Follow KVARTHA on Google news Follow Us!
ad

ക്ഷേത്ര പടിക്കെട്ടില്‍ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം; ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ കുട്ടിയെ ചവിട്ടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Students,attack,Study,Police,Complaint,Kerala,
കാട്ടാക്കട: (www.kvartha.com 08.06.2021) വീട്ടില്‍ നെറ്റ് വര്‍ക് കവറേജ് ലഭിക്കാത്തതിനാല്‍ വീടിനടുത്തുള്ള ക്ഷേത്ര പടിക്കെട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. ലോക് ഡൗണ്‍ ചട്ടലംഘനം ചൂണ്ടികാട്ടിയാണ് കാട്ടാക്കട പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്. ലാത്തിയും കേബിളും കൊണ്ട് മുതുകില്‍ അടിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റു.

Police Beat students studying on temple foot steps, Thiruvananthapuram, News, Students, Attack, Study, Police, Complaint, Kerala

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ കുട്ടിയെ പൊലീസ് ചവിട്ടി. മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് വന്ന് പൊലീസിനോട് കരഞ്ഞ് പറഞ്ഞിട്ടും ഇവരുടെ മുന്നിലിട്ടും മര്‍ദിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് അഞ്ചു തെങ്ങിന്‍മൂട് യോഗീശ്വര ക്ഷേത്ര അങ്കണത്തിലാണ് കുട്ടികളെ തല്ലിച്ചതച്ചത്.

പിടികൂടിയ കുട്ടികളെ ജീപ്പില്‍ കയറ്റി പട്ടണത്തില്‍ ചുറ്റിക്കറക്കി സ്റ്റേഷനിലെത്തിച്ച ശേഷമാണ് രക്ഷിതാക്കള്‍ക്ക് കൈമാറിയത്. അതേസമയം കുട്ടികളെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി. പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബാലാവകാശ കമിഷന്‍ സ്ഥലത്തെത്തി കുട്ടികളെ മര്‍ദിച്ച കേബിള്‍ പൊലീസ് ജീപ്പില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമിഷന്‍ ഉറപ്പു നല്‍കി. മൊബൈലില്‍ അശ്ലീല ചിത്രം കാണുന്നോ, കഞ്ചാവ് കച്ചവടമാണോ എന്നൊക്കെ ആക്രോശിച്ചാണ് പൊലീസ് വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും അടിച്ചത്. പ്രിന്‍സിപ്പല്‍ എസ് ഐ ഉള്‍പെടെ രണ്ട് ജീപ്പുകളുമായി വന്ന പൊലീസുകാരാണ് ക്ഷേത്ര അങ്കണത്തിലെ പടിക്കെട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടികളെ ഓടിച്ചിട്ട് മര്‍ദിച്ചത്.

കമിഷന്‍ ചെയര്‍മാന്‍ കെ ബി മനോജ് കുമാര്‍ സംഭവത്തില്‍ ക്ഷുഭിതനായി. കുട്ടികളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ചു തന്നെ അദ്ദേഹം പൊലീസിനെ ശകാരിച്ചു. കമിഷനു അകമ്പടിയായി എത്തിയ കാട്ടാക്കട എസ് ഐ അനീഷ് കുമാറിനോട് കമിഷന്‍ മര്‍ദന വിവരം ചോദിച്ചു. എന്നാല്‍ തങ്ങള്‍ മര്‍ദിച്ചില്ല, കുട്ടികള്‍ പൊലീസിനെ കണ്ട് ഓടിയതാണെന്നായിരുന്നു മറുപടി.

ക്ഷേത്രാങ്കണത്തില്‍ സാമൂഹിക വിരുദ്ധ ശല്യം ഉള്ളതായി 2020ല്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാനാണ് എത്തിയതെന്നാണ് എസ് ഐ കമിഷനോട് വിവരിച്ചത്. 2020ലെ പരാതി ഇപ്പോഴാണോ അന്വേഷിക്കുന്നതെന്നായി കമിഷന്‍. കേബിള്‍ കൊണ്ട് അടിച്ചില്ലെന്ന പൊലീസ് വാദം കുട്ടികള്‍ പൊളിച്ചു. ജീപ്പിനുള്ളില്‍ കേബിള്‍ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടികള്‍ തന്നെ ഇത് കമിഷന്റെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ ജീപ്പിനരികിലെത്തിയ കമിഷന്‍ കേബിള്‍ കണ്ടെടുത്തു.

അതേസമയം കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Keywords: Police Beat students studying on temple foot steps, Thiruvananthapuram, News, Students, Attack, Study, Police, Complaint, Kerala.

إرسال تعليق