Follow KVARTHA on Google news Follow Us!
ad

മെയ്‌ 28: ലോക രക്താർബുദ ദിനം; നോവായി രണ്ടു പ്രിയ സഖാക്കൾ

May 28: World Leukemia Day; Memories of two comrades#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kvartha.com 28.05.2021) രക്താർബുദ ദിനമായ ഇന്ന് ഓർമ്മയിൽ നോവായി എത്തുന്നത് ആ രോഗം കവർന്ന രണ്ട് പ്രിയ സഖാക്കൾ. എംഎൽഎമാരായിരുന്ന എം ദാസനും മത്തായി ചാക്കോയുമാണവർ. രണ്ട് തവണ കോഴിക്കോട്-ഒന്ന് (നിലവിൽ നോർത്ത്) മണ്ഡലം പ്രതിനിധീകരിച്ച ദാസന് 2002 ജൂണിൽ വിടപറയുമ്പോൾ 49 ആയിരുന്നു പ്രായം. തിരുവമ്പാടി മണ്ഡലം പ്രതിനിധീകരിച്ച മത്തായി ചാക്കോ 47-ാം വയസ്സിൽ 2006 ഒക്ടോബർ 13നാണ് വിടചൊല്ലിയത്.

വടകര ചോറോട് സ്വദേശിയായിരുന്നു ദാസൻ. 1987,1996 തെരഞ്ഞെടുപ്പുകളിൽ നിയമസഭയിലെത്തി. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്നു. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായിരിക്കെയാണ് അർബുദ ബാധിതനായത്. കോഴിക്കോട് ഉള്ള്യേരിയിൽ എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിൽ എഞ്ചിനിയറിംഗ് സ്ഥാപനം പ്രവർത്തിക്കുന്നു. തന്റെ രാഷ്ട്രീയ തട്ടകത്തിൽ പ്രിയ നേതാവിന്റെ ഓർമ്മകൾ അനശ്വരമാക്കുന്നത് വടകര സഹകരണ ആശുപത്രിയിലെ എം ദാസൻ മെമ്മോറിയൽ മെഡിക്കൽ ട്രസ്റ്റാണ്.

World Leukemia Day

കോഴിക്കോട് എംഎൽഎയും പാർട്ടി ജില്ല സെക്രട്ടറിയുമായ കാലം വടകരയിൽ നിന്ന് ബസ്സ് കയറുകയും ഇറങ്ങുകയും ചെയ്യുമായിരുന്ന ജനനേതാവിനോട് രാഷ്ട്രീയാതീത ആദരവായിരുന്നു നാട്ടുകാർക്ക്. ദാസന്റെ സഖി പി സതിദേവി പതിനാലാം ലോക്സഭയിലേക്ക് ജനവിധി തേടിയപ്പോൾ വലിയ വിജയമാണ് വടകര മണ്ഡലം നൽകിയത്. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും അഭിഭാഷകയുമായ അവരും മകൾ അഞ്ജലിയും ദാസന്റെ മണ്ണിന് എന്നും പ്രിയപ്പെട്ടവർ.

ഊഷ്മള വ്യക്തിബന്ധം പുലർത്തിയ സുഹൃത്തായിരുന്നു ദാസേട്ടൻ. എല്ലാവർക്കും അങ്ങിനെത്തന്നെ. അദ്ദേഹം നായകനായ ഇടതു ജനാധിപത്യ വിദ്യാർത്ഥി-യുവജന ജാഥയിൽ അംഗമായതും കോഴിക്കോട് കളക്ടറേറ്റ് പിക്കറ്റിംഗും ഓർമ്മയിലെന്നും ജ്വാല. ജാഥയിൽ എല്ലാ സംഘടനാ പ്രതിനിധികൾക്കും സ്വീകരണ സ്ഥലങ്ങളിൽ സംസാരിക്കാൻ അവസരം നൽകിയ ക്യാപ്റ്റൻ. എടച്ചേരിയിലെ പരിപാടിയിൽ കൂടുതൽ സമയം പ്രസംഗിക്കണമെന്ന് പറഞ്ഞത് അനുസരിച്ചു. ശ്രോതാക്കളിൽ അന്നത്തെ സി പി എം ഒന്നാം നിരക്കാരായിരുന്ന മുൻ എംഎൽഎ ഇ വി കുമാരേട്ടനും അനുജൻ ഇ വി കൃഷ്ണേട്ടനും പേരറിയാത്ത പല നേതാക്കളും ഉണ്ടായിരുന്നത് പിന്നീടാണ് കണ്ടത്.

വാഹനത്തിൽ കയറുന്നതിനിടെ തോളിൽ തട്ടി കൃഷ്ണേട്ടൻ പറഞ്ഞു, 'കുട്ടി സഖാവേ പ്രസംഗം ഞെരിപ്പനായി...'. പിന്നീട് പലതവണ ബസ് യാത്രകളിലും ആൾക്കൂട്ടത്തിലും കക്ഷത്ത് കറുത്ത ബാഗുമായി കൃശഗാത്രനായ ആ വെളുത്ത കുപ്പായക്കാരനെ കാണുകയും സംസാരിക്കുകയും സ്നേഹവും കമ്മ്യൂണിസവും പകർന്നു തരുകയും ചെയ്തിരുന്നു. ആ നേരമെല്ലാം കണ്ണിചേർക്കാൻ ഭയക്കുന്ന കൊളുത്തായി എടച്ചേരിയിലെ സഖാവ് വിളി മനസ്സിൽ കിടന്നു.

