ആവേശം ആകാശത്തോളം അലയടിക്കുമ്പോഴും കേരളത്തിന്റെ 'ധാർഷ്ട്യൻ' ശാന്തനായ നേരം

കന്തൽ സൂപ്പി മദനി

(www.kvartha.com 03.05.2021) കഴിഞ്ഞ അഞ്ചാണ്ട് കാലം കേരളീയരെ നിഷ്കപടമായും നിസ്സീമമായും സേവിച്ചതിനുള്ള അർഹമായതിലോ അതിലപ്പുറമോ ഉള്ള പ്രതിഫലം മെയ് രണ്ട് വൈകുന്നേരത്തോടെ കൈ നിറയെ വാങ്ങി വെച്ച ശേഷം പിണറായിലെ തന്റെ വസതിയിൽ നിന്നും ചാലയിലെ കൗണ്ടിങ്ങ് സെന്ററിലേക്ക് എല്ലാ നിലക്കും അഹങ്കരിച്ചും വീര ശൂര പരാക്രമി പരിവേഷത്തോടെയും ആവേശത്തോടെയും വേണ്ടുവോളം ഗർവ്വോടെയും പരിവാരാ കമ്പടിയോടെയും നടക്കാമായിരുന്നിട്ടും തെല്ലും ആവേശപ്രകടനങ്ങളില്ലാതെയും നിർവ്വികാരനായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടന്നു കയറി താൻ വിജയിച്ചതിന്റെ അംഗീകാര പത്രം ഒപ്പിട്ടു കൈപറ്റിയതും ഇറങ്ങി വന്ന ശേഷം മറ്റൊരിടത്ത് ഒന്നേകാൽ മണിക്കൂറോളം നീണ്ടു നിന്ന പക്വവും അതിലേറെ വിവേകപൂർണ്ണമായതുമായ വാർത്താസമ്മേളനം നടത്തി സർവ്വരേയും ആശ്ചര്യ ഭരതരാക്കിയതും അത്ര നിസ്സാരമല്ലാത്ത വസ്തുതയുമായിരുന്നു.

ആവേശം ആകാശം മുട്ടെ ഉയർന്നു നിന്ന ആ വികാരഭരിത സമയത്തുള്ള പ്രസ്സ്മീറ്റിൽ ആരെയും പേരെടുത്ത് ഭൽസിക്കാതെയും അതോടൊപ്പം കൊള്ളേണ്ടിടത്തെല്ലാം കൊള്ളുകയും പ്രത്യക്ഷത്തിൽ ആരെയും കടന്നാക്രമിക്കാതെയും ഒപ്പം തങ്ങൾക്ക് നേരെയാണ് ആ പ്രയോഗങ്ങളെന്ന് ആർക്കെങ്കിലും തോന്നുമെങ്കിൽ അങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തിയും ശാന്തതയോടെയും മിതത്വത്തോടെയും പറയേണ്ടതെല്ലാം പറയുകയും ചെയ്ത രംഗം ഏതൊരു പൗരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടത് തന്നെ. ഒരു മാതൃകാ ഭരണാധികാരിയുടെ എല്ലാം ഒത്തിണങ്ങിയ പ്രവർത്തികൾ.


ARTICLE KANDAL SOOPY MADANI

നാട്ടിലുടനീളം കോവിഡ് പരത്തിയ ഭീകരാന്തരീക്ഷത്തിൽ, അതിൽ പെട്ട് മരണമടഞ്ഞവരുടെയും രോഗാതുരരായി വിഷമിക്കുന്നവരുടെയും വേദന പങ്കിട്ടുകൊണ്ടാണ് അദ്ദേഹം തന്റെ സംസാരം തുടങ്ങിയത് തന്നെ എന്നതും ആലോചനാമൃതമാണ്. മറ്റൊരു ഭരണാധികാരിയും കേരളത്തിൽ നേരിട്ടിട്ടില്ലാത്തതും കഴിഞ്ഞ 60 മാസത്തിനിടെ പിണറായിക്കാരൻ വിജയന് നേരിടേണ്ടി വന്നതുമായ പ്രതിസന്ധികളുടെ കൈപ്പുനീരിനേക്കാളും അദ്ദേഹത്തെയും നിഷ്പക്ഷമതികളെയും വേദനിപ്പിച്ചത് തളരുന്ന കരങ്ങൾക്ക് താങ്ങാവേണ്ട പ്രതിപക്ഷം പക്ഷെ, ഒന്നടങ്കം അപസർപ്പക്കഥകൾ മെനഞ്ഞും പാവങ്ങളുടെ ആനുകൂല്യങ്ങൾക്ക് മുടക്കം സൃഷ്ടിച്ചും അടുത്ത ഭരണത്തിനുള്ള വോട്ട് കച്ചവടം പൊടിപൊടിക്കാനുള്ള കുല്സിത ശ്രമം നടത്തിയ രംഗങ്ങളാണ്.

