങ്ങുമ്പോള്‍ ഉറക്കെ പറഞ്ഞു. 'ഞാന്‍ ഇനി ഒരിക്കല്‍ വരാം.' സിദ്ദീഖ് ഉസ്താദ് സന്തോഷത്തോടെ യൂസഫിനെ നോക്കിനിന്നു. കുളിര്‍ പടര്‍ത്തുന്ന ഓര്‍മ്മകള്‍ ഷമീമയുടെ മനസ്സില്‍ പല താളങ്ങള്‍ ഉണര്‍ത്തി. തന്റെ നിഴലായി മദ്രസയിലും സ്‌കൂളിലും നടന്നിരുന്ന പീക്കിരി പയ്യന്‍ ഇപ്പോള്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. നിറവും തടിയും എല്ലാം വന്നു ആളാകെ മാറിയിരിക്കുന്നു.

ആ കണ്ണുകളിലെ തിളക്കം, മന്ദഹാസം എല്ലാം ഷമീമ വീണ്ടും വീണ്ടും ഓര്‍ത്തു നോക്കി. എന്തിന് താന്‍ ഇങ്ങനെ യൂസഫിനെപ്പറ്റി ചിന്തിക്കുന്നത്. അയാള്‍ പഴയ ഒന്നുമില്ലാത്തവന്‍ അല്ല ഇപ്പോള്‍ നാട്ടിലെ പണക്കാരനാണ്. വലിയ ഉയരത്തില്‍ എത്തിനില്‍ക്കുന്ന യൂസഫിന് ഇന്ന് ഷമീമയെ ഓര്‍മ്മിക്കാന്‍ സമയം കാണുമോ? നൂറുക്കൂട്ടം തിരക്കുകള്‍ക്കിടയില്‍ പഴയ കളിക്കൂട്ടുകാരി, ബാല്യത്തിലെ തമാശ മാത്രമായിരിക്കും. ഷമീമയുടെ മനസ്സില്‍ നേരിയ നൊമ്പരം ഉയര്‍ന്നു.

(തുടരും)





Keywords: Top-Headlines, Article, Ibrahim Cherkala, Kerala, Childhood playmate.

< !- START disable copy paste -->

Post a Comment