കളക്ടറേറ്റ് പിക്കറ്റ് ചെയ്തവരെ കൊണ്ടുതള്ളിയ ചേവായൂർ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് പരിസരത്തുനിന്ന് എന്താടോ പേടിയുണ്ടോന്ന് ദാസേട്ടൻ ചോദിച്ചത് പരിഭ്രമം കണ്ടിട്ടാണെന്നുറപ്പായിരുന്നു. ഒരു കൂസലുമില്ലാതെ അദ്ദേഹവും എ ഐ വൈ എഫ് നേതാവ് സത്യൻ മൊകേരിയുൾപ്പെടെ സഖാക്കളും ചിരിച്ചുല്ലസിച്ച് വർത്തമാനം പറയുന്നത് കണ്ടപ്പോൾ അകം മൊഴിഞ്ഞു- ഇടതിനാണ് കരുത്ത്. വടകര കോട്ടപ്പറമ്പിൽ പൊലീസിന്റെ ലാത്തികൊണ്ട് പൊട്ടിയ തലയിൽ നിന്നൊഴുകിയ ചോര പൊത്തിപ്പിടിച്ച് ചിരിക്കാൻ സാധിച്ചത് ഇടതിനോട് ചാരി നേടിയ ഉശിരായാണ് തോന്നിയത്.

ദാസേട്ടൻ മരിച്ചതറിഞ്ഞപ്പോൾ എന്തിന് കരഞ്ഞു എന്നറിയില്ല. വാക്കുകൾക്ക് വിറയലോടെ പ്രസംഗിക്കുന്നവരെ കേൾക്കുമ്പോൾ ഉള്ളാളും. അത് രക്താർബുദ ലക്ഷണമാണോ എന്നറിയില്ല. എം ദാസന്റെ പ്രസംഗം അങ്ങിനെയായിരുന്നു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ലൈവ് വീഡിയോവിൽ ശബ്ദത്തിന് വിറയലുണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് അക്കാര്യം പറഞ്ഞു.

കോഴിക്കോട് സിപിഎം ജില്ല കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിനകത്ത് ലൈബ്രറിയിൽ വായനയിലായിരുന്ന വേളയിലാണ് ദാസനുമായി ഒടുവിൽ സംസാരിച്ചത്. അന്ന് നൽകിയ സൂചനകൾ മനസ്സിൽ കനലായി.ചോറോട് വഴി സഞ്ചരിക്കുമ്പോൾ മനസ്സ് പറയും- ദാസന്റെ മണ്ണ്. തീവണ്ടി യാത്രകളിൽ പലതവണ കാത്തിരിപ്പു ബെഞ്ചിൽ സതിദേവിയെ കണ്ടു. പോർമുഖങ്ങളിലും.അപ്പോഴും എപ്പോഴും അവർക്ക് ഒരേയിടം-ദാസേട്ടന്റെ പെണ്ണ്.

പന്ത്രണ്ടാം നിയമസഭയിൽ അംഗമായി എറണാകുളം ലക്ഷോർ ആശുപത്രിയിൽ സത്യപ്രതിജ്ഞ ചെയ്ത മത്തായി ചാക്കോ സഭ സമ്മേളിച്ച വേളകളിലെല്ലാം ആശുപത്രിക്കിടക്കയിൽ വേദന തിന്നുകയായിരുന്നു. എസ് എഫ് ഐയിലൂടെ ഡി വൈ എഫ് ഐ നേതൃത്വത്തിലെത്തിയ ആ പ്രതിഭയിൽ കുടുംബവും പാർട്ടിയും വലിയ പ്രതീക്ഷ പുലർത്തി. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ താമരശ്ശേരി ബിഷപ്പിനെതിരെ നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തിനാണ് മത്തായി ചാക്കോയുടെ ദീപ്ത സ്മരണയേക്കാൾ പിന്നീട് വെളിച്ചം കിട്ടിയത്. ഭാര്യ: മേഴ്സി. രണ്ട് മക്കൾ

രക്താർബുദം എത്ര കഠിന വേദനയാണെന്ന് പറഞ്ഞുതന്നത് മാധ്യമപ്രവർത്തകനും സുഹൃത്തുമായ അശ്റഫ് തൂണേരിയാണ്. ആശുപത്രിക്കിടക്കയിൽ അസഹനീയ വേദനയോടെയുള്ള അനുജന്റെ 'അഷ്റഫ്ക്കാ...' വിളി അവൻ മരണത്തിന് കീഴടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും നെഞ്ചുപിളർക്കുന്ന ഓർമ്മ.

Keywords: Article, MLA, Kozhikode, Vadakara, Sooppy Vanimel, Assembly Election, Politics, Hospital, Party, March, Vehicles, CPI(M), DYFI, May 28: World Leukemia Day; Memories of two comrades.
< !- START disable copy paste -->


Post a Comment