പെണ്ണും, പൊന്നും ആരോപിച്ചും എന്തിനേറെ ഒരു വിഭാഗത്തിന്റെ ചങ്കിലെ ചോരയായ വിശുദ്ധ ഖുർആനിനെ പോലും നിയമസഭയിലടക്കം വലിച്ചിഴച്ച് അവയെ അവഹേളിച്ചും അവമതിച്ചും താണ്ഡവമാടുന്ന ദുർ കാഴ്ചക്കാണ് നാം ദൃക്സാക്ഷികളായത്. ശത്രുവിന്റെ ശത്രു മിത്രം എന്നത് അന്വർത്ഥമാക്കി കേന്ദ്രഭരണകൂടത്തെ കൂട്ടു പിടിച്ചു അവരുടെ അന്വേഷണ ഏജൻസികളെക്കൊണ്ടെങ്കിലും ഭരണം താറുമാറാക്കി കളയാമെന്ന് മോഹിച്ചു പ്രതിപക്ഷം ലക്കുകെട്ട കളിക്ക് വരെ മുതിർന്നു.

സ്വന്തം നാട്ടുകാരെ രോഗത്തിൽ നിന്നും വറുതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടുത്താമെന്നാലോചിച്ചു ഉറക്കം വരാത്ത ഒരു ഭരണത്തലവന്റെ തല എങ്ങിനെ ചവച്ചു തുപ്പിക്കളയാമെന്ന ഒറ്റ ചിന്ത മാത്രം തലയിൽ കയറ്റിയ പ്രതിപക്ഷത്തെയായിരുന്നു കഴിഞ്ഞ കുറച്ചു കൊല്ലക്കാലം സർക്കാരിന് നേരിടേണ്ടി വന്നത്. സർക്കാറിന്റെ അതെ ഉത്തരവാദിത്തം പൊതു ജന്മദ്ധ്യേ തങ്ങൾക്കുമുണ്ടെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ട രൂപത്തിൽ പെരുമാറുകയും കിറ്റ്,വീട്,ചികിത്സ, പെൻഷൻ തുടങ്ങി സർവ്വമാന സാന്ത്വന പ്രവർത്തനങ്ങൾക്കും ഉടക്ക് വെക്കാൻ മാത്രം ഓടിനടക്കുകയും സർവ്വതിനെയും നിരന്തരം കോടതി കയറ്റുകയും ചെയ്തതു വഴി പലപ്പോഴും സാധാരണ ഒരു ഭരണാധികാരിക്കുണ്ടായേക്കാവുന്ന ഒരു നിരാശയും നിസ്സംഗതയും തീണ്ടാതെ, ഭരണ ക്രമത്തിൽ താളം തെറ്റാതെ സഹ പ്രവർത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങിയ പിണറായിക്ക് ഞായറാഴ്ച വൈകിട്ട് കിട്ടിയ ചരിത്ര നിമിഷം എതിരാളികളോട് കണക്ക് തീർക്കാനുള്ള അവസരം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. എതിരാളികളെ കടിച്ചു കീറി കുടയാൻ മാത്രമുള്ള നേരമാക്കി അതിനെ മാറ്റാമായിരുന്നു. പക്ഷെ ആ വഴിയേ അദ്ദേഹം ചിന്തിച്ചതെ ഇല്ല.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ അധികാരാഗ്രഹങ്ങളുടെ ഏക ലക്ഷ്യത്തിലേക്കുള്ള അഴിഞ്ഞാട്ടത്തിന്റെ കഥ നമുക്ക് ആ അർത്ഥത്തിൽ എഴുതിത്തള്ളാമെങ്കിലും പക്ഷെ നിഷ്പക്ഷരാകേണ്ടവരും നിഷ്പക്ഷമെന്ന് കരുതപ്പെടുന്നവരുമായ വാർത്താമാധ്യമങ്ങളിൽ ഏറിയപങ്കും പ്രതിപക്ഷത്തിന്റെയും കേന്ദ്ര ഭരണ കക്ഷിയുടെയും താളത്തിനൊത്ത് തുള്ളിച്ചാടി നഗ്നമായി വലതുപക്ഷ പത്രമായി തന്നെ മാറി സ്വയം കൊച്ചായതാണ് ഏറെ സങ്കടകരം.

പറഞ്ഞു വന്നത് തനിക്ക് തല്ലാനവസരവും ആയുധവും തന്റെ തല്ലിനെ തടയാൻ ഒരു ഗതിയുമില്ലാത്തവിധം തല്ലുകൊള്ളാൻ വിധിക്കപ്പെട്ട് നിസ്സഹായരായ ഒത്തിരി പേരും മറു പക്ഷത്തുണ്ടായിട്ടും പക്ഷെ പിണറായി വിജയനെന്ന ധിക്കാരി, ധാർഷ്ട്യക്കാരൻ, കടക്ക് പുറത്തെന്ന അപഖ്യാതിയുടെ ഉടമ തുടങ്ങി അനവധി ദുർഗുണങ്ങളുടെയും വാക്താവായി മേലുദൃത കക്ഷികൾ പ്രചരിപ്പിച്ച പിണറായി വിജയൻ എന്ന ക്യാപ്റ്റൻ ഒരടിക്കു പോയിട്ട് നുള്ളി നോവിക്കാൻ പോലും മുതിരാതെ പക്വവും വിവേക പൂർണ്ണവും ഒപ്പം നിർവികാര പൂർണ്ണവുമായ ഒരു വാർത്താ സമ്മേളനം നടത്തിയതിനെ എടുത്തു പറയാതെ പോയാൽ നാം എന്തിനു കൊള്ളും..!

താൻ ഒന്നുരുവിട്ടാൽ എല്ലാ സീമകളും അധിലംഘിച്ചും കോവിഡ് പ്രോട്ടോകോൾ പരസ്യമായി പിച്ചി ചീന്തിയും വരുന്നേടത്ത് വെച്ചു കാണാം എന്ന മട്ടിൽ എല്ലാവിധ പ്രകടനങ്ങൾക്കും ആവേശഭരിതരായി കാത്തു നിൽക്കുന്ന അണികളോട് അരുതെന്നും നമ്മുടെ വിജയം നാടിന്റെ വിജയമെന്നും ഇപ്പോൾ നമുക്ക് ഈ വിജയമല്ല വലുതെന്നും മറിച്ച്,മരിച്ചു വീഴുന്ന കോവിഡ് ബാധിത രോഗികളാണെന്നും ഈ കോവിഡ് മഹാമാരിയെ തളച്ചിട്ടേ നമുക്ക് ബാക്കിയെല്ലാം ഇനിയുള്ളൂവെന്നും ഉറക്കെ പറഞ്ഞു സ്വയം നിയന്ത്രിതനാവാനും അനുയായികളെ വരച്ച വരയിൽ നിർത്താനും സാധിച്ചുവെന്നത് ബുദ്ധിശാലിയും വിവേകപൂർണ്ണനുമായ ഒരു ഭരണാധികാരിയുടെ നിപുണതയല്ലെങ്കിൽ മറ്റെന്താണ്...?

മത നിരപേക്ഷതയുടെ നിലനിൽപ്പും, ഭരണഘടനയുടെ അന്തസ്സത്ത നിലനിർത്തേണ്ടതും ഊന്നിപ്പറഞ്ഞ ശേഷം രോഗമുക്ത രാജ്യവും, വികസന തുടർച്ചയുടെ അനിവാര്യതയും ഒന്നിച്ചു നിന്നാൽ ഇതെല്ലാം നിഷ്പ്രയാസം സാധ്യമാവുമെന്നും ഒരാളും സ്വന്തം വീടില്ലാതെ വിഷമിക്കരുതെന്നും ഉടുക്കാണും ഉണ്ണാനും വകയില്ലാത്തവർ ഒരാളും നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന അവസ്ഥ വരരുതെന്നും, ലൈഫ് മിഷൻ പോലുള്ള, കിറ്റ് വിതരണം പോലുള്ളതെല്ലാം പൊതു നന്മ ആശിച്ചു മാത്രമുള്ളതാണെന്നും പറഞ്ഞു വെച്ചു ഇന്നിത്ര മതി, ബാക്കിയെല്ലാം പിന്നീടാവാമെന്നു പറഞ്ഞു അദ്ദേഹം എഴുന്നേൽക്കുമ്പോൾ എന്നും ചില കുരുട്ടു ചോദ്യങ്ങളുമായി ചാടി വീഴാറുള്ള 'മാധ്യമ' പോരാളികളെയൊന്നും അവിടെ കണ്ടതേ ഇല്ല.

കാരണം ഇക്കഴിഞ്ഞ ഒരു മണിക്കൂറിലേറെ സമയം വേണ്ടുവോളം അവരുടെ പള്ളയിൽ അവരറിയാതെ തള്ളിക്കയറ്റപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ അവർക്കതിനായി വാ തുറക്കാൻ പോലും പറ്റുമായിരുന്നില്ല. ഇതൊരു സഖാവ് അനുകൂല കുറിപ്പോ, 'ജോർജിയൻ' ശൈലിയിൽ പറഞ്ഞാൽ പിണറായിയെ
 പുകഴ്ത്തലോ അല്ലേ അല്ല, അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവത്തെ എടുത്തുദ്ധരിച്ചുവെന്നേയുള്ളൂ.

Keywords: Kerala, Article, Pinarayi Vijayan, Chief Minister, Assembly-Election-2021, Election, LDF, Winner, Politics, Political Party, Kandal Soopy Madani, Kerala's 'arrogant' was calm even when the excitement of win was high.


Post a Comment

Previous Post Next